സ്വകാര്യ ആശുപത്രികളുടെ നിലവാരമളക്കാന്‍ ഗ്രേഡിങ് വരുന്നു
text_fieldsമനാമ: ബഹ്റൈനിലെ വിവിധ സ്വകാര്യ ആശുപത്രികള്‍ക്ക് സേവന സൗകര്യങ്ങള്‍ വിലയിരുത്തി സര്‍ക്കാര്‍ ഗ്രേഡ് നല്‍കുമെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റി (എന്‍.എച്ച്.ആര്‍.എ) ആണ് പുതിയ നടപടി സ്വീകരിക്കുന്നത്.
ഡയമണ്ട്, പ്ളാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ എന്നിങ്ങനെയാണ് ഗ്രേഡിങ് നടപ്പാക്കുക. അടുത്ത വര്‍ഷം ഇത് നിലവില്‍ വരും. അക്രഡിറ്റേഷനായി ആശുപത്രികളെ വിശദമായി വിലയിരുത്തും. ആശുപത്രിയിലെ വിവിധ സേവനങ്ങളുടെ നിലവാരം, രോഗീപരിചരണം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാകും ഗ്രേഡിങ് എന്ന് എന്‍.എച്ച്.ആര്‍.എ ചീഫ് എക്സിക്യൂട്ടിവ് ഡോ.മറിയം അല്‍ ജലാമയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മാലിന്യസംസ്കരണം, അണുബാധ നിയന്ത്രണം, ഭരണം, രോഗീസുരക്ഷ തുടങ്ങിയ കാര്യങ്ങളാണ് വിലയിരുത്തപ്പെടുക. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും സ്വകാര്യ ആശുപത്രികളെ ഈ വിലയിരുത്തലിന് വിധേയമാക്കും. ഭാവിയില്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കും ഇത് വ്യാപിപ്പിക്കും. ആശുപത്രികള്‍ അടുത്തവര്‍ഷം വാര്‍ഷിക ലൈസന്‍സിന് അപേക്ഷിക്കുന്നവേളയില്‍ ആദ്യ വിലയിരുത്തല്‍ നടക്കും. ഇതിനായി 100 കിടക്കകളില്‍ അധികമുള്ള ആശുപത്രികള്‍ 10,000 ദിനാര്‍ നല്‍കേണ്ടി വരും. 50നും 100നുമിടയില്‍ കിടക്കകളുള്ള സ്ഥാപനങ്ങളില്‍ നിന്ന് 7,000 ദിനാറും 50 കിടക്കകളില്‍ താഴെയുള്ളവരില്‍ നിന്ന് 5,000 ദിനാര്‍ വീതവും ഈടാക്കും. പരിശോധനകള്‍ക്കും വിലയിരുത്തലിനുമായി 50 അംഗ വിദഗ്ധ സംഘത്തിന് രൂപം നല്‍കും. ഇതില്‍ വിരമിച്ചവരുമുണ്ടാകും. 95ഉം അതിന് മുകളിലും സ്കോര്‍ ലഭിച്ചവര്‍ക്കാണ് ഡയമണ്ട് പദവി ലഭിക്കുക. 90 മുതല്‍ 94വരെ പോയന്‍റ് ലഭിച്ചവര്‍ക്ക് പ്ളാറ്റിനവും 80മുതല്‍ 89വരെ പോയന്‍റ് ലഭിച്ചവര്‍ക്ക് ഗോള്‍ഡും 70 മുതല്‍ 79 വരെ പോയന്‍റ് ലഭിച്ചവര്‍ക്ക് സില്‍വര്‍ പദവിയും ലഭിക്കും. 70ല്‍ താഴെ സ്കോര്‍ ലഭിച്ചവര്‍ക്ക് നിലവാരം വര്‍ധിപ്പിക്കാനായി നിശ്ചിത സമയം അനുവദിക്കും. ഈ സമയത്തിന് ശേഷവും പഴയ അവസ്ഥ തുടര്‍ന്നാല്‍ അവരുടെ വാര്‍ഷിക ലൈസന്‍സ് പുതുക്കില്ല. ഏതെങ്കിലും ആശുപത്രിയില്‍ ഗുരുതര പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ആ സ്ഥാപനം വീണ്ടും വിലയിരുത്തലിന് വിധേയമാകും. ബഹ്റൈന്‍ ആരോഗ്യമേഖലയിലെ സേവനങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായാണ് ഈ നടപടിയെന്ന് ഡോ.അല്‍ ജലാമ പറഞ്ഞു. ഇത് ആശുപത്രികളുടെ നിലവാരം വര്‍ധിപ്പിക്കാനുള്ള ശ്രമം വര്‍ധിപ്പിക്കും. റാങ്കിങ് ലഭിച്ച സ്വകാര്യ ആശുപത്രികള്‍ക്ക് അത് പ്രചാരണത്തിനായി ഉപയോഗിക്കാം. എന്നാല്‍ ഇവര്‍ വാര്‍ഷിക പരിശോധനക്ക് വിധേയരാകേണ്ടിവരും. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പരിശോധനയില്‍ ലഭിച്ച റാങ്കിങ് നിലവാരം കാത്തുസൂക്ഷിക്കുന്നുണ്ട് എന്ന കാര്യം ഉറപ്പിക്കാനാണിത്. എന്‍.എച്ച്.ആര്‍.എ സ്വകാര്യ ആശുപത്രികളെ കുറിച്ച് തയാറാക്കുന്ന വിശദമായ വാര്‍ഷിക റിപ്പോര്‍ട്ട് കാബിനറ്റിന് സമര്‍പ്പിക്കും. നിലവിലുള്ള കണക്കനുസരിച്ച് ബഹ്റൈനില്‍ 732 പൊതു-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുണ്ട്. ഇതില്‍ 21 ആശുപത്രികളും 62 മെഡിക്കല്‍ സെന്‍ററുകളും ഉള്‍പ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.