പി.വി.അൻവർ ആളിക്കത്തുന്ന മെഴുകുതിരി മാത്രം -പി.പി. സുനീർ എം.പി
text_fieldsമനാമ: നിരവധി കേസുകളിലെ പ്രതിയും സാമ്പത്തിക തട്ടിപ്പടക്കം കേസുകളിൽ ആരോപണ വിധേയനുമായ പി.വി. അൻവർ എം.എൽ.എയുടെ സി.പി.ഐക്കെതിരായ ആക്ഷേപങ്ങൾ അവഗണനാർഹമാണെന്നും ജനം പുച്ഛിച്ചു തള്ളുമെന്നും സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറിയും രാജ്യസഭാംഗവുമായ പി.പി. സുനീർ. പി.വി. അൻവർ അവസാനസമയത്ത് ആളിക്കത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരി മാത്രമാണ്. മാധ്യമങ്ങൾ ഗൗനിക്കാതാവുന്നതോടെ അത് അണയും. തനിക്കെതിരായി അദ്ദേഹമുന്നയിച്ച ആരോപണങ്ങളെ ഗൗരവത്തിലെടുക്കുന്നില്ലെന്നും സുനീർ ബഹ്റൈനിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സീറ്റ് വിറ്റു എന്ന ആരോപണം അൻവർ 2011ൽ സി.പി.ഐ സംസ്ഥാന സെക്രട്ടറിയും ഏവർക്കും സ്വീകാര്യനുമായിരുന്ന സി.കെ. ചന്ദ്രപ്പനെതിരെ ഉന്നയിച്ചതാണ്. അന്ന് മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നെങ്കിലും സി.കെ. ചന്ദ്രപ്പൻ അന്തരിച്ചതോടെ അതിന്റെ തുടർ നടപടികളുണ്ടായില്ല.
ഇപ്പോഴുന്നയിച്ചിരിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് സമയം കളയാൻ സി.പി.ഐയില്ല. അൻവറിനെപ്പോലുള്ളവർക്ക് സ്ഥാനം നൽകി അവരെ വളർത്തുന്നത് ശരിയാണോ എന്ന് ഇടതുപാർട്ടികൾ ഗൗരവമായി ചിന്തിക്കണം. കോൺഗ്രസ് വിട്ടു വരുന്ന ഡോ. സരിൻ നിലപാടുള്ള രാഷ്ട്രീയ പ്രവർത്തകനാണെന്നും അദ്ദേഹത്തെ പി.വി. അൻവറുമായി താരതമ്യം ചെയ്യാനാവില്ലെന്നും ചോദ്യത്തിനുത്തരമായി പി.പി. സുനീർ പറഞ്ഞു.
തൃശൂർ പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച് സി.പി.ഐക്ക് വ്യക്തമായ നിലപാടുണ്ട്. എ.ഡി.ജി.പി അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന സി.പി.ഐയുടെ ആവശ്യം സർക്കാറിനെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിഞ്ഞു. ഇക്കാര്യത്തിൽ സി.പി.ഐ നേതാവ് വി.എസ്. സുനിൽ കുമാറിന്റെ നിലപാടു തന്നെയാണ് പാർട്ടിക്കുള്ളത്. റായ്ബറേലിയിലും വയനാട്ടിലും ഒരുമിച്ച് മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ സി.പി.ഐ എതിർത്തിരുന്നു.
വയനാട് ഉപതെരഞ്ഞെടുപ്പ് ഈ പ്രത്യേക ഘട്ടത്തിൽ അനിവാര്യമായത് ആ തെറ്റായ തീരുമാനം കൊണ്ടാണ്. മാറിയ സാഹചര്യത്തിൽ വയനാട് സി.പി.ഐ സ്ഥാനാർഥി വിജയിക്കും. ഇടതു മുന്നണിക്കെതിരായ ആസൂത്രിത പ്രചാരണങ്ങളെ തള്ളി, ജനം വീണ്ടും എൽ.ഡി.എഫിനെ അധികാരത്തിലെത്തിക്കും.
കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാർ പദവി ലഭിക്കുന്നതിനുവേണ്ടിയുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രവാസികൾക്ക് അനുകൂലമായ നിരവധി കാര്യങ്ങൾ ചെയ്ത സംസ്ഥാന സർക്കാറാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്ത സമ്മേളനത്തിൽ ജി.എസ്. ജയലാൽ എം.എൽ.എ, എക്സ്പാറ്റ് പ്രിന്റ് ഹൗസ് ഡയറക്ടർമാരായ തങ്കച്ചൻ വിതയത്തിൽ, ശ്രീജിത്ത് മൊകേരി, ബാബു ഗോകുലം, ബഹ്റൈൻ നവകേരള പ്രസിഡന്റ് എൻ.കെ. ജയൻ,സെക്രട്ടറി എ. കെ സുഹൈൽ, കോഓർഡിനേഷൻ സെക്രട്ടറി ഷാജി മൂത്തല എന്നിവർ പങ്കെടുത്തു.
എക്സ്പാറ്റ് പ്രിന്റ് ഹൗസ് രണ്ടാംഘട്ട വികസനത്തിലേക്ക്
മനാമ: പ്രവാസികളുടെ ഉന്നമനത്തിനായി രൂപവത്കരിച്ച എക്സ്പാറ്റ് പ്രിന്റ് ഹൗസ് എന്ന കമ്പനി ശക്തമായി മുന്നോട്ടുപോകുകയാണെന്ന് അതിന്റെ മാനേജിങ് ഡയറക്ടർ കൂടിയായ പി.പി. സുനീർ പറഞ്ഞു. തിരുവനന്തപുരം കഴക്കൂട്ടത്ത് കിൻഫ്രയിലാണ് പ്രവാസികളൂടെ നേതൃത്വത്തിൽ എക്സ്പാറ്റ് പ്രിന്റ് ഹൗസ് പ്രവർത്തിക്കുന്നത്.
നിരവധി പത്രങ്ങളുടെ പ്രിന്റിങ് അടക്കം ഏറ്റെടുത്തുകൊണ്ട് സ്ഥാപനം മുന്നേറുകയാണ്. രണ്ടാം ഘട്ട വികസനമാണ് ഇപ്പോൾ നടക്കുന്നത്. നാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസികൾക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.