പാർക്കുകളിലും ഗാർഡനുകളിലും പുതിയ റസ്റ്റാറന്റുകൾക്ക് സാധ്യത
text_fieldsമനാമ: പൊതു പാർക്കുകളിലും ഗാർഡനുകളിലും പുതിയ റസ്റ്റാറന്റുകളും കഫേകളും തുറക്കാൻ സാധ്യത തെളിയുന്നു. രാജ്യത്തെ സംരംഭകർക്ക് ഇതൊരു സുവർണാവസരമായിരിക്കുമെന്നാണ് സതേൺ മുനിസിപ്പൽ കൗൺസിലിന്റെ വിലയിരുത്തൽ. പച്ചപ്പും കടൽഭംഗിയും ആസ്വദിച്ച് ഉല്ലസിക്കാനും ഭക്ഷണം കഴിക്കാനും കുടുംബങ്ങൾ വലിയ താൽപര്യം കാണിക്കുന്നുണ്ട്.
അതുകൊണ്ട് റസ്റ്റാറന്റുകളും കഫേകളും തുറക്കാൻ അനുമതി നൽകാമെന്നാണ് കൗൺസിലിന്റെ അഭിപ്രായം. സതേൺ ഗവർണറേറ്റിലെ ഏറ്റവും വലിയ ഗാർഡനായ റിഫയിലെ ഖലീഫ അൽ കുബ്ര ഗാർഡനിൽ റസ്റ്റാറന്റുകളും കഫേകളും തുടങ്ങാനുള്ള കൗൺസിലിന്റെ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അഹമ്മദ് അൽ അബ്ദുല്ലയുടെ നിർദേശം കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചു.
കുട്ടികളെ സവാരിക്ക് കൊണ്ടുപോകാനും ജോഗിങ് ചെയ്യാനും ആഗ്രഹിക്കുന്ന ആളുകൾ ഭക്ഷണം കഴിക്കാനും ഈ അവസരം ഉപയോഗിക്കുന്നുണ്ട്.
മാളുകളിൽനിന്നോ ഷോപ്പിങ് സെന്ററുകളിൽനിന്നോ വാണിജ്യ സമുച്ചയങ്ങളിൽനിന്നോ കിട്ടാത്ത ശുദ്ധവായുവും പച്ചപ്പും പാർക്കുകളിൽ ലഭിക്കും. ആ പശ്ചാത്തലത്തിലിരുന്ന് ഭക്ഷണവും പാനീയങ്ങളും ആസ്വദിക്കുന്നത് പുതിയ അനുഭവമായിരിക്കും. പാർക്കുകളിലെ സ്ഥലങ്ങൾ സംരംഭകർക്ക് പാട്ടത്തിന് നൽകുന്നത് മുനിസിപ്പാലിറ്റികളുടെ വരുമാനം വർധിപ്പിക്കാനും ഇടയാക്കും.
ഹിദ്ദിലെ പ്രിൻസ് ഖലീഫ ബിൻ സൽമാൻ പാർക്ക്, ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിന് സമീപമുള്ള അറാദ് ബേ എന്നിവ ഇതിനനുയോജ്യമാണ്. ടൂറിസം വികസനത്തിനും പുതിയ നീക്കം ആക്കംകൂട്ടുമെന്ന് മുനിസിപ്പൽ കൗൺസിലർമാർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.