മനുഷ്യക്കടത്ത് തടയൽ: ബഹ്റൈൻ വീണ്ടും മുൻനിരയിൽ
text_fieldsമനാമ: മനുഷ്യക്കടത്ത് തടയുന്നതിനുള്ള പരിശ്രമങ്ങളിൽ ബഹ്‌റൈന് വീണ്ടും അംഗീകാരം. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്‍റിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടിലും ബഹ്റൈൻ മുൻനിര റാങ്കിങ് നിലനിർത്തി. തുടർച്ചയായ അഞ്ചാം വർഷമാണ് രാജ്യം ഈ നേട്ടം സ്വന്തമാക്കുന്നത്.
മനുഷ്യക്കടത്ത് തടയുന്ന കാര്യത്തിൽ ടയർ 1 പദവിയിലാണ് ബഹ്റൈൻ ഉൾപ്പെട്ടിരിക്കുന്നത്. ഈ റാങ്കിങ് ലഭിച്ച ഏക ജി.സി.സി, അറബ് രാജ്യമാണ് ബഹ്റൈൻ. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ ഈ വർഷം മാർച്ച് 31 വരെയുള്ള സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. കോവിഡ് വെല്ലുവിളികൾക്കിടയിലും മനുഷ്യക്കടത്ത് തടയാൻ ബഹ്റൈൻ സ്വീകരിച്ച നടപടികളെ റിപ്പോർട്ട് പ്രശംസിച്ചു. നിർബന്ധിത ജോലി കണ്ടെത്താനുള്ള പരിശോധന വർധിപ്പിച്ചതും മനുഷ്യക്കടത്തുകാർക്കെതിരെ നടപടിയെടുത്തതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
യു.എസ് റിപ്പോർട്ടിൽ മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി ചെയർമാനുമായ ജമാൽ അബ്ദുൽ അസീസ് അൽ അലവി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെയും അഭിനന്ദിച്ചു.
വിവേചനങ്ങൾക്കതീതമായി മനുഷ്യാവകാശ സംസ്‌കാരം വളർത്തിയെടുക്കാനുള്ള രാജാവിന്‍റെ ദീർഘവീക്ഷണവും മനുഷ്യന്‍റെ അന്തസ്സ് സംരക്ഷിക്കാൻ ലക്ഷ്യമിട്ട് രാജാവ് കൈക്കൊണ്ട നടപടികളുമാണ് ഈ നേട്ടത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.