മനുഷ്യക്കടത്ത് തടയൽ; ശക്തമായ നടപടിയെന്ന് എൽ.എം.ആർ.എ
text_fieldsമനാമ: മനുഷ്യക്കടത്ത് തടയുന്നതിന് ശക്തമായ നടപടിയെടുക്കുമെന്ന് എൽ.എം.ആർ.എ. മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിർദേശങ്ങളും തൊഴിൽ വിപണിയിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന എൻ.സി.സി.ടി.ഐ.പി യോഗത്തിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്സിക്യൂട്ടിവ് നിബ്രാസ് താലിബാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്റൈനിലെ മനുഷ്യക്കടത്ത് തടയുന്നതിനുള്ള സംവിധാനമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്.
തൊഴിൽ വിപണിയിലെ എല്ലാ പങ്കാളികളെയും സംരക്ഷിക്കുന്നതിനൊപ്പം നിയമപരമായ തർക്കങ്ങൾ കുറക്കുന്നതിനും ലംഘനങ്ങൾ പരിഹരിക്കുന്നതിനുമായി എൽ.എം.ആർ.എയും വിവിധ സർക്കാർ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും നടത്തുമെന്ന് എൽ.എം.ആർ.എ സി.ഇ.ഒ പറഞ്ഞു.
മനുഷ്യക്കടത്ത് വിരുദ്ധ തന്ത്രങ്ങൾ മെച്ചപ്പെടുത്തുന്നതും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതൽ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും യോഗം ചർച്ച ചെയ്തു.
തൊഴിലാളികളെ രാജ്യത്തേക്ക് അയക്കുന്ന രാജ്യങ്ങളിലെ എംബസികളുമായും സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുമായും ഏകോപിച്ച് ബോധവത്കരണം നടത്തേണ്ടതിന്റെ പ്രാധാന്യം കമ്മിറ്റിയിൽ അടിവരയിട്ട് പറഞ്ഞു.
തൊഴിൽ നൽകാമെന്നുപറഞ്ഞ് സ്ത്രീകളെയെത്തിച്ച് പെൺവാണിഭം നടത്തുന്നത് ഫലപ്രദമായി തിരിച്ചറിയേണ്ടതുണ്ട്. വിവിധ മേഖലകളിൽ നടക്കുന്ന പരിശീലനത്തിന്റെ പ്രാധാന്യവും കമ്മിറ്റി എടുത്തുപറഞ്ഞു. എൽ.എം.ആർ.എ ആസ്ഥാനത്ത് നടന്ന പരിശീലന സെഷനിൽ ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനിൽ നിന്നുമുള്ള അംഗീകൃത പരിശീലകരടക്കം പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.