ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് പ്രവാസി വെൽഫെയർ സ്വീകരണം നൽകി
text_fieldsമനാമ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗങ്ങൾക്ക് പ്രവാസി വെൽഫെയർ സ്വീകരണം നൽകി. പ്രവാസി സെൻററിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് ബദ്റുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു.
ഇന്ത്യാ മഹാരാജ്യത്തിന്റെ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ സ്കൂളിന്റെ മതനിരപേക്ഷത നിലനിർത്തുന്നതിനും സമൂഹത്തിന്റെ ഭാവി വാഗ്ദാനങ്ങളായ കുട്ടികളുടെ വൈജ്ഞാനിക പുരോഗതിക്കും മാതൃകാപരമായ ഭരണം നയിക്കാൻ പുതിയ ഭരണസമിതിക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പ്രവാസി വെൽഫെയറിന് കീഴിൽ പ്രവർത്തിക്കുന്ന മെഡ്കെയറും വെൽകെയറും നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെ സ്ഥാനമൊഴിയുന്ന ചെയർമാൻ പ്രിൻസ് നടരാജൻ അഭിനന്ദിച്ചു. ഇന്ത്യൻ സ്കൂൾ ഇന്ത്യൻ സമൂഹത്തിന്റെ പൊതു സ്വത്ത് എന്ന രീതിയിൽ സാധ്യമായത്ര സൂക്ഷ്മതയോടെയാണ് കഴിഞ്ഞ കാലങ്ങളിൽ കൈകാര്യംചെയ്തത് എന്നും തുടർന്നും ആ സൂക്ഷ്മതയോടുകൂടിതന്നെ പുതിയ ടീമിന് നയിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
വിദ്യാർഥികളുടെ സർവതോമുഖമായ അക്കാദമിക മികവിനും സ്കൂളിന്റെ ഭദ്രതക്കും ബാഹ്യ ഇടപെടലുകൾ ഇല്ലാതെ സ്കൂളിനെ നയിക്കാൻ ശ്രമിക്കുമെന്ന് ചെയർമാൻ ബിനു മണ്ണിൽ പറഞ്ഞു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിലിനെ പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദ്റുദ്ദീൻ പൂവാർ ആദരിച്ചു. പ്രിൻസ് നടരാജനെ മെഡ്കെയർ കൺവീനർ മജീദ് തണലും വൈസ് ചെയർമാൻ ഡോ. ഫൈസലിനെ വൈസ് പ്രസിഡന്റ് മുഹമ്മദലി മലപ്പുറവും സെക്രട്ടറി രാജപാണ്ഡ്യനെ ആക്ടിങ് സെക്രട്ടറി ഇർഷാദ് കോട്ടയവും മിഥുൻ മോഹനെ റിഫ സോണൽ പ്രസിഡന്റ് ആഷിഖ് എരുമേലിയും ആദരിച്ചു.
പ്രവാസി വെൽഫെയർ സെക്രട്ടറി ഷാഹുൽ ഹമീദ് നിയന്ത്രിച്ച പരിപാടിയിൽ മെഡ്കെയർ കൺവീനർ മജീദ് തണൽ സ്വാഗതവും ഇർഷാദ് കോട്ടയം നന്ദിയും പറഞ്ഞു. ജോയ്, മൊയ്തു ടി കെ, അനസ് കാഞ്ഞിരപ്പള്ളി, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.