അരിലഭ്യത ഉറപ്പുവരുത്താൻ സത്വര നടപടി
text_fieldsമനാമ: രാജ്യത്തിന്റെ ആവശ്യത്തിനുള്ള അരിയുടെ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്‌റു, ഖാലിദ് അൽ അമീന്റെ നേതൃത്വത്തിലുള്ള ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ബി.സി.സി.ഐ) ഫുഡ് സെക്ടർ കമ്മിറ്റിയുമായി കൂടിക്കാഴ്ച നടത്തി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിന്റെ നിർദേശത്തെത്തുടർന്നായിരുന്നു കൂടിക്കാഴ്ച. ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്നും വിപണിയുടെ ആവശ്യകതകൾ നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രിസഭ നിർദ്ദേശിച്ചിരുന്നു.
ബസ് മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യയുൾപ്പടെ ചില രാജ്യങ്ങൾ നിരോധനമേർപ്പെടുത്തിയെന്ന വാർത്തകൾ കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ബഹ്‌റൈനിലേക്ക് ഇറക്കുമതി ചെയ്യുന്ന അരിയുടെ 85% ബസ്മതി അരിയാണ്. ഈ അരിയുടെ ലഭ്യതയിൽ കുറവുണ്ടായിട്ടില്ല.
ബസ്മതി ഇതര അരിയും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ബഹ്‌റൈൻ ചേംബർ ഫുഡ് വെൽത്ത് കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ അമീൻ കഴിഞ്ഞദിവസം ചൂണ്ടിക്കാണിച്ചിരുന്നു.അതുകൊണ്ടുതന്നെ നിരോധന തീരുമാനം സമീപഭാവിയിൽ വിലയെ ബാധിക്കില്ല. അരി വില നിരീക്ഷിക്കുമെന്നും ആവശ്യമായ നടപടികളെടുക്കുമെന്നും മന്ത്രി അറിയിച്ചു.
അരിവില നിരീക്ഷിക്കാൻ പരിശോധനാ സംഘത്തെ ഏർപ്പെടുത്തുമെന്നും മന്ത്രി ഉറപ്പുനൽകി. ഉപഭോക്താക്കളുടെയും താമസക്കാരുടേയും പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നത് തുടരുമെന്നും മന്ത്രി അറിയിച്ചു.
ലോകത്ത് ഏറ്റവും കുടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. കഴിഞ്ഞ വർഷം ബഹ്റൈൻ ഇന്ത്യയിൽനിന്ന് 39.7 ദശലക്ഷം യു.എസ് ഡോളറിന്റെ അരിയാണ് ഇറക്കുമതി ചെയ്തത്. 8.03 ദശലക്ഷം ഡോളറിന്റെ അരി പാകിസ്ഥാനിൽനിന്നും ഇറക്കുമതി ചെയ്തു. ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യ ജൂലൈ 20 മുതലാണ് നിയന്ത്രണമേർപ്പെടുത്തിയിരുന്നത്.
എന്നാൽ ബഹ്റൈനിലെ മൊത്ത വ്യാപാരികൾ ഇതിനുമുമ്പുതന്നെ ഓർഡർ നൽകിയിരുന്നതിനാൽ നിരോധനം ഇവിടുത്തെ വിപണിയെ ബാധിക്കില്ലെന്നാണ് കരുതുന്നത്. പ്രതിസന്ധി ഉണ്ടായാൽതന്നെ മറ്റു രാജ്യങ്ങളിൽനിന്ന് അരി ഇറക്കുമതി ചെയ്ത് അതിനെ നേരിടാമെന്നും വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. അരിയുടെ ലഭ്യത കുറയുന്നത് വിലക്കയറ്റത്തിനിടയാക്കുമെന്ന ആശങ്ക പരന്നിരുന്നു.
എന്നാൽ വിയറ്റ്നാം, അമേരിക്ക, തായ്‍ലന്റ് തുടങ്ങിയ രാജ്യങ്ങൾ കയറ്റുമതി രംഗത്ത് സജീവമായതിനാൽ ആശങ്കക്ക് വകയില്ലെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.