പൊലീസ് ഒാഫിസറെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വധശിക്ഷ ശരിവെച്ചു
text_fieldsമനാമ: പൊലീസ് ഒാഫിസറെ സ്ഫോടനത്തിൽ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികളുടെ വധശിക്ഷ കസേഷൻ കോടതി ശരിവെച്ചു. 2014 ഫെബ്രുവരി 14നുണ്ടായ സംഭവത്തിൽ ഏതാനും പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. പൊലീസുകാരെ കൊല്ലപ്പെടുത്താനുള്ള ഗൂഢാലോചനയായിരുന്നു പദ്ധതിയെന്ന് അഡ്വക്കറ്റ് ജനറലും പബ്ലിക് പ്രോസിക്യൂട്ടറുടെ ടെക്നിക്കൽ ഒാഫിസ് തലവനുമായ ഹാറുൺ അൽ സയാനി പറഞ്ഞു. പബ്ലിക് സെക്യൂരിറ്റി സേനാംഗങ്ങൾക്കുനേരെ ആക്രമണം നടത്തിയ സംഘം അവരെ പുറത്തേക്ക് കൊണ്ടുപോയി സ്ഫോടനം നടത്തുകയായിരുന്നു. അബ്ദുൽ വഹീദ് സയ്യെദ് മുഹമ്മദ് എന്ന പൊലീസുകാരനാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശിക്ഷ വിധിച്ച രണ്ടുപേരെയും മറ്റ് 10 പേരെയും ചേർത്താണ് പബ്ലിക് പ്രോസിക്യൂഷൻ കുറ്റപത്രം തയാറാക്കിയത്. 2014 ഡിസംബർ 29നാണ് ഹൈ ക്രിമിനൽ കോടതി രണ്ടു പ്രതികൾക്കും വധശിക്ഷ വിധിച്ചത്. ഒരാളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. മറ്റ് ഒമ്പതു പേരെ ചില കുറ്റങ്ങൾക്ക് ആറു വർഷം തടവിന് വിധിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടുപേരും മറ്റ് എട്ടുപേരും ശിക്ഷക്കെതിരെ അപ്പീൽ നൽകി. 2015 മേയ് 27ന് അപ്പീൽ കോടതി ശിക്ഷ ശരിവെച്ചു. തുടർന്നാണ് കേസ് കസേഷൻ കോടതിയിൽ എത്തിയത്. 2015 നവംബർ 16ന് കസേഷൻ കോടതിയും ശിക്ഷ ശരിവെച്ചു. എന്നാൽ, പ്രതികളിലൊരാളുടെ മെഡിക്കൽ റിപ്പോർട്ട് കോടതി കണ്ടില്ലെന്ന കാരണത്താൽ പുനർവിചാരണ നടത്തുകയായിരുന്നു. ഇതിനൊടുവിലാണ് വീണ്ടും ശിക്ഷ ശരിവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.