അടുത്ത ആഴ്ച മുതൽ പരിശോധന ഉൗർജിതമാക്കും
text_fieldsമനാമ: മുഹറഖിലും മനാമയിലുമുള്ള അപകടകരമായ കെട്ടിടങ്ങളിലെ അനധികൃത ലേബർ അക്കമഡേഷനുകൾക്കെതിരെ അടുത്ത ആഴ്ച മുതൽ ശക്തമായ നടപടി സ്വീകരിക്കും. ഇതിനായി ചുമതലപ്പെട്ട സർക്കാർ സമിതികൾ കാപിറ്റൽ ട്രസ്റ്റീസ് ബോർഡും മുഹറഖ് മുനിസിപ്പൽ കൗൺസിലുമായി ചേർന്ന് പരിശോധന നടത്തും. ലേബർ ക്യാമ്പുകളിലെ സൗകര്യങ്ങൾ, വൃത്തി, ആരോഗ്യ^സുരക്ഷ മാനദണ്ഡങ്ങൾ എന്നിവയാണ് പരിശോധിക്കുക. രാജ്യത്ത് 3,000 ത്തോളംകെട്ടിടങ്ങൾ ലേബർ അക്കമഡേഷനുകളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഒന്നര ലക്ഷത്തോളം പേർ താമസിക്കുന്നതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു.ഇതിന് പുറമെയാണ് അനധികൃതമായി തൊഴിലാളികളെ കെട്ടിടങ്ങളിൽ കൂട്ടമായി പാർപ്പിച്ചിരിക്കുന്നത്. പലയിടത്തും പഴയ കെട്ടിടങ്ങൾ ലേബർ ക്യാമ്പുകളാക്കി മാറ്റിയിരിക്കുകയാണ്. തൊഴിലാളികളെ മനുഷ്യരായി പരിഗണിക്കണമെന്നും അവർ ഇടുങ്ങിയ ഇടങ്ങളിൽ കഴിയേണ്ട ക്ഷുദ്രജീവികളെല്ലെന്നും മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് അൽ സിനാൻ പറഞ്ഞു.
പ്രാദേശിക പത്രവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 80പേർക്ക് താമസിക്കാൻ സൗകര്യമുള്ളയിടത്ത് 200 പേരെ വരെയാണ് പാർപ്പിക്കുന്നത്. ഇതുസംബന്ധിച്ച നിയമങ്ങൾ ലംഘിച്ചാണ് ഇങ്ങനെ ആളുകളെ കൂട്ടമായി പാർപ്പിക്കുന്നത്.ആളുകൾ തിങ്ങിപ്പാർക്കുന്ന റൂമിൽ മതിയായ എയർകണ്ടീഷനർ പോലുമുണ്ടാകില്ല. വരാനിരിക്കുന്ന പരിേശാധന വേളയിൽ സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം ജുഡീഷ്യൽ അധികാരികളുമുണ്ടാകും. അതുവഴി നടപടികൾ വേഗത്തിലാക്കാനാകും. ജനങ്ങളെ ശിക്ഷിക്കുക എന്നതിനല്ല പ്രാധാന്യം കൊടുക്കുന്നതെന്നും അനാരോഗ്യകരവും സുരക്ഷിതമല്ലാത്തതുമായ ജീവിത സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
പല അനധികൃത കെട്ടിടങ്ങളും അഗ്നിബാധയുണ്ടാകാൻ സാധ്യതയുള്ളവയാണ്. ഇലക്ട്രിക്കൽ വയറിങ് ശരിയായി ചെയ്യാത്തതും ഗ്യാസ് കണക്ഷൻ നിബന്ധന പ്രകാരമല്ലാത്തതും മറ്റുമാണ് ഇതിന് കാരണം. ഇത്തരം താമസസ്ഥലങ്ങൾക്കെതിരെ നടപടി വേണമെന്ന് മുനിസിപ്പൽ കൗൺസിലർമാർ പലപ്പോഴായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇൗ വിഷയം കഴിഞ്ഞ ആഴ്ച കാബിനറ്റിെൻറയും പരിഗണനയിൽ വന്നിരുന്നു. തുടർന്ന് പ്രശ്നത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തൊഴിലാളികൾ കൂട്ടമായി ഒരു വിലാസത്തിൽ രജിസ്റ്റർ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് ഇൻഫർമേഷൻ ആൻറ് ഇ-ഗവൺമെൻറ് അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.