ബഹ്റൈനിൽ പൊതുമാർക്കറ്റുകൾ നവീകരണത്തിനൊരുങ്ങുന്നു
text_fieldsമനാമ: രാജ്യത്തെ മാർക്കറ്റുകൾ ഉപഭോക്താക്കളുടെ ആവശ്യകതകൾക്കനുസൃതമായി നവീകരിക്കാനും, ചിലയിടങ്ങളിൽ പുതിയ മാർക്കറ്റുകൾ സ്ഥാപിക്കാനും പദ്ധതി. നവീകരണ പദ്ധതികൾ മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വാൽ അൽ മുബാറക് എം.പിമാരോട് വിശദീകരിച്ചു. താമസക്കാരുടെയും സന്ദർശകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വാണിജ്യ സമുച്ചയങ്ങളടക്കം ഉണ്ടാകും. വ്യാപാരികളുടെ ആവശ്യങ്ങൾക്കും പ്രാദേശിക കമ്യൂണിറ്റികളുടെ ആവശ്യങ്ങൾക്കും അനുസൃതമായി സൗകര്യപ്രദമായ വാണിജ്യ സേവനങ്ങൾ നൽകാനുള്ള സർക്കാറിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ നീക്കം. ബഹ്റൈനിലെ എല്ലാ മേഖലകളിലും ഇതിനകം തന്നെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന മാർക്കറ്റുകളും കോംപ്ലക്സുകളും നിർമിച്ചിട്ടുണ്ട്. പ്രാദേശിക കമ്യൂണിറ്റികൾക്ക് കൂടുതൽ പ്രയോജനകരമായ രീതിയിൽ ഷോപ്പുകൾ ഉൾക്കൊള്ളുന്ന മിനി-വാണിജ്യ സമുച്ചയങ്ങൾ നിർമിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
റിഫ സെൻട്രൽ മാർക്കറ്റിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും
റിഫ സെൻട്രൽ മാർക്കറ്റിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വ്യാപാരികളെ പുനരധിവസിപ്പിക്കും. മുഹറഖ് സെൻട്രൽ മാർക്കറ്റ് സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് സ്ഥാപിച്ചതെന്നും മന്ത്രി പറഞ്ഞു.
മനാമ സെൻട്രൽ മാർക്കറ്റ് നവീകരണം ആദ്യഘട്ടം പൂർത്തിയായി
മനാമ സെൻട്രൽ മാർക്കറ്റിന്റെ നവീകരണം പുരോഗമിക്കുകയാണ്. പാർക്കിങ് ഏരിയകളിലേക്കുള്ള നവീകരണം, ഡ്രെയിനേജ് സംവിധാനങ്ങൾ, വൈദ്യുതി സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്ര വികസന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി.
രണ്ടാം ഘട്ടത്തിൽ മാർക്കറ്റിന്റെ ഭിത്തി നിർമാണം, വാഹന പാർക്കിങ്ങിന്റെ പുനരുദ്ധാരണം എന്നിവ നടക്കും. മൊത്തവ്യാപാര പച്ചക്കറി-പഴം വിപണി മറ്റൊരിടത്തേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഈസ്റ്റ് ഹിദ്ദ് സെൻട്രൽ ഫിഷ് മാർക്കറ്റിന്റെ വികസനത്തിനായി 2,809 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ഥലം അനുവദിച്ചിട്ടുണ്ട്. സിത്ര സെൻട്രൽ മാർക്കറ്റ് വികസനത്തിന്റെ ഭാഗമായി നിലവിലുള്ള മാർക്കറ്റ് താൽക്കാലികമായി മറ്റൊരിടത്തേക്ക് മാറ്റും.
വിപുലീകൃത സൗകര്യങ്ങളും വിപുലീകരിച്ച പാർക്കിങ്ങുമുള്ള സ്ഥിരം മാർക്കറ്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ജിദാഫ് സെൻട്രൽ മാർക്കറ്റിനായി പുതിയ സ്ഥലം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഖലീഫ ടൗണിലെ 10,008 ചതുരശ്ര മീറ്റർ വസ്തു സെൻട്രൽ മാർക്കറ്റിനായി അനുവദിച്ചിട്ടുണ്ടെന്നും ഈസ്റ്റ് ഹിദ്ദ് ടൗണിലെ ഭൂമി സെൻട്രൽ ഫിഷ് മാർക്കറ്റിനായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.