സമഗ്ര വികസനത്തിന് ഇന്ത്യൻ സമൂഹം നൽകുന്ന പങ്ക് പ്രശംസനീയം -പ്രധാനമന്ത്രി
text_fieldsമനാമ: രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ഇന്ത്യൻ സമൂഹം വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. കാലാവധി പൂർത്തിയാക്കി ബഹ്റൈനിൽനിന്ന് തിരികെപ്പോകുന്ന ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയെ ഗുദൈബിയ പാലസിൽ സ്വീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാലമായുള്ള സഹകരണം അദ്ദേഹം എടുത്തുപറഞ്ഞു. പങ്കാളിത്തവും സഹകരണവും തുടരേണ്ടത് ഇരുരാജ്യങ്ങളുടെയും വികസനത്തിന് സഹായകരമാണ്. ബഹ്റൈൻ-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ അംബാസഡർ വഹിച്ച പങ്ക് വലുതായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാവിയിലും മികച്ച വിജയം കൈവരിക്കാൻ അംബാസഡർക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ബഹ്റൈനും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിൽ നിലനിൽക്കുന്ന വ്യാപാരപരവും മറ്റുമായ പങ്കാളിത്തങ്ങൾ ഇനിയും വികസിപ്പിക്കുന്നതിന് രാജ്യം ഒരുക്കമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയെ സന്ദർശിക്കാൻ അവസരം നൽകിയതിന് അംബാസഡർ പിയൂഷ് ശ്രീവാസ്തവ പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് പ്രയോജനപ്പെടുന്ന വികസന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ബഹ്റൈൻ-ഇന്ത്യ ബന്ധം വികസിപ്പിക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന ശ്രദ്ധയെ അംബാസഡർ ഊന്നിപ്പറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.