കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാൾ പദവി:കണ്ണൂർ കേന്ദ്ര സർക്കാർ നിലപാട് നിരാശജനകം
text_fieldsമനാമ: കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാൾ പദവി നൽകില്ലെന്ന കേന്ദ്ര സർക്കാറിന്റെ നിലപാട് നിരാശജനകമാണെന്ന് സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ. കഴിഞ്ഞദിവസം രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന് മന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂർ എയർപോർട്ട് വിഷയത്തിൽ ഒരുതരത്തിലും സഹകരിക്കില്ല എന്നുള്ള ഒരു മനോഭാവമാണ് മന്ത്രിക്കെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കുന്നതെന്നും സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹഖ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ പോയന്റ് ഓഫ് കാൾ ഇല്ലാതെ നിരവധി എയർപോർട്ടുകൾ ഇന്റർനാഷനൽ സർവിസുകൾ നടത്തുന്നുണ്ട്.
ഒരു എയർപോർട്ടിന്റെ മാനദണ്ഡം വിദേശ സർവിസുകളും ആഭ്യന്തര സർവിസുകളും നടത്താനുള്ള സൗകര്യമുണ്ടോ യാത്രക്കാരെ ലഭ്യമാകുമോ എന്നതായിരിക്കണം. പഞ്ചായത്തിലാണോ മെട്രോ സിറ്റിയിലാണോ സ്ഥിതി ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കരുത്. കേരളത്തിലുള്ള മറ്റ് എയർപോർട്ടുകളെ അപേക്ഷിച്ച് എല്ലാ കാര്യങ്ങളിലും മുന്നിട്ടുതന്നെ നിൽക്കുന്ന എയർപോർട്ടാണ് കണ്ണൂർ.
പല വിദേശ വിമാന കമ്പനികളും കണ്ണൂരിലേക്കും തിരിച്ചും സർവിസ് നടത്തുവാൻ തയാറാണെങ്കിലും കേന്ദ്ര സർക്കാർ നിയമനിർമാണം നടത്താത്തതിന്റെ പേരിലാണ് സേവനം തുടങ്ങാത്തത്. സേവ് കണ്ണൂർ ഇൻറർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഈ എയർപോർട്ടിനെ സംരക്ഷിക്കാനുള്ള പലവിധ ഇടപെടലുകളും നടത്തുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മറ്റ് ജി.സി.സി രാജ്യങ്ങളിലുള്ള സമാന ചിന്താഗതിക്കാരായ കൂട്ടായ്മകളോട് സഹകരിച്ച് മുന്നോട്ടുപോകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.