ഈ ഗ്രൂപ്പിൽ രാഷ്ട്രീയം പറയാം; 24 മണിക്കൂറും
text_fieldsമനാമ: പത്ര, സമൂഹമാധ്യമങ്ങളിലൂടെ അറിയുന്ന നാട്ടിലെ കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയാണ് പ്രവാസികളെ സംബന്ധിച്ചിടത്തോളം വാട്സ്ആപ് ഗ്രൂപ്പുകൾ. സാധാരണ വാട്സ്ആപ് ഗ്രൂപ്പുകളിൽ പക്ഷേ രാഷ്ട്രീയത്തിന് നിരോധനമാണ്. കാരണം രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ പലപ്പോഴും വലിയ ശത്രുതയിലേക്കും അസഭ്യവർഷത്തിലേക്കുമൊക്കെ പോകുമെന്നതുതന്നെ. അതുകൊണ്ട് രാഷ്ട്രീയമൊഴിച്ചുള്ളതെല്ലാം ചർച്ച ചെയ്യാമെന്നതാണ് പല ഗ്രൂപ്പുകളുടെയും നിലപാട്.
എന്നാൽ, ബഹ്റൈൻ കേരള സോഷ്യൽ ഫോറം എന്ന ഗ്രൂപ്പിൽ രാഷ്ട്രീയത്തിന് വിലക്കേയില്ല. മാത്രമല്ല രാപകൽ ഭേദമില്ലാതെ 24 മണിക്കൂറും ഗ്രൂപ്പിൽ രാഷ്ട്രീയ ചർച്ച പൊടിപൊടിക്കുകയാണ്. തെരഞ്ഞെടുപ്പ് നാട്ടിലാണെങ്കിലും ആവേശം ഇവിടെയാണ്. ആരോപണ പ്രത്യാരോപണങ്ങളാൽ മുഖരിതമാണ് ഗ്രൂപ് ഏതുനേരവും. ആരോപണങ്ങൾക്ക് മറുപടിയായി ക്യാപ്സൂളുകൾ ഇടാൻ മാത്രമല്ല, സ്വന്തം നിലക്ക് പോരാടാനും തങ്ങൾക്കറിയാമെന്ന് തെളിയിച്ച സൈബർ പോരാളികളാണ് ഇവിടെയുള്ളത്. എന്നുവെച്ച് രാഷ്ട്രീയം മാത്രമല്ല ഇവിടെ ചർച്ച ചെയ്യാറുള്ളത്.
പ്രവാസ ലോകത്തിന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ആദ്യം ചർച്ചക്ക് വരുന്നത് ഇവിടെയാണ്. ജോലി നഷ്ടപ്പെട്ടവരുടെ വേദനകളും പ്രയാസങ്ങളും ഗ്രൂപ് അംഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അത് പരിഹരിക്കാനുള്ള കൂട്ടായ ശ്രമം ഉണ്ടാകുമെന്ന കാര്യം ഉറപ്പ്.
തൊഴിൽ പ്രശ്നങ്ങളിൽ പെട്ടുഴലുന്നവരുടെ കാര്യത്തിൽ, നിയമക്കുരുക്കുകളിൽ പെടുന്നവരുടെ കാര്യത്തിൽ, ഒക്കെ രാഷ്ട്രീയത്തിന്റെയോ വിശ്വാസത്തിന്റെയോ പരിഗണനയില്ലാതെ നീതി ലഭ്യമാക്കാൻ ഗ്രൂപ് അംഗങ്ങൾ ഒറ്റക്കെട്ടാണ്.
രോഗം വന്ന് കഷ്ടതയനുഭവിക്കുന്നവരുടെ കാര്യത്തിൽ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും മറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുമൊക്കെ മുൻപന്തിയിൽ ഗ്രൂപ്പിലെ അംഗങ്ങൾ സദാ സന്നദ്ധരായുണ്ട്.
സ്വന്തം ജോലിയും ബിസിനസുമൊക്കെ മാറ്റിവെച്ച് ഏത് പാതിരാക്കും പറന്നെത്താൻ ഇവർ ഉത്സുകരുമാണ്. വ്യത്യസ്ത രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരും സംഘടനകളുടെ നേതാക്കളുമൊക്കെയാണ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ളത്.
ഹാരിസ് പഴയങ്ങാടി കൺവീനറായ 20 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഔദ്യോഗിക ഭാരവാഹികളില്ല, എല്ലാവരും തുല്യ ഉത്തരവാദിത്തമുള്ളവരാണ് എന്നതാണ് അതിന് കാരണം. ഈദ് ദിനത്തിൽ ഇന്ത്യൻ ക്ലബിൽ നടത്തിയ സംഗീതപരിപാടി ബി.കെ.എസ്.എഫിന്റെ കൂട്ടായ്മയുടെയും കെട്ടുറപ്പിന്റെയും തെളിവായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഫോറത്തിന് നേതൃത്വം നൽകുന്ന പലരും നാട്ടിലേക്ക് പോയിക്കഴിഞ്ഞു. പക്ഷേ, ലോകത്തെവിടെയാണെങ്കിലും ഗ്രൂപ്പിലെ രാഷ്ട്രീയ പോരാട്ടങ്ങളും സംവാദങ്ങളും തുടരുക തന്നെ ചെയ്യുമെന്ന കാര്യം ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.