പ്രവാസി ലീഗൽ സെൽ പുരസ്കാരം ഡോ. എ.എ. ഹകീമിന്
text_fieldsമനാമ: പ്രവാസി ലീഗൽ സെല്ലിന്റെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം കേരള വിവരാവകാശ കമീഷണർ ഡോ. എ.എ. ഹകീമിന്.
ലോകത്തെവിടെയുമുള്ള പ്രവാസികളുടെ നിയമ സഹായത്തിനും ക്ഷേമത്തിനും വിവരാവകാശ നിയമത്തിന്റെ പ്രചാരത്തിനും ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ പ്രവാസി ലീഗൽ സെല്ലിന്റെ പ്രഥമ വൈസ് പ്രസിഡന്റ് കെ. പത്മനാഭന്റെ സ്മരണാർഥമാണ് പുരസ്കാരം.
വിവരാവകാശ നിയമത്തിന്റെ വ്യാപ്തി വിപുലമാക്കുകയും ജനപക്ഷത്തുനിന്ന് നിയമത്തെ വ്യാഖ്യാനിക്കുകയും രചനാത്മകമായ വിധിന്യായങ്ങളിലൂടെ നിയമം ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുന്നതാണ് കമീഷണർ എന്ന നിലയിലുള്ള ഡോ. ഹകീമിന്റെ പ്രവർത്തനമെന്ന് വിധിനിർണയ സമിതി വിലയിരുത്തി.
ജസ്റ്റിസ് (റിട്ട) സി.എസ്. രാജൻ അധ്യക്ഷനും ആർ.ടി.ഐ ആക്ടിവിസ്റ്റും ഉപഭോക്തൃ കമീഷൻ പ്രസിഡന്റുമായ ഡി.ബി. ബിനു, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. പുരസ്കാരം ആഗസ്റ്റ് ആദ്യവാരം കേരളത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രാഹാം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.