മഴ നാശം: നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കിരീടാവകാശി
text_fieldsമനാമ: കനത്ത മഴയിലും വെള്ളക്കെട്ടിലും നാശനഷ്ടം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിട്ടു. മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയത്തോടും പൊതുമരാമത്ത് മന്ത്രാലയത്തോടും നാശനഷ്ടം വിലയിരുത്താനും നിർദേശിച്ചു.
മഴക്കെടുതി പ്രതികൂലമായി ബാധിച്ച പ്രദേശങ്ങൾ കണ്ടെത്തി നിലവിലുള്ള പ്രശ്നങ്ങളും ഭാവിയിൽ വന്നേക്കാവുന്ന ആവശ്യങ്ങളും നിറവേറ്റുന്നതിനായി മികച്ച രീതിയിൽ അടിസ്ഥാന സൗകര്യങ്ങളും ഡ്രെയിനേജ് സംവിധാനവും വികസിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു.
ഉദ്യോഗസ്ഥർ അശ്രാന്ത പരിശ്രമം നടത്തി വെള്ളപ്പൊക്കമുണ്ടായ റോഡുകളും ഹൈവേകളും ചൊവ്വാഴ്ച വൃത്തിയാക്കിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ മഴ ശമിച്ചിരുന്നു.
കെട്ടിക്കിടന്ന വെള്ളം പമ്പ് ചെയ്ത് മാറ്റി. ബുധനാഴ്ച തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞായറാഴ്ച മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളൂ.
കഴിഞ്ഞ ദിവസം പെയ്തത് ബഹ്റൈനിലെ രണ്ടാമത്തെ കനത്ത മഴ
1995ലാണ് രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന മഴ രേഖപ്പെടുത്തിയത്
മനാമ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത് ബഹ്റൈൻ അഭിമുഖീകരിച്ച ഏറ്റവും വലിയ രണ്ടാമത്തെ മഴ. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ശരാശരി 67.6 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മഴ രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷമുള്ള രണ്ടാമത്തെ കനത്ത മഴയാണിത്. 1995 മാർച്ച് 12ന് ബഹ്റൈൻ എയർപോർട്ടിലാണ് രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന മഴ രേഖപ്പെടുത്തിയത്.
ശരാശരി 67.9 മില്ലീമീറ്ററായിരുന്നു അന്ന് പെയ്തത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ശരാശരി മഴ ലഭിച്ച സ്ഥലം ബഹ്റൈൻ സർവകലാശാലയാണ്. 96.8 മില്ലീമീറ്റർ. രണ്ട് ദിവസത്തിനിടെ ബഹ്റൈനിൽ ലഭിച്ചത് 45.5 മില്ലിമീറ്റർ മഴയാണെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം ഡയറക്ടർ ഖാലിദ് യാസീൻ അറിയിച്ചു. കാറ്റ് 53 നോട്ടിക് മൈൽവരെ വേഗം കൈവരിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാണ് രണ്ട് ദിവസം ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടായത്.
കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഇത്തരമൊരു മഴ രാജ്യത്ത് ലഭിച്ചിട്ടില്ല. സൗദി കോസ്വെയിൽ 41.8 മില്ലിമീറ്റർ, ദുറത്തുൽ ബഹ്റൈൻ 42.8 മില്ലിമീറ്റർ, സിത്ര 63.6 മില്ലിമീറ്റർ, ഇന്റർനാഷനൽ സർക്യൂട്ട് 93.6 മില്ലിമീറ്റർ, ഹൂറത് ആലില 95.8 മില്ലിമീറ്റർ, ബഹ്റൈൻ യൂനിവേഴ്സിറ്റി 96.8 മില്ലിമീറ്റർ എന്നിങ്ങനെയാണ് വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.