പ്രതിഭാധനരായ കുട്ടികൾ ഭാവിയുടെ സമ്പാദ്യം -പ്രഫ. ഉമർ ശിഹാബ്
text_fieldsമനാമ: സമൂഹത്തിലെ പല മേഖലകളിലും കഴിവ് തെളിയിക്കുകയും രാജ്യത്തിനും സാമൂഹിക വ്യവസ്ഥക്കും മഹത്തായ സംഭാവനകൾ അർപ്പിക്കുകയും ചെയ്ത പ്രഗല്ഭരായ എല്ലാ വ്യക്തിത്വങ്ങളും ചെറുപ്പത്തിൽ തന്നെ കഠിനാദ്ധ്വാനികളും വായിച്ചും എഴുതിയും വിവിധ മേഖലകളിലൂടെ വളർന്നുവന്നവരും ആയിരുന്നുവെന്ന് ഗ്ലോബൽ ട്രെയ്നറും നാഷനൽ അവാർഡ് ജേതാവുമായ പ്രഫ. ഉമർ ശിഹാബ് പറഞ്ഞു.
ജീവിതവിജയം കരസ്ഥമാക്കാൻ കഠിനാദ്ധ്വാനവും ലോകപരിചയവും അറിവും അനിവാര്യമാണെന്ന് അൽ റയാൻ സെന്റർ സംഘടിപ്പിച്ച അവാർഡ് സെറിമണിയിൽ സയന്റിഫിക് പാരന്റിങ് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ അദ്ദേഹം ഓർമപ്പെടുത്തി. അധ്യാപകരും രക്ഷിതാക്കളും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ കുട്ടികളെ അനുമോദിക്കുകയും വേണ്ട ഉപദേശ നിർദേശങ്ങൾ നൽകുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ വിദ്യാർഥികൾക്കും അൽ റയ്യാൻ സ്റ്റഡി സെന്ററിന്റെ കീഴിൽ നടത്തിവരുന്ന മദ്റസ വിദ്യാർഥികളുടെ രണ്ടാംപാദ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും തിരുവനന്തപുരം ബ്രൈറ്റ് ഇൻറർനാഷനൽ സ്കൂളിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മലയാള ഭാഷാപഠന കോഴ്സിലെ വിജയികൾക്കും സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. 'കൺകുളിർമ കുട്ടികളിലൂടെ' വിഷയത്തെ അധികരിച്ചു സമീർ ഫാറൂഖി സംസാരിച്ചു. അബ്ദുൽ റഹ്മാൻ റിസാൽ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി രിസാലുദ്ദീൻ പുന്നോൽ പരിപാടി ഉദ്ഘാടനം ചെയ്തു. ടി.പി. അബ്ദുൽ അസീസ് ആശംസയർപ്പിച്ചു. റയാ മെഹർ സ്വാഗതവും ബിനു ഇസ്മായിൽ നന്ദിയും പറഞ്ഞു. പ്രസിഡന്റ് ഹംസ അമേത്ത്, ഹംസ കൊയിലാണ്ടി, പി.കെ. നസീർ, അബ്ദുൽ ലത്തീഫ് ആലിയമ്പത്, ഫക്രുദ്ദീൻ, അബ്ദുസ്സലാം, അബ്ദുൽ ഗഫൂർ, സി.കെ. അബ്ദുല്ല, യാക്കൂബ് ഈസ, സക്കീർ ഹുസൈൻ എന്നിവർ വിജയികൾക്ക് സമ്മാനം നൽകി. അൽ റയ്യാൻ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.