മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനം സമാധാനത്തിനും ഐക്യത്തിനുമുള്ള രാജ്യത്തിന്റെ നിലപാടിന് കരുത്തേകും -സിസ്റ്റർ റോസ്ലിൻ തോമസ്
text_fieldsമനാമ: ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം ലോകത്ത് സമാധാനവും സഹവർത്തിത്വവും സൗഹൃദവും സാധ്യമാക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് കരുത്തുപകരുമെന്ന് സേക്രഡ് ഹാർട്ട് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്ലിൻ തോമസ് പറഞ്ഞു. ബഹ്റൈൻ ന്യൂസ് ഏജൻസിയോട് സംസാരിക്കുകയായിരുന്നു അവർ. ബഹ്റൈനിലേക്കുള്ള മാർപാപ്പയുടെ സുപ്രധാനവും ചരിത്രപരവുമായ സന്ദർശനമാണിത്. സമാധാനപരമായ സഹവർത്തിത്വത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമെന്ന നിലയിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. സേക്രഡ് ഹാർട്ട് സ്കൂളിൽ നവംബർ അഞ്ചിന് വൈകീട്ട് നടക്കുന്ന പരിപാടിയിൽ മാർപാപ്പ യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പരിപാടിയിൽ പങ്കെടുക്കും. ലോകമെമ്പാടുമുള്ള യുവജനങ്ങളിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം എത്തിക്കുകയാണ് മാർപാപ്പ ലക്ഷ്യമിടുന്നത്.
സമ്മേളനത്തിനെത്തുന്ന മാർപാപ്പയെ ഗായകസംഘത്തിന്റെ ഗാനാലാപനത്തോടെ സ്വാഗതം ചെയ്യും. തുടർന്ന് ലോകത്തിൽ സമാധാനത്തിനായുള്ള പ്രാർഥനഗാനം ആലപിക്കും. ബഹ്റൈന്റെ സംസ്കാരം ഉയർത്തിക്കാട്ടുന്ന നൃത്തവും അവതരിപ്പിക്കും. തുടർന്ന് മാർപാപ്പ യുവജനങ്ങളോട് സംസാരിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. നീതിയും സമാധാനവും എന്ന വിഷയത്തിലുള്ള ഗാനാലാപനത്തോടെയാണ് പരിപാടി സമാപിക്കുക.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ച യുവജനങ്ങളുടെ ലോകത്തോടുള്ള വീക്ഷണം കൂടുതൽ പ്രകാശപൂരിതമാക്കുമെന്നും അവരിൽ പ്രത്യാശ വളർത്തുമെന്നും പ്രതീക്ഷിക്കുന്നതായി സിസ്റ്റർ പറഞ്ഞു. സ്കൂൾ ജീവനക്കാരും വിദ്യാർഥികളും മാർപാപ്പയെ കാണാനുള്ള ആവേശത്തിലാണെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.