രാധിക ബൈഗ് നാഥിന് വേണ്ടത് സുമനസ്സുകളുടെ കൈത്താങ്ങ്
text_fieldsമനാമ: ഈ കാഴ്ചകൾ കാണുമ്പോഴാണ് ഇത്രയും ദുരിതത്തിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ടെന്ന് അറിയാൻ കഴിയുന്നത്. അത്ര പരിതാപകരമായ അവസ്ഥയിലൂടെയാണ് ഉത്തർപ്രദേശ് സ്വദേശികളായ രാധികയും(62) ഭർത്താവ് മംഗൾപാണ്ഡ് കിഷോറും (67) സ്കൂളിൽ പഠിക്കുന്ന ഏഴു വയസ്സുകാരൻ പ്രിൻസ് കുമാറും കടന്നുപോകുന്നത്. വൃത്തിഹീനമായ ഒരു കുടുസ്സുമുറിയിലാണ് ഇവരുടെ ജീവിതം. മസ്തിഷ്കാഘാതം വന്ന് സൽമാനിയ ഹോസ്പിറ്റലിൽ രണ്ട് മാസത്തോളം ചികിത്സയിലായിരുന്നു രാധിക. കൂടാതെ, അനിയന്ത്രിതമായ പ്രമേഹവും രക്തസമ്മർദവും. സൽമാനിയയിൽനിന്നും ഡിസ്ചാർജായി വീട്ടിൽ വന്നെങ്കിലും അസുഖം കൂടിയതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവരെ.
കോവിഡ് മഹാമാരിയെത്തുടർന്ന് കിഷോറിന് തെൻറ ഏക വരുമാനമാർഗമായ ലോൺഡ്രി അടക്കേണ്ടി വന്നു. ലോക്ഡൗണിനു ശേഷം ലോൺഡ്രി തുറന്നെങ്കിലും ഭാര്യയുടെ അസുഖവും പ്രായാധിക്യവും മറ്റു ബുദ്ധിമുട്ടുകളും സ്ഥാപനത്തിെൻറ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. ഈ അവസരത്തിലാണ് ഹോപ് (പ്രതീക്ഷ) ബഹ്റൈൻ പ്രവർത്തകർ ഇവരെ കണ്ടെത്തിയത്. അന്നുമുതൽ അവർക്ക് അത്യാവശ്യമായ മരുന്നുകൾ, ഭക്ഷ്യകിറ്റുകൾ, കുട്ടിക്കാവശ്യമായ പ്രത്യേക കിറ്റുകൾ എന്നിവ ഹോപ് പ്രവർത്തകർ നൽകുന്നുണ്ട്. തുടർചികിത്സക്കും മറ്റുമായി ഭാര്യയെ നാട്ടിൽ കൊണ്ടുപോകണമെന്ന് കിഷോറിന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക അപര്യാപ്തത മൂലം സാധിക്കാത്ത സ്ഥിതിയാണ്. മറ്റുള്ളവരുടെ പ്രശ്നം സ്വന്തം പ്രശ്നമായി കരുതുന്ന ബഹ്റൈനിലെ സുമനസ്സുകളുടെ സഹായം ഈ കുടുംബത്തിന് ഒരു കൈത്താങ്ങായാൽ വിദഗ്ധ ചികിത്സക്കായി രാധികയെ നാട്ടിൽ എത്തിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഹോപ് പ്രവർത്തകരായ അഷ്കർ പൂഴിത്തല (33950796), ഷാജി ഇളമ്പലായി (36621954) എന്നിവരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.