ഖത്തർ എയർവെയ്സിെൻറ ലൈസൻസ് ബഹ്റൈൻ റദ്ദാക്കി
text_fieldsമനാമ: ബഹ്റൈനിൽ ഖത്തർ എയർവെയ്സിെൻറ ലൈസൻസ് റദ്ദാക്കി. കമ്പനിയുടെ ബഹ്റൈനിലെ ഒാഫിസുകൾ അടക്കാനും ഉത്തരവിട്ടു. 48 മണിക്കൂറിനകം ഒാഫിസുകൾ അടക്കണമെന്നാണ് ഉത്തരവ്.ഇതിനകം ഖത്തർ എയർവെയ്സിൽ നിന്ന് ടിക്കറ്റെടുത്തവർ തുക തിരിച്ചുകിട്ടാനായി ഉടൻ അവരുടെ ഒാഫിസുമായി ബന്ധപ്പെടുകയോ വെബ്സൈറ്റ് സന്ദർശിക്കുകയോ വേണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
വിവിധ സ്ഥലങ്ങളിലേക്ക് ഖത്തർ എയർവെയ്സ് വഴി ടിക്കറ്റ് ബുക് ചെയ്ത പ്രവാസികൾ കടുത്ത പ്രതിസന്ധിയിലാണ്. സ്കൂൾ അവധി പ്രമാണിച്ച് ജൂൺ അവസാനം നാട്ടിലേക്കും സെപ്റ്റംബറിൽ തിരിച്ച് ബഹ്റൈനിലേക്കും ഖത്തർ എയർവെയ്സ് വഴി ടിക്കറ്റ് ബുക് ചെയ്ത നിരവധി കുടുംബങ്ങളുണ്ട്. വൺവെ 60 ദിനാറിനടുത്ത് ചാർജ് ഉണ്ടായിരുന്ന സമയത്താണ് ഇവർ പലരും ടിക്കറ്റ് എടുത്തിട്ടുള്ളത്. ഇപ്പോൾ 150 ദിനാർ വരെയാണ് നിരക്ക്. അതുകൊണ്ട്, മുെമ്പടുത്ത ടിക്കറ്റ് റീഫണ്ട് ചെയ്ത് കിട്ടിയാലും ചെലവ് ഇരട്ടിക്കും. ഇത് ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളുടെ സാരമായി ബാധിക്കും. ഇൗ അവസ്ഥ പരിഗണിച്ച് ചിലർ നാട്ടിലേക്കുള്ള യാത്ര തന്നെ മാറ്റിയിട്ടുണ്ട്.
ഇന്നലെ ബഹ്റൈനിലെ ട്രാവൽ ഏജൻസികളിൽ ടിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ അറിയാനും ടിക്കറ്റ് കാൻസൽ ചെയ്യാനുമെത്തിയവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഖത്തർ എയർവെയ്സിനെ സമീപിച്ചവർക്ക് ‘ഗൾഫ് എയർ’, ‘ഇത്തിഹാദ്’, ‘ഒമാൻ എയർ’ എന്നീ കമ്പനികളുടെ ടിക്കറ്റ് ഇന്നലെ പകരം നൽകിയിട്ടുണ്ട്. 48 മണിക്കൂറിനകം ഒാഫിസ് പൂട്ടണമെന്ന അറിയിപ്പുവന്നതോടെ, ഇന്ന് തിരക്ക് കൂടാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.