സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് പ്രവാസലോകം
text_fieldsമനാമ: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ നടുങ്ങി ബഹ്റൈൻ പ്രവാസികളും. സൽമാനിയയിലെ പ്രതിഭ സെന്ററിൽ എത്തി വിവിധ സംഘടനയിലെയും സാംസ്കാരിക രംഗത്തെയും പ്രമുഖർ യെച്ചൂരിയെ അനുസ്മരിച്ചു.
അനുശോചനയോഗത്തിൽ പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം കെ.പി. അനിൽ സ്വാഗതം ആശംസിച്ചു. പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ അധ്യക്ഷതവഹിച്ചു അനുശോചന പ്രമേയം പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് അവതരിപ്പിച്ചു. വർഗീയതക്കെതിരെ ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങളെ ഒന്നിച്ച് ചേർത്ത് ഐക്യത്തിന്റെ പാത വെട്ടിത്തെളിയിക്കാനും ദേശീയതലത്തിൽ ഇൻഡ്യ കൂട്ടായ്മ സംഘടിച്ചിക്കാനും നിർണായക നേതൃത്വം കൊടുത്തതും യെച്ചൂരി ആയിരുന്നെന്ന് പ്രസംഗകൾ അഭിപ്രായപ്പെട്ടു.
മികച്ച മാർക്സിസ്റ്റ് സൈദ്ധാന്തികൻ കൂടിയായ അദ്ദേഹം രാജ്യത്തും ലോകത്താകെയും ഉയർന്നുവരുന്ന പ്രശ്നങ്ങളിൽ ദിശാബോധത്തോടുകൂടിയ നിലപാടുകൾ സ്വീകരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർഥി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ് എസ്.എഫ്.ഐയെ അഖിലേന്ത്യാ ശക്തിയാക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്.
ഭാര്യയുടെ ശമ്പളത്തിലാണ് താൻ സാമ്പത്തികമായി ജീവിക്കുന്നതെന്ന് പറയാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹമെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി.
നവകേരള നേതാക്കളായ ഷാജി മുതല, ജേക്കബ് ജോർജ്, എസ്.വി. ബഷീർ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഇ.വി. രാജീവൻ, ഒ.ഐ.സി.സി നേതാവ് ബിനു കുന്നന്താനം, പി.പി.എഫ് പ്രസിഡന്റ് ഇ.എ. സലിം, എസ്.എൻ.സി.എസ് ചെയർമാൻ സനീഷ്, കെ.എം.സി.സി നേതാക്കളായ ഗഫൂർ കൈപ്പമംഗലം.
റഫീഖ് തോട്ടക്കര, ബഹ്റൈൻ ഐ.എം.സി.സി പ്രതിനിധി മൊയ്തീൻ പുളിക്കൽ, സാമൂഹ്യ പ്രവർത്തകൻ റഫീഖ് അബ്ദുല്ല, പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ എ.വി. അശോകൻ, ഷീബ രാജീവൻ, എൻ.കെ. വീരമണി, റാം, ഷെരീഫ് കോഴിക്കോട്, ലിവിൻ കുമാർ, കൃഷ്ണകുമാർ, വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് തുടങ്ങിയവരും സംസാരിച്ചു.
യെച്ചൂരി മതേതരത്വത്തിനുവേണ്ടി പൊരുതിയ നേതാവ് -ബഷീർ അമ്പലായി
മനാമ: മതേതരത്വത്തിന് വേണ്ടി പൊരുതുകയും ഇന്ത്യയുടെ പുനർനിർമാണത്തിന് വേണ്ടി പ്രയത്നിക്കുകയും ചെയ്ത കറയില്ലാത്ത കമ്യൂണിസ്റ്റ് നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി. അദ്ദേഹത്തിന്റെ വിടവ് ഇൻഡ്യ മുന്നണിക്ക് തീരാനഷ്ടമാണെന്നും അമ്പലായി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.