‘സുരക്ഷിത കുടിയേറ്റം’; പ്രവാസി ലീഗൽ സെൽ വെബിനാർ സംഘടിപ്പിച്ചു
text_fieldsമനാമ: പ്രവാസി ലീഗൽ സെൽ ‘സുരക്ഷിത കുടിയേറ്റം’ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. മലേഷ്യയിൽനിന്നുള്ള ലോക കേരള സഭ പ്രതിനിധിയും സാമൂഹിക പ്രവർത്തകനുമായ ആത്മേശൻ പച്ചാട്ട് എഴുതിയ ‘ബോർഡിങ് പാസ്’ എന്ന പുസ്തകം പ്രമേയമാക്കി നടത്തിയ വെബിനാർ റിട്ട. ജഡ്ജിയും മുൻ കേരള മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സനുമായ പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റും സുപ്രീം കോടതി അഭിഭാഷകനുമായ ജോസ് എബ്രഹാം അധ്യക്ഷനായിരുന്നു. ചടങ്ങിൽ എറണാകുളം ജില്ല ഉപഭോക്തൃ പരിഹാര കമീഷൻ പ്രസിഡന്റ് ഡി.ബി. ബിനു മുഖ്യാതിഥിയായിരുന്നു. മലേഷ്യൻ പ്രവാസികളുടെ പശ്ചാത്തലത്തിൽ എഴുതിയ തന്റെ പുസ്തകത്തിലെ അനുഭവങ്ങളെക്കുറിച്ചും സുരക്ഷിത കുടിയേറ്റമെന്ന വിഷയത്തിൽ അവയുടെ പ്രാധാന്യങ്ങളെക്കുറിച്ചും ആത്മേശൻ പച്ചാട്ട് സംസാരിച്ചു.
പ്രവാസി ലീഗൽ സെൽ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി അഡ്വ. മുരളീധരൻ ആശംസയും, പ്രവാസി ലീഗൽ സെൽ ബഹ്റൈൻ പ്രസിഡന്റും പബ്ലിക് റിലേഷൻസ് ഓഫിസറുമായ സുധീർ തിരുനിലത്ത് നന്ദിയും പ്രകാശിപ്പിച്ചു. വിവിധ രാജ്യങ്ങളിൽനിന്നായി അമ്പതിലധികം പേർ പങ്കെടുത്ത വെബിനാറിൽ സുരക്ഷിത കുടിയേറ്റമെന്ന വിഷയത്തിൽ മനുഷ്യക്കടത്ത് തടയാൻ സർക്കാർതലത്തിൽ ഏകീകൃത നിയമ സംവിധാനം നടപ്പാക്കണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെട്ടു.
ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാറിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. നിലവിൽ വിദേശ ജോലികളുടെ മറവിൽ ക്രമാതീതമായി വർധിച്ചുവരുന്ന മനുഷ്യക്കടത്തുകൾക്കിരയായ നിരവധി പ്രവാസികൾക്കാണ് ഇതിനോടകം പ്രവാസി ലീഗൽ സെല്ലിന്റെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.