സ്വകാര്യ മേഖല; 70 ദിവസത്തെ പ്രസവാവധി നിർദേശവുമായി വനിതാ എം.പിമാർ
text_fieldsമനാമ: സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ഗർഭിണികൾക്ക് 70 ദിവസത്തെ ശമ്പളത്തോടെയുള്ള പ്രസവാവധി അനുവദിക്കണമെന്ന നിർദേശവുമായി വനിതാ എം.പിമാർ പാർലമെന്റിൽ. ഹനാൻ ഫർദാന്റെ നേതൃത്വത്തിലുള്ള അഞ്ചു വനിതാ എം.പിമാരാണ് 2012ലെ സ്വകാര്യമേഖലയിലെ തൊഴിൽനിയമത്തിൽ ഭേദഗതി വരുത്തണമെന്ന് നിർദേശിച്ചത്. ശമ്പളത്തോടുകൂടിയ പ്രസവാവധി നിലവിൽ 60 ദിവസമാണ്. ഇത് 10 ദിവസം കൂടി വർധിപ്പിക്കാനാണ് നിർദേശം.
അംഗീകാരം ലഭിച്ചാൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും. സർക്കാർ മേഖലയിൽ പ്രസവാവധി 60 ദിവസമാണ്. സൗദി അറേബ്യയും ഈജിപ്തും അടുത്തിടെ കൂടുതൽ സ്ത്രീകളെ സ്വകാര്യ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും സമാനമായ നടപടികൾ നടപ്പാക്കിയിട്ടുണ്ടെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. സ്വകാര്യമേഖലയിലെ പ്രസവാനുകൂല്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ, സ്വകാര്യ-പൊതുമേഖലകൾ തമ്മിലുള്ള തൊഴിലവസരങ്ങളിലെ ലിംഗപരമായ അസമത്വം കുറക്കാൻ സഹായകമാകുമെന്നും എം.പിമാർ കൂട്ടിച്ചേർത്തു.
മെച്ചപ്പെട്ട പ്രസവാവധിയും തൊഴിൽസുരക്ഷയും കാരണം പല രാജ്യങ്ങളിലെയും സ്ത്രീകൾ സർക്കാർ സർവിസ് ജോലികൾ തെരഞ്ഞെടുക്കുന്നു.
സൗദി അറേബ്യ അടുത്തിടെ അതിന്റെ പ്രസവാവധി നയങ്ങളിൽ മാറ്റം വരുത്തിയിരുന്നു. സമാനമായ നയങ്ങൾ സ്വീകരിക്കുന്നതിലൂടെ, ജോലിസ്ഥലത്ത് തുല്യത വർധിപ്പിക്കുന്നതിനും സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കുന്നതിനും സാധിക്കും. ഈ നിർദേശം പാർലമെന്റ് സർവിസസ് കമ്മിറ്റി പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.