മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനം; സ്വാഗതം ചെയ്ത് മന്ത്രിസഭ
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഈസാ ആൽ ഖലീഫയുടെ ക്ഷണപ്രകാരം ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. സഹവർത്തിത്വത്തിന്റെയും സഹകരണത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശമാണ് ബഹ്റൈൻ ഉയർത്തിപ്പിടിക്കുന്നത്. ഇത് കൂടുതൽ ശക്തമാക്കുന്നതിന് മാർപാപ്പയുടെ സന്ദർശനം ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സഹവർത്തിത്വത്തിലൂന്നിയുള്ള സമാധാനം ഉറപ്പ് വരുത്തുന്നതിനും ബഹ്റൈൻ എന്നും പ്രതിജ്ഞാബദ്ധമാണ്. മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് 'മാനവിക സൗഹൃദത്തിന് കിഴക്കും പടിഞ്ഞാറും' എന്ന പ്രമേയത്തിൽ പ്രത്യേക കോൺഫറൻസ് സംഘടിപ്പിക്കുന്നതിനെയും സ്വാഗതം ചെയ്തു.
ഫോറത്തിൽ ശൈഖുൽ അസ്ഹർ ഡോ. അഹ്മദ് അത്ത്വയ്യിബ് അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. വിവിധ മതങ്ങൾ, സംസ്കാരങ്ങൾ എന്നിവക്കിടയിൽ അടുപ്പവും സൗഹൃദവും സ്ഥാപിക്കാൻ കാലങ്ങളായി ബഹ്റൈൻ മുന്നിലുണ്ടെന്നും മന്ത്രിസഭ വിലയിരുത്തി.
നടപ്പുവർഷം 24,444 സ്വദേശികൾക്ക് തൊഴിൽ നൽകാൻ സാധിച്ചതായി തൊഴിൽമന്ത്രി അവതരിപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി. 2024 വരെ വർഷം തോറും 20,000 വീതം സ്വദേശികൾക്ക് തൊഴിൽ നൽകാനായിരുന്നു തീരുമാനം. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ സാധിച്ചത് നേട്ടമാണെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. 10,000 പേർക്ക് വർഷം തോറും തൊഴിൽ പരിശീലനം നൽകുന്നതിനും ലക്ഷ്യമിട്ടിരുന്നു.
ഇതുവരെ 8,879 പേർക്ക് പരിശീലനം നൽകാൻ കഴിഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോക ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ബഹ്റൈനിലെ മുഴുവൻ ഡോക്ടർമാർക്കും കാബിനറ്റ് ആശംസകൾ നേർന്നു. ഗുജറാത്തിൽ തൂക്കുപാലം തകർന്നു വീണ് നിരവധി പേർക്ക് ജീവഹാനിയുണ്ടായ സംഭവത്തിൽ ഇന്ത്യൻ ഭരണാധികാരികൾക്കും ജനതക്കും മന്ത്രിസഭ അനുശോചനം നേർന്നു. കൊറിയൻ തലസ്ഥാനത്ത് തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് ജീവൻ പൊലിഞ്ഞ സംഭവത്തിലും ദുഃഖം രേഖപ്പെടുത്തി.
സ്വകാര്യ മേഖലയുമായി സഹകരിച്ച് സർക്കാർ ആശുപത്രികളുടെ നവീകരണ പദ്ധതി നടപ്പാക്കുന്നതിനുള്ള നിർദേശം കാബിനറ്റ് അംഗീകരിച്ചു. വ്യവസായിക ഉൽപന്നങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ജി.സി.സി രാജ്യങ്ങളിലെ വ്യവസായിക സഹകരണ കൗൺസിലിന്റെ തീരുമാനത്തിനും അംഗീകാരം നൽകി. ടെലികോം, വിവര സാങ്കേതിക വിദ്യ എന്നിവയുടെ മെച്ചപ്പെട്ട ഉപയോഗം സാധ്യമാക്കുന്നതിന് വിദ്യാർഥികളെയും അധ്യാപകരെയും സജ്ജമാക്കാൻ വിദ്യാഭ്യാസ മന്ത്രാലയവും മൈക്രോസോഫ്റ്റും തമ്മിൽ സഹകരണക്കരാറിൽ ഏർപ്പെടുന്നതിനുള്ള നിർദേശത്തിന് അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.