മനാമ ഡയലോഗ് വിജയകരമായത് അഭിമാനകരം -മന്ത്രിസഭ
text_fieldsമനാമ: 19ാമത് മനാമ ഡയലോഗ് വിജയകരമായി സമാപിച്ചത് നേട്ടമാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. മേഖലയിലെ സമാധാനമായിരുന്നു ഇപ്രാവശ്യത്തെ മുഖ്യ ചർച്ചാവിഷയം. ഫലസ്തീൻ പ്രശ്നവും അതിന്റെ നിലവിലുള്ള പരിണതിയും ആശങ്കയുണർത്തുന്നതാണെന്ന് ഡയലോഗിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടിരുന്നു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ഉദ്ഘാടനപ്രസംഗം ഫലസ്തീൻ വിഷയത്തിലേക്ക് വെളിച്ചംവീശുന്നതായിരുന്നു.
ഫലസ്തീൻ ജനതക്ക് അവരുടെ അവകാശം പൂർണമായ തോതിൽ നൽകാതെ ഫലസ്തീനിലും മേഖലയിലും സമാധാനം കരസ്ഥമാക്കാൻ കഴിയുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദ്വിരാഷ്ട്ര ഫോർമുല അംഗീകരിച്ച് പ്രായോഗിക നടപടികളിലേക്ക് പോകാൻ വൈകുന്നതാണ് പ്രശ്നം ഇത്രമേൽ സങ്കീർണമാക്കുന്നതെന്നും വിലയിരുത്തി.
ഗസ്സയിലുണ്ടായ പുതിയ പ്രതിസന്ധി പരിഹരിക്കുന്നതിനും അടിയന്തര വെടിനിർത്തലിനും അന്താരാഷ്ട്ര കൂട്ടായ്മകളും വേദികളും അർഥപൂർണമായ ശ്രമങ്ങൾ നടത്തണമെന്നും അത്തരം ശ്രമങ്ങൾക്ക് ബഹ്റൈൻ പൂർണ പിന്തുണ പ്രഖ്യാപിക്കുകയാണെന്നും കിരീടാവകാശി വ്യക്തമാക്കി. വിദേശകാര്യ മന്ത്രിയുടെയും ഗസ്സ വിഷയത്തിലെ പരാമർശം ശ്രദ്ധേയമായിരുന്നുവെന്ന് മന്ത്രിസഭ വിലയിരുത്തി. ഗസ്സയിൽ സഹായമെത്തിക്കുന്നതിന് മാനുഷിക ഇടനാഴി തുറക്കുന്നതിനുള്ള യു.എൻ രക്ഷാ കൗൺസിലിന്റെ 2712ാമത് പ്രമേയത്തെ കാബിനറ്റ് സ്വാഗതംചെയ്തു.
യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ മുഴുവനാളുകൾക്കും സഹായമെത്തിക്കുന്നതിന് ശ്രമമുണ്ടാകേണ്ടതുണ്ട്. അന്താരാഷ്ട്ര മര്യാദകൾ പാലിക്കുന്നതിനും പ്രയാസമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനും അക്രമവും നരഹത്യയും ഒഴിവാക്കുന്നതിനും അടിയന്തര നടപടികളുണ്ടാകേണ്ടതുണ്ടെന്നും മന്ത്രിസഭ ഓർമിപ്പിച്ചു. യു.എൻ പ്രമേയം അംഗീകരിച്ച് മുന്നോട്ടു പോകാൻ എല്ലാവരുടെയും ഭാഗത്തുനിന്ന് ശ്രമമുണ്ടാകണം. 19ാമത് മനാമ ഡയലോഗ് വിജയകരമായി സംഘടിപ്പിക്കാനും ഉദ്ദേശിച്ച വിഷയങ്ങൾ കൈകാര്യംചെയ്യാനും സാധിച്ചതിലുള്ള കൃതജ്ഞത സംഘാടകർക്ക് രേഖപ്പെടുത്തി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് മന്ത്രിസഭ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ സന്ദർശനവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയും ചർച്ചയും പ്രതീക്ഷ നൽകുന്നതാണെന്ന് കാബിനറ്റ് അഭിപ്രായപ്പെട്ടു. ബഹ്റൈൻ-ഖത്തർ കോസ്വെയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന് കൂടിക്കാഴ്ച ഉപകരിച്ചിട്ടുണ്ട്.
എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം ശക്തിപ്പെടുത്താനും സന്ദർശനം ഉപകരിച്ചു. അടുത്തകാലത്ത് ബഹ്റൈനിൽ സംഘടിപ്പിച്ച വിവിധ ചടങ്ങുകളും പരിപാടികളും വിജയിപ്പിക്കുന്നതിന് പിന്തുണ നൽകിയ മന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും മന്ത്രിസഭ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ധനകാര്യ മന്ത്രാലയം, ടൂറിസം മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, വ്യാപാര, വാണിജ്യ മന്ത്രാലയം തുടങ്ങിയവയുടെ സഹകരണം പ്രത്യേകം എടുത്തു പറഞ്ഞു. സിറ്റി സ്കേപ് 2023 എക്സിബിഷൻ, ജ്വല്ലറി അറേബ്യ എക്സിബിഷൻ 2023, അറബ് പെർഫ്യൂം എക്സിബിഷൻ 2023 തുടങ്ങിയവയുടെ വിജയം ശ്രദ്ധേയമാണെന്നും വിലയിരുത്തി. റിയൽ എസ്റ്റേറ്റ്, വ്യാപാരം, ടൂറിസം എന്നീ മേഖലകളിൽ ബഹ്റൈനിൽ ഈയിടെയായി ഉണർവ് പ്രകടമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര എക്സിബിഷനുകൾക്കും സമ്മേളനങ്ങൾക്കും ആതിഥ്യമരുളാൻ വേൾഡ് എക്സിബിഷൻ സെൻററിന് സാധ്യമായതും ഇതിൽ എടുത്തുപറയേണ്ടതാണ്.
ദേശീയദിനമാചരിക്കുന്ന ഒമാൻ ഭരണാധികാരികൾക്കും ജനതക്കും കാബിനറ്റ് ആശംസകൾ നേർന്നു. എല്ലാ മേഖലകളിലും പുരോഗതിയും വളർച്ചയും നേടാൻ ഒമാന് സാധ്യമാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ ഉപപ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.