തീപിടിത്ത സാധ്യത; ജാഗ്രത വേണം
text_fieldsമനാമ: വേനൽ കടുക്കുന്ന സാഹചര്യത്തിൽ തീപിടിത്ത സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ഭവന, നഗരാസൂത്രണ മന്ത്രാലയം. സുരക്ഷക്കുവേണ്ടി പുതിയ മാർഗനിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഓരോ ദിവസവും താപനില ഉയരുകയാണെന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ അതീവ ശ്രദ്ധപുലർത്തണമെന്നാണ് നിർദേശം. കെട്ടിടങ്ങളിലെ വയറിങ്ങിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തണം.
ഇലക്ട്രിക്കൽ കണക്ഷനുകളും ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ ബോർഡും ഇടക്കിടെ പരിശോധിക്കണം. എയർ കണ്ടീഷണറുകൾ പോലുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, അവ നന്നായി പരിപാലിക്കപ്പെടുന്നുണ്ടെന്നും ഇലക്ട്രിസിറ്റിയും വാട്ടർ അതോറിറ്റിയും നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ വയറിങ്ങും കേബ്ളുകളും പരിശോധിക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. ആവശ്യമില്ലെങ്കിൽ ഇലക്ട്രിക് എക്സ്റ്റൻഷനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
ഉപയോഗിക്കുകയാണെങ്കിൽ, അവ ഉയർന്ന നിലവാരമുള്ളതാണെന്ന് ഉറപ്പാക്കണം.
തീപിടിത്തമുണ്ടായാൽ ജീവൻ രക്ഷിക്കാൻ കഴിയുന്ന സുരക്ഷ മുൻകരുതലുകളും നിർദേശിച്ചിട്ടുണ്ട്. സ്മോക്ക് ഡിറ്റക്ടറുകളും ഹീറ്റ് ഡിറ്റക്ടറുകളും സ്ഥാപിക്കുകയും അവ ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.സൈക്കിളുകൾ, മറ്റ് വസ്തുക്കൾ എന്നിവ ഇടുന്നതുമൂലം ഇടനാഴികളിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടരുത്. അടിയന്തരഘട്ടങ്ങളിൽ അത് ബുദ്ധിമുട്ടാക്കും. വാതിലുകളിൽ അനാവശ്യ പൂട്ടുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണം.
ഗോവണിയിലേക്ക് നയിക്കുന്ന വാതിലുകൾ പൂട്ടുന്നത് ഒഴിവാക്കുക, തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
ദാർ കുലൈബിൽ ഞായറാഴ്ചയുണ്ടായത് ഉൾപ്പെടെ, കഴിഞ്ഞ മാസം നിരവധി തീപിടിത്തങ്ങൾ ഉണ്ടായി. ദുറാസിൽ തീപിടിത്തമുണ്ടായിരുന്നു. രണ്ട് സംഭവങ്ങളും അശ്രദ്ധ മൂലമാണെന്നാണ് കണ്ടെത്തിയത്. മേയ്18 ന്, സതേൺ ഗവർണറേറ്റിലെ സ്ക്രാപ് യാർഡിൽ തീപിടിത്തത്തെത്തുടർന്ന് 16 പേരെ ഒഴിപ്പിച്ചിരുന്നു. 11ന്, അൽ ലൂസിയിലെ എട്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചു. സംഭവത്തിൽ 52 പേരാണ് ഭവനരഹിതരായത്.ഗ്യാസ് സിലിണ്ടറുകൾക്ക് തീപിടിക്കുന്നത് ചൂടുകാലത്ത് സാധാരണമാണ്.
പലപ്പോഴും ശ്രദ്ധക്കുറവാണ് അപകട കാരണമാകുന്നത്. ഗ്യാസ് സിലിണ്ടറുകൾ സ്ഥിരമായി പരിശോധിക്കുന്നതും വാതക ചോർച്ച ഇല്ലെന്ന് ഉറപ്പുവരുത്തുന്നതും അപകടം ഒഴിവാക്കാൻ സഹായിക്കും. അറ്റകുറ്റപ്പണി ആവശ്യമാണെങ്കിൽ ഉടൻ ചെയ്യുകയാണ് വേണ്ടതെന്നും മുന്നറിയിപ്പുണ്ട്. ഗ്യാസ് സിലിണ്ടറും പൈപ്പുകൾ, ഹോസുകളും, വാൽവുകളും ഇടക്കിടെ പരിശോധിക്കേണ്ടത് പ്രാധാന്യമുള്ളതാണെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.