ബഹ്റൈൻ പ്രധാനമന്ത്രിയുടെ യു.എസ് സന്ദർശനം വിജയകരമെന്ന് മന്ത്രിസഭ
text_fieldsമനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുടെ അമേരിക്കൻ സന്ദർശനം വിജയകരമായിരുന്നുവെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. ബഹ്റൈനും യു.എസും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളിലുള്ള സഹകരണക്കരാറുകളിൽ ഒപ്പുവെക്കുന്നതിനും സന്ദർശനം വഴി സാധിച്ചു. സുരക്ഷ, സൈനിക, ഐ.ടി, വ്യാപാര, നിക്ഷേപ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും സന്ദർശനം നിമിത്തമായി. സന്ദർശനത്തെ സംബന്ധിച്ച വിശദ റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ചു.
വിവിധ രാജ്യങ്ങളിലുണ്ടായ ദുരിതങ്ങളിൽ അടിയന്തര സഹായത്തിന് ആഹ്വാനംചെയ്ത രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശത്തെ കാബിനറ്റ് സ്വാഗതംചെയ്തു. ഇത്തരം സന്ദർഭങ്ങളിൽ മനുഷ്യ സാധ്യമായ സഹായങ്ങൾ ചെയ്യുന്നതിൽ ബഹ്റൈൻ മുൻ പന്തിയിലാണെന്നും കാബിനറ്റ് അഭിപ്രായപ്പെട്ടു.
ലിബിയയിലുണ്ടായ പ്രളയത്തിലും മൊറോക്കോവിലുണ്ടായ ഭൂകമ്പത്തിലും ദുരിതമനുഭവിക്കുന്നവർക്കാവശ്യമായ സഹായമെത്തിക്കുന്നതിന് ബഹ്റൈൻ ജനത മുന്നോട്ടുവരുന്ന കാഴ്ച ഏറെ സന്തോഷകരമാണ്.
ഇരുരാജ്യങ്ങളിലും ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം നേരുകയും പരിക്കേറ്റവർക്ക് ദ്രുതശമനം നേരുകയും കാണാതായവരെ പെട്ടെന്ന് കണ്ടെത്താൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഒമാനുമായി സഹകരിച്ച് യമനിൽ പൂർണ വെടിനിർത്തൽ സാധ്യമാക്കുന്നതിന് ശ്രമിക്കുന്ന സൗദിക്ക് കാബിനറ്റ് ആശംസകൾ നേർന്നു.
ശ്രമം മേഖലയുടെ സമാധാനത്തിനും സ്വസ്ഥതക്കും ഗുണകരമായി ഭവിക്കട്ടെയെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. ദേശീയ ദിനമാഘോഷിക്കുന്ന സൗദി അറേബ്യക്ക് ബഹ്റൈൻ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും ആശംസകൾ സൗദി ഭരണാധികാരികൾക്ക് നേർന്നു. രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്കും സുഭിക്ഷതയിലേക്കും നയിക്കാൻ സൗദി ഭരണാധികാരികൾക്ക് സാധ്യമാവട്ടെയെന്നും ആശംസിച്ചു. ലോക സമാധാനം സാധ്യമാക്കുന്നതിന് എല്ലാവിധ പിന്തുണയും ബഹ്റൈൻ എന്നും നൽകുമെന്ന് അന്താരാഷ്ട്ര സമാധാന ദിനത്തോടനുബന്ധിച്ച് കാബിനറ്റ് വ്യക്തമാക്കി.
വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ അതോറിറ്റികളുടെയും അർധ വാർഷിക പ്രവർത്തന സാമ്പത്തിക റിപ്പോർട്ടിന്മേൽ ചർച്ച നടന്നു. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ കെട്ടിടനിർമാണ നിബന്ധനകളെ സംബന്ധിച്ച കരട് മന്ത്രിസഭയിൽ സമർപ്പിച്ചു. കെട്ടിടനിയമങ്ങളുമായി ബന്ധപ്പെട്ട ചില വകുപ്പുകളിൽ മാറ്റം വരുത്താനുള്ള നിർദേശത്തിന് അംഗീകാരമായി.
വൈദ്യുത-ജല കാര്യ മന്ത്രാലയവും യു.എ.ഇയിലെ ഊർജ-അടിസ്ഥാന സൗകര്യ വികസന മന്ത്രാലയവും തമ്മിൽ പുനരുപയോഗ ഊർജ വിഷയത്തിൽ സഹകരണക്കരാറിൽ ഒപ്പുവെക്കാൻ കാബിനറ്റ് അംഗീകാരം നൽകി. ബഹ്റൈൻ ന്യൂസ് ഏജൻസിയും നാഷനൽ അസോസിയേറ്റഡ് പ്രസ് ഏജൻസി (അൻസ)യും തമ്മിൽ സഹകരിക്കാനുള്ള നിയമകാര്യ മന്ത്രിതല സമിതിയുടെ ശിപാർശ അംഗീകരിച്ചു.
ബഹ്റൈൻ യൂനിവേഴ്സിറ്റിയും സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയും തമ്മിൽ അക്കാദമിക, ഗവേഷണ മേഖലയിൽ സഹകരിക്കാനുമുള്ള കരടിന് കാബിനറ്റ് അംഗീകാരം നൽകി. പൊതുകാര്യങ്ങൾക്കായി വിവിധ ഭൂമികൾ അക്വയർ ചെയ്യാനുള്ള മുനിസിപ്പൽ, കാർഷിക മന്ത്രിയുടെ ബില്ലിന് അംഗീകാരമായി. ശൂറ കൗൺസിൽ, പാർലമെന്ററികാര്യ മന്ത്രിയുടെ സൗദി സന്ദർശനം, 26ാമത് ജി.സി.സി മുനിസിപ്പൽ മന്ത്രിമാരുടെ സമ്മേളനത്തിലെ പങ്കാളിത്തം, അഞ്ചാമത് ബുഡപെസ്റ്റ് ഡെമോഗ്രാഫിക് ഉച്ചകോടിയിലെ പങ്കാളിത്തം, വാണിജ്യ-വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് ജി.സി.സി രാജ്യങ്ങളിൽ നടന്ന വിവിധ സമ്മേളനങ്ങളിലെ പങ്കാളിത്തം എന്നിവയെ സംബന്ധിച്ച റിപ്പോർട്ടുകൾ സഭയിൽ അവതരിപ്പിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.