മനുഷ്യക്കടത്ത് തടയൽ; ബഹ്റൈൻ വീണ്ടും മികച്ച സ്ഥാനത്ത്
text_fieldsമനാമ: മനുഷ്യക്കടത്ത് തടയുന്നതിൽ തുടർച്ചയായ ഏഴാം വർഷവും ബഹ്റൈൻ മികവ് നിലനിർത്തി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് പ്രകാരം മനുഷ്യക്കടത്ത് (ടിപ്പ്) റിപ്പോർട്ട് 2024ൽ ബഹ്റൈൻ ടയർ 1 പദവിയിലാണ്.
ഈ പദവിയിലുള്ള ഏക ജി.സി.സി രാജ്യവും ബഹ്റൈനാണ്. മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള ട്രാഫിക്കിങ് വിക്ടിംസ് പ്രൊട്ടക്ഷൻ ആക്ടിന്റെ (ടി.വി.പി.എ) മിനിമം മാനദണ്ഡങ്ങൾ രാജ്യം പൂർണമായും പാലിക്കുന്നുവെന്ന് വാർഷിക റിപ്പോർട്ട് പറയുന്നു. റിപ്പോർട്ടിന്റെ 24ാം പതിപ്പിൽ 188 രാജ്യങ്ങളുടെ വിവരങ്ങൾ അടങ്ങിയിട്ടുണ്ട്. 2023 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച് 31 വരെയുള്ള കാലയളവ് ഉൾക്കൊള്ളുന്നതാണ് വാർഷിക റിപ്പോർട്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തിറക്കിയത്.
ടയർ 1 സ്റ്റാറ്റസ് വീണ്ടും രാജ്യം കരസ്ഥമാക്കിയതിൽ, ഹമദ് രാജാവിനെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) സി.ഇ.ഒ നിബ്രാസ് മുഹമ്മദ് താലിബ് അഭിനന്ദിച്ചു. മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും മനുഷ്യക്കടത്ത് തടയുന്നതിലുമുള്ള രാജ്യത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമാണിത്. ഈ നേട്ടം കൈവരിക്കാൻ സഹായകമായത് ഹമദ് രാജാവിന്റെ നിർദേശങ്ങളും ദർശനങ്ങളുമാണെന്ന് എൽ.എം.ആർ.എ സി.ഇ.ഒ ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.