വീട്ടുജോലിക്കാർക്ക് തൊഴിൽ നിയമ പ്രകാരം ബാധകമായ വ്യവസ്ഥകൾ
text_fieldsഗാർഡ്, വീട്ടിലെ സെക്യൂരിറ്റി ജീവനക്കാർ, നാനീസ് (കുട്ടികളെ നോക്കുന്നവർ), വീട്ടിലെ ഡ്രൈവർമാർ, പാചകക്കാർ എന്നിവരാണ് തൊഴിൽ നിയമപ്രകാരം വീട്ടുജോലിക്കാരുടെ ഗണത്തിൽ വരുന്നത്. (എൽ.എം.ആർ.എയിൽനിന്ന് ഡൊമസ്റ്റിക് സർവന്റ്സ് തൊഴിൽ വിസയിൽ ഇവിടെ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും).
1. തൊഴിൽ കരാർ നിർബന്ധമാണ്. സാധാരണ തൊഴിൽ കരാറിൽ ചേർക്കേണ്ട എല്ലാ വ്യവസ്ഥകളും അതിൽ ചേർക്കണം. അതായത് തൊഴിലുടമയുടെ പേര്, വിലാസം, സി.പി.ആർ നമ്പർ, തൊഴിലാളിയുടെ പേര്, വിലാസം, പാസ്പോർട്ട് അല്ലെങ്കിൽ സി.പി.ആർ നമ്പർ, നാഷനാലിറ്റി, തൊഴിൽ കരാർ നിശ്ചിത സമയത്തേക്കാണെങ്കിൽ അതിന്റെ കാലാവധി, ശമ്പളം, അത് കൊടുക്കുന്ന തീയതിയും സമയവും, മറ്റ് ആനുകൂല്യങ്ങൾ, തൊഴിലാളിയും തൊഴിലുടമയും തമ്മിൽ സമ്മതിച്ച മറ്റ് വ്യവസ്ഥകൾ, ആനുകൂല്യങ്ങൾ എന്നിവയെല്ലാം തൊഴിൽ കരാറിൽ ഉണ്ടായിരിക്കണം. ( ഉദാ: നാട്ടിൽ പോകുന്നതിനും വരുന്നതിനുമുള്ള ടിക്കറ്റ്, ആഴ്ചയിൽ ലഭിക്കുന്ന അവധി )
2. മൂന്നു മാസത്തെ പ്രൊബേഷൻ തൊഴിൽ കരാറിൽ വ്യവസ്ഥ ചെയ്യണം. ഈ കാലയളവിൽ തൊഴിലാളിക്കും തൊഴിലുടമക്കും ഒരു ദിവസത്തെ നോട്ടീസ് നൽകി തൊഴിൽ കരാർ റദ്ദാക്കാം. തൊഴിൽ കരാറിൽ വ്യവസ്ഥ ചെയ്യാതെ പ്രൊബേഷൻ ബാധകമല്ല. ഒരു പ്രാവശ്യം മാത്രമേ പ്രൊബേഷൻ പാടുള്ളൂ.
3. ശമ്പളവുമായി ബന്ധപ്പെട്ട എല്ല വ്യവസ്ഥകളും വീട്ടിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് ബാധകമാണ്. അതായത് ഏത് രീതിയിൽ ശമ്പളം നൽകണമെന്നതും ശമ്പളം കൊടുക്കാൻ വൈകിയാൽ നഷ്ടപരിഹാരം കൊടുക്കണമെന്നതും.
4. വാർഷിക അവധി ലഭിക്കാൻ വീട്ടുജോലിക്കാർക്ക് അർഹതയുണ്ട്. ഒരു വർഷം തൊഴിൽ പൂർത്തിയാക്കിയാൽ ശമ്പളത്തോടുകൂടി 30 ദിവസത്തെ അവധി ലഭിക്കും.
5. തൊഴിലിൽനിന്ന് പിരിഞ്ഞുപോകുമ്പോൾ ലീവിങ് ഇൻഡമിനിറ്റി ലഭിക്കാൻ അർഹതയുണ്ട്. ആദ്യത്തെ മൂന്നുവർഷം വർഷത്തിൽ 15 ദിവസത്തെ ശമ്പളവും അതിനുശേഷം ഓരോ വർഷവും ഓരോ മാസത്തെ ശമ്പളവും ലീവിങ് ഇൻഡമിനിറ്റിയായി ലഭിക്കും.
6. ഇപ്പോൾ സോഷ്യൽ ഇൻഷുറൻസിൽ മാറ്റിയ വ്യവസ്ഥ വീട്ടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ബാധകമല്ല. അതായത് ലീവിങ് ഇൻഡമിനിറ്റി സോഷ്യൽ ഇൻഷുറൻസിൽ മാസംതോറും നൽകണമെന്ന വ്യവസ്ഥ. സോഷ്യൽ ഇൻഷുറൻസ് വീട്ടുജോലിക്കാർക്ക് ഇപ്പോൾ ബാധകമല്ല എന്നതാണ് കാരണം.
7. തൊഴിൽ തർക്കങ്ങൾ പരിഹരിക്കാനുള്ള വ്യവസ്ഥകൾ ഗാർഹിക തൊഴിലാളികൾക്കും ബാധകമാണ്. എൽ.എം.ആർ.എയിലും തൊഴിൽ മന്ത്രാലയത്തിലും കോടതിയിലും പരാതി നൽകാവുന്നതാണ്.
8. തൊഴിൽസമയം, ഓവർടൈം, വാർഷിക അവധി ഒഴികെയുള്ള അവധികൾ എന്നിവ വീട്ടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ബാധകമല്ല. പക്ഷേ ഇത്തരം കാര്യങ്ങൾ തൊഴിൽ കരാറിൽ വ്യവസ്ഥചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.