നിറത്തെ ചൂണ്ടി ജാതി തുപ്പുന്നു
text_fieldsസുന്ദരികളായ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമുള്ളതാണ് മോഹിനിയാട്ടമെന്ന് ഒരു നർത്തകി. അവർ അപ്രകാരം അഭിപ്രായപ്പെടാൻ കാരണമുണ്ട്. സവർണ പുരുഷ സമ്രാട്ടുകളെ കൊതിപ്പിക്കാനും ആനന്ദിപ്പിക്കാനുമുള്ള കലാരൂപമാണ് നൃത്തം വിശേഷിച്ചും മോഹിനിയാട്ടം എന്നൊരു പാഠമുണ്ട്. അപ്രകാരം ഒരു പൂർവബോധത്തിൽ ഇന്നും ജീവിക്കുന്ന ഒരു നർത്തകി. പുരാണ കഥാപാത്രമായ മോഹിനിയുടെ ധർമത്തിനൊത്ത് ആടണമെന്ന മനോഗതി സൂക്ഷിക്കുന്നവരോടെന്ത് പറയാൻ. ആധുനിക കാലത്ത് നൃത്തരൂപത്തെ എപ്രകാരം നോക്കിക്കാണണമെന്ന ബോധം അവർക്ക് നഷ്ടമായിരിക്കുന്നു. അത്തരമൊരവസ്ഥയിലേക്ക് അവരുടെ മനോനില പ്രവർത്തിക്കണമെങ്കിൽ തീർച്ചയായും എവിടെയോ ഒരു കനത്ത പ്രഹരമേറ്റിരിക്കുന്നു.
പെൺകുട്ടികളുടെ ശരീരഘടന മെച്ചപ്പെടാൻ നൃത്തവും പുരുഷ കേസരികൾക്ക് കളരിപ്പയറ്റ് തുടങ്ങിയ കായിക രൂപങ്ങളും വിധിച്ചിട്ടുള്ള കാലം പണ്ട് എന്ന് പറയുമ്പോൾ ജാത്യാലുള്ളത് തൂത്താൽ പോവില്ല എന്ന് പറയേണ്ടി വരും. ദേവദാസി സമ്പ്രദായത്തിൽ മനസ്സുകൊണ്ട് ജീവിക്കുന്നവരുടെ മനോഘടന ഏതു കാലത്തും തുടരും. അത്തരക്കാർക്ക് പിന്തുണയുമായി അധികാര കസേരകളുടെ തോഴരുണ്ടെങ്കിൽ പറയുകയും വേണ്ട. അണഞ്ഞ സ്വപ്നങ്ങളെ തെളിക്കാൻ കാവലിരിക്കുന്ന മനീഷികൾക്ക് ഉടൽ ജ്വലിക്കാതെ വരുമ്പോൾ പിന്നെ എന്താണൊരുപശാന്തി. പരമജ്ഞാനത്തിൽ മുക്കിയ അപ്സരസുകൾ എന്നഭിമാനിക്കുന്ന ഇവർ നിറത്തെ കൂടി കൂട്ടിന് വാങ്ങി. നിറമല്ല ജാതിയാണ് അവരുടെ കെടുതി. നിറത്തെ ചൂണ്ടി ജാതിയെ തുപ്പുകയാണ്. പത്മശ്രീ ജേതാവും ഒറ്റപ്പാലം കാരിയുമായ മറ്റൊരു നർത്തകിയുടെ പേരിനെ കൂടി ഇവർ അശുദ്ധമാക്കിയതിൽ നമുക്ക് ഖേദിക്കാം.
ഈ മനോവൈകൃതത്തിൽ അനവധി കാരണങ്ങൾ ഉണ്ട്. കാര്യകാരണങ്ങളിലേക്ക് ഇവിടെ ചർച്ചയില്ല. അതിന് മറ്റൊരു പാഠഭാഗം വേണ്ടിയിരിക്കുന്നു. ഇവരൊക്കെ എത്ര ഉയരങ്ങളിൽ ശോഭിച്ചാലും അവരൊഴുക്കുന്ന നിലാവെളിച്ചം വിഷം വമിപ്പിക്കുന്നതാണ്. ഇത്തരം നികൃഷ്ട ജന്മങ്ങൾക്ക് മനോരോഗ ചികിത്സ മാത്രം മതിയാവുമോ ആവോ?
ഡോ. വേണു തോന്നയ്ക്കൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.