ഗർഭിണികൾക്കുമുണ്ട് യാത്ര ചെയ്യാൻ കടമ്പ
text_fields1. ഗർഭിണികളായ യാത്രക്കാർ
എയർ ഇന്ത്യ/എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയിൽ 28 ആഴ്ച വരെയുള്ള ഗർഭിണികൾക്ക് സാധാരണ രീതിയിൽ യാത്ര ചെയ്യാം. എന്നാൽ, 28 മുതൽ 35 ആഴ്ച വരെയുള്ള ഗർഭിണികൾക്ക് വിമാന യാത്ര ചെയ്യണമെങ്കിൽ യാത്ര പുറപ്പെടുന്നതിനു മുമ്പ് മൂന്നു ദിവസത്തിനുള്ളിൽ ലഭിച്ച ഡോക്ടറുടെ അനുമതിപത്രം ആവശ്യമാണ്. ഇരട്ടക്കുട്ടികളാണെങ്കിൽ 32 ആഴ്ച വരെയാണ് ഡോക്ടറുടെ അനുമതിയോടെ യാത്രചെയ്യാൻ കഴിയുക.
ഗൾഫ് എയർ വിമാനത്തിലും 28 ആഴ്ച വരെയുള്ള ഗർഭിണികൾക്ക് നിബന്ധനകളൊന്നുമില്ലാതെ യാത്രചെയ്യാം. എന്നാൽ, 28 മുതൽ 32 ആഴ്ച വരെയുള്ള ഗർഭിണികൾക്ക് യാത്രചെയ്യണമെങ്കിൽ കൂടുതൽ നിബന്ധനകളുണ്ട്. നിലവിൽ കാണിക്കുന്ന ഡോക്ടറുടെ കുറിപ്പുമായി സീഫ് മാളിലെ ഗൾഫ് എയർ ഓഫിസിൽ ചെന്ന് രജിസ്റ്റർ ചെയ്യണം. തുടർന്ന് അവർ നൽകുന്ന ഡോക്ടറുടെ അനുമതിപത്രവുമായി മാത്രമേ യാത്രചെയ്യാൻ സാധിക്കൂ.
മറ്റ് എയർലൈൻസുകളുടെ നിബന്ധനകൾ അതത് കമ്പനികളുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഗർഭിണികളായ യാത്രക്കാർ നിശ്ചിത സമയത്തിനും മുമ്പ് തന്നെ എയർപോർട്ടിൽ എത്താൻ ശ്രദ്ധിക്കണം.
2. നവജാത ശിശുക്കൾക്ക് പാസ്പോർട്ട്
നവജാത ശിശുക്കൾക്ക് പാസ്പോർട്ട് ലഭിക്കാൻ ഏതാനും നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ആരോഗ്യ മന്ത്രാലയത്തിൽനിന്നുള്ള ജനന സർട്ടിഫിക്കറ്റുമായി കുട്ടിയുടെ ജനനം ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് https://embassy.passportindia.gov.in/ എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കണം. അതിനുശേഷം യൂസർ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് വേണം പാസ്പോർട്ടിനുള്ള ഫോം പൂരിപ്പിക്കാൻ.
അപേക്ഷ സമർപ്പിച്ച് കഴിഞ്ഞ് അതിന്റെ പ്രിന്റൗട്ട് എടുത്ത് കുട്ടിയുടെ വിരലടയാളം പതിക്കണം. ആൺകുട്ടിയാണെങ്കിൽ ഇടത് തള്ളവിരലും പെൺകുട്ടിയാണെങ്കിൽ വലത് തള്ളവിരലുമാണ് ഉപയോഗിക്കേണ്ടത്. മാതാപിതാക്കളുടെ ഒപ്പും അപേക്ഷയിൽ വേണം.
ദാനാ മാളിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ അപേക്ഷ നൽകുമ്പോൾ മാതാപിതാക്കളുടെ ഒറിജിനൽ പാസ്പോർട്ടും കുട്ടിയുടെ ഫോട്ടോയും കൈവശം കരുതണം. മാതാപിതാക്കളുടെ പാസ്പോർട്ടിൽ രണ്ടാളുടെയും പേരുണ്ടായിരിക്കണം. ഫോട്ടോയിൽ കുട്ടിയുടെ ചെവിയും നെറ്റിയും താടിയും വ്യക്തമായി കാണണം. വെളുപ്പ് പശ്ചാത്തലത്തിൽ ഇരുണ്ടനിറത്തിലുള്ള വസ്ത്രമാണ് വേണ്ടത്. കുട്ടിയുടെ മാതാപിതാക്കളിൽ ഒരാൾ വിദേശിയാണെങ്കിൽ ആ രാജ്യത്തെ എംബസിയിൽനിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ മാതാപിതാക്കൾക്കൊപ്പം കുട്ടിയും പാസ്പോർട്ട് സേവാകേന്ദ്രത്തിൽ എത്തണം. (തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.