പ്രവാസി ക്ഷേമനിധി; സങ്കുചിത രാഷ്ട്രീയം ഒഴിവാക്കണം -പി.എം ജാബിർ
text_fieldsമനാമ: പ്രവാസി ക്ഷേമ നിധിയെക്കുറിച്ച് മുമ്പ് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞവർ വീണ്ടും വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം ജാബിർ പറഞ്ഞു. പ്രവാസികളുടെ വിഷയത്തിൽ സങ്കുചിത രാഷ്ട്രീയം വെച്ചുപുലർത്തുന്നത് എന്തിനെന്ന് വ്യക്തമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് രണ്ട് തവണ പിഴ ഒഴിവാക്കിക്കൊടുത്തിരുന്നു. രണ്ട് തവണയും ആറ് മാസം വീതം പിഴ ഇല്ലാതെ അംശാദായം അടക്കാനുള്ള അവസരമൊരുക്കി. അന്ന് അതിനെതിരെയും ചിലർ പ്രചാരണം നടത്തിയിരുന്നു. പിഴ അടക്കാനുള്ളവർ ഇൗ അവസരം പ്രയോജനപ്പെടുത്തണമെന്ന് ബോധവത്കരിക്കുകയാണ് ഇപ്പോൾ വിമർശനമുന്നയിക്കുന്നവർ ചെയ്യേണ്ടിയിരുന്നത്.
ക്ഷേമനിധിയിൽ കൂടുതൽ ആളുകൾ ചേരുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്നവരാണ് ഇപ്പോൾ വിമർശനവുമായി വരുന്നത്. ചേർന്നിട്ട് കാര്യമില്ലെന്നാണ് അന്ന് ഇവർ പറഞ്ഞിരുന്നത്. ഇപ്പോൾ 30000ലധികം പേർക്ക് പെൻഷൻ ലഭിക്കുന്നുണ്ട്. എട്ട് ലക്ഷത്തോളം അംഗങ്ങളുമുണ്ട്. ഒട്ടേറെ പേർക്ക് ചികിത്സാ സഹായവും മരണാനന്തര സഹായവും വിവാഹ ധനസഹായവും വിദ്യാഭ്യാസ ആനുകൂല്യവും ലഭിക്കുന്നു. നിരവധി പേർക്ക് ആനുകൂല്യം ലഭിക്കാൻ തുടങ്ങിയപ്പോഴാണ് വിമർശകർ പുതിയ കാര്യങ്ങളുമായി രംഗത്തെത്തിയത്. സ്വയം പരിഹാസ്യരാകുന്ന വിമർശനങ്ങളിൽനിന്ന് പ്രവാസി സംഘടനകൾ വിട്ടുനിൽക്കണം. പകരം, ക്ഷേമനിധിയിൽ കൂടുതൽ ആളുകളെ ചേർക്കാനും ആനുകൂല്യങ്ങൾ നേടിക്കൊടുക്കാനുമാണ് ഇവർ ശ്രമിക്കേണ്ടത്.
പെൻഷൻ തുക അഞ്ഞൂറും ആയിരവും ആയിരുന്നത് 3500ഉം 3000ഉം ആയി വർധിപ്പിച്ച് കൃത്യമായി നൽകിവരുന്നുണ്ട്. ഇത് കാണാതെയാണ് 5000 ആയി വർധിപ്പിക്കണമെന്ന് വിമർശകർ ആവശ്യപ്പെടുന്നത്. പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ സർക്കാർ കൃത്യമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ക്ഷേമനിധിയിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിന് ബോധവത്കരണം നടത്തുന്നുണ്ടെന്ന് ലോകകേരള സഭ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ മാത്രം 6000ഓളം അംഗങ്ങളെ ചേർത്തു. കോവിഡ് കാലത്താണ് കൂടുതൽ പേർ അംഗങ്ങളായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.