പ്രതിഭ അന്തർദേശീയ നാടക അവാർഡ് സതീഷ് കെ. സതീഷിന്
text_fieldsമനാമ: ബഹ്റൈൻ പ്രതിഭ രണ്ടാമത് അന്തർദേശീയ നാടക അവാർഡായ പപ്പൻ ചിരന്തന പുരസ്കാരം, സതീഷ് കെ. സതീഷിന് ലഭിച്ചു. അദ്ദേഹം രചിച്ച ‘ബ്ലാക്ക് ബട്ടർ ഫ്ലൈ’ എന്ന നാടകമാണ് പുരസ്കാരത്തിനർഹനാക്കിയത്. വർഷങ്ങളായി നാടകരംഗത്തുള്ള അദ്ദേഹം കോഴിക്കോട് സ്വദേശിയാണ്.
കേരളത്തിലും പ്രവാസലോകത്തിലും തന്റെ അടങ്ങാത്ത നാടകദാഹവുമായി പ്രവർത്തിച്ച കലാകാരനായ പപ്പൻ ചിരന്തനയുടെ സ്മരണക്കായാണ് അവാർഡ് ഏർപ്പെടുത്തിയത്. സംവിധായകനായും നടനായും നിന്ന് ബഹ്റൈൻ പ്രതിഭയുടെ അനവധി നാടകങ്ങളെ ചുമലിലേറ്റി വിജയിപ്പിച്ച അത്യുജ്ജ്വല നാടക കലാകാരനായിരുന്നു പപ്പൻ ചിരന്തനയെന്ന് പ്രതിഭ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
25,000 രൂപയും സര്‍ട്ടിഫിക്കറ്റും പ്രതിഭ നാടകവേദി പ്രത്യേകം തയാറാക്കിയ ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത കവിയും സാഹിത്യകാരനുമായ പ്രഫ. കെ. സച്ചിദാനന്ദന് ചെയര്‍മാനും ഡോ. സാംകുട്ടി പട്ടംകരി അംഗവുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. സമ്മാനം ഡിസംബറില്‍ കേരള സാംസ്കാരിക മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന പ്രത്യേക ചടങ്ങില്‍ സമ്മാനിക്കും. 2021നുശേഷം രചിച്ച പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കപ്പെടാത്തതുമായ മൗലികമായ മലയാള നാടകരചനകളാണ് അവാര്‍ഡിനായി ക്ഷണിച്ചത്. കേരള നാടകവേദിയിലെ അറിയപ്പെടുന്ന മികച്ച നാടക എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ അയച്ച 46 നാടകരചനകളില്നിന്നാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്താണ് വാര്‍ത്തസമ്മേളനത്തില്‍ പുരസ്കാരജേതാവിനെ പ്രഖ്യാപിച്ചത്. ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ, നാടകവേദിയുടെ ചുമതലയുള്ള രക്ഷാധികാരി സമിതി അംഗം എന്‍.കെ. വീരമണി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.