ശമ്പളമില്ലാതെ ദുരിതം നേരിട്ടവരുടെ ലേബർ ക്യാമ്പിൽ സന്നദ്ധസംഘടന അരിയും കുടിവെള്ളവുമെത്തിച്ചു
text_fieldsമനാമ: ടുബ്ലിയിലെ സ്വകാര്യ ലേബർ ക്യാമ്പിൽ മാസങ്ങളോളം ശമ്പളമില്ലാതെ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് ആശ്വാസവുമായി ഭക്ഷ്യവസ്തുക്കൾ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ എത്തിച്ചു. പഞ്ചാബ് പ്രവാസി സംഘടനയുടെ നേതൃത്വത്തിലാണ് ഒരു ലോഡ് അരിയും കുടിവെള്ളവും എത്തിച്ചത്. സന്തോഷത്തോടെയാണ് തൊഴിലാളികൾ ഭക്ഷ്യവസ്തുക്കൾ ഏറ്റുവാങ്ങിയത്.
മലയാളി പ്രധാന പാർട്ണറായ സ്വകാര്യ കൺസ്ട്രക്ഷൻസ് കമ്പനിയിലെ നൂറോളം തൊഴിലാളികളാണ് ശമ്പളം ലഭിക്കാതെ മാസങ്ങളായി കഷ്ടത അനുഭവിച്ച് വന്നത്. തുടർന്ന് കഴിഞ്ഞ ദിവസം തങ്ങളുടെ പരാതി പറയാൻ ലേബർ കോടതി ലക്ഷ്യമാക്കി കാൽനടയായി പുറപ്പെട്ടത് പോലീസ് തടഞ്ഞിരുന്നു. ലേബർ കോടതിയിലേക്കുള്ള വഴി എന്ന് കരുതി തൊഴിലാളികൾ എത്തപ്പെട്ടത് അമേരിക്കൻ മിഷൻ ആശുപത്രിക്ക് അടുത്തുള്ള റോഡിലായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് കാര്യമറിഞ്ഞപ്പോൾ തൊഴിലാളികളെ ക്യാമ്പിലേക്ക് മടക്കികൊണ്ടുപോകുകയും തൊഴിലാളി പ്രതിനിധികളായ അഞ്ചുപേരെ ലേബർ കോടതിയിൽ കൊണ്ടുപോകുകയും ചെയ്തു.
തുടർന്ന് കാര്യം അറിഞ്ഞ ലേബർ കോടതി ഉദ്യോഗസ്ഥർ ക്യാമ്പിൽ എത്തിയപ്പോഴാണ് തൊഴിലാളികളുടെ ദുരിതാവസ്ഥയുടെ ചിത്രം വ്യക്തമായത്. ഒന്നര ആഴ്ചയായി ക്യാമ്പിൽ കുടിവെള്ളം പോലും ഇല്ലന്നുള്ള കാര്യവും തൊഴിലാളികൾ വെളിപ്പെടുത്തി. ഇന്ത്യൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ക്യാമ്പിൽ കഴിഞ്ഞത്. വിവിധ എംബസി ഉദ്യോഗസ്ഥരും ക്യാമ്പ് സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്ന് അധികൃതർ ലേബർ ക്യാമ്പിെൻറ മലയാളിയായ പാർട്ണറെ വിളിച്ചുവരുത്തി. പ്രാഥമികമായി ഒരുമാസത്തെ ശമ്പളം അടുത്തദിവസം തന്നെ നൽകാമെന്ന് ഇദ്ദേഹം അറിയിക്കുകയും ചെയ്തു. എന്നാൽ ശമ്പളം ഇന്നലെ ലഭിച്ചിട്ടില്ലെന്നും ഇന്ന് ലഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായും തൊഴിലാളികൾ പറഞ്ഞുതുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.