പ്രശാന്ത് നാരായണൺ മടങ്ങി; ബഹ്റൈനിലെ അരങ്ങ് എന്ന സ്വപ്നം ബാക്കിയാക്കി
text_fieldsമനാമ: എം.ടിയുടെ രചനകളെയും കഥാപാത്രങ്ങളെയും ആധാരമാക്കി ‘മഹാസാഗരം’ എന്ന നാടകത്തിന്റെ ബഹ്റൈനിലെ അവതരണം എന്ന സ്വപ്നം ബാക്കിയാക്കിയാണ് 30 വർഷക്കാലമായി നാടകരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശാന്ത് നാരായണൻ അരങ്ങൊഴിഞ്ഞത്. 2018ൽ ബഹ്റൈനിൽ നാടകാവതരണം നടത്താനുള്ള എല്ലാ ഒരുക്കവും പൂർത്തിയായിരുന്നു.
ബഹ്റൈനിലെ നാടക കലാകാരൻമാരെ മാത്രം അണിനിരത്തി കേരളീയ സമാജം ഹാളിൽ റിഹേഴ്സലടക്കം പൂർത്തിയാക്കുകയും ചെയ്തു. അപ്രതീക്ഷിതമായി കേരളത്തിൽ വെള്ളപ്പൊക്കമുണ്ടായതോടെയാണ് നാടകാവതരണം നടക്കാതെ പോയത്. സമാജം ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വേദിയായി മാറുകയും ചെയ്തതോടെ നാടകാവതരണം ഉപേക്ഷിച്ച് പ്രശാന്ത് നാട്ടിലേക്ക് മടങ്ങി. അന്ന് നാടകാവതരണം നടക്കാതെ പോയത് പ്രശാന്ത് നാരായണനെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖകരമായിരുന്നെന്ന് നാടകത്തിൽ വെളിച്ചപ്പാടിന്റെ വേഷം അഭിനയിച്ചിരുന്ന രാജീവ് വെള്ളിക്കോത്ത് അനുസ്മരിക്കുന്നു. ‘മഹാസാഗരം’ വീണ്ടും ബഹ്റൈനിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പ്രശാന്ത് നാരായണന്റെ അപ്രതീക്ഷിത വേർപാട്. 2018ലെ നാടക ക്യാമ്പിലുണ്ടായിരുന്ന ബഹ്റൈനിലെ കലാകാരൻ വിനോദ് ദേവന് ‘മഹാസാഗരം’ നാട്ടിൽ അരങ്ങേറിയപ്പോൾ അഭിനയിക്കാൻ അവസരം ലഭിച്ചു.
എം.ടിയുടെ നവതിയോടനുബന്ധിച്ച് കൊച്ചി ലെ മെറീഡിയനിൽ വെള്ളിയാഴ്ചയായിരുന്നു അവതരണം. എം.ടിയോടൊപ്പം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ സാന്നിധ്യവും ലെ മെറീഡിയനിലുണ്ടായിരുന്നു. ഭ്രാന്തൻ വേലായുധൻ, അസുരവിത്തിലെ കുഞ്ചരക്കൻ എന്നീ കഥാപാത്രങ്ങളെയാണ് താൻ അവതരിപ്പിച്ചതെന്നും തന്റെ അഭിനയത്തെ പ്രശാന്ത് നാരായണൻ, പ്രശംസിച്ചതായും വിനോദ് ദേവൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ബുധനാഴ്ച ഫോണിൽ സംസാരിക്കുമ്പോൾ പുതുതായി ചെയ്യുന്ന ‘പെൻസിൽ’ എന്ന സോളോ നാടകത്തിൽ വേഷം നൽകുമെന്ന് പറഞ്ഞിരുന്നതായും വിനോദ് ദേവൻ അനുസ്മരിച്ചു.
എം.ടിയുടെ കൃതികളായ നാലുകെട്ട്, കുട്ട്യേടത്തി, വളർത്തുമൃഗങ്ങൾ, ഇരുട്ടിന്റെ ആത്മാവ്, കാലം, മഞ്ഞ്, ഗോപുരനടയിൽ, ദയ, രണ്ടാമൂഴം, ഒരു വടക്കൻ വീരഗാഥ, നിർമാല്യം, അസുരവിത്ത് എന്നിവയിലെ കഥാപാത്രങ്ങളെ കോർത്തിണക്കിയാണ് ‘മഹാസാഗരം’ അവതരിപ്പിച്ചത്. മുപ്പതോളം നാടകങ്ങൾ രചിക്കുകയും അറുപതിൽപരം നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള പ്രശാന്ത് നാരായണൻ 2008ൽ മോഹൻലാലിനെയും മുകേഷിനെയും ഉൾപ്പെടുത്തി ചെയ്ത ‘ഛായാമുഖി’ ശ്രദ്ധേയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.