മഴ: ജനങ്ങൾ ജാഗ്രത പുലർത്തണം
text_fieldsമനാമ: അറേബ്യൻ പെനിൻസുല മേഖലയിൽ പുതിയ ന്യൂനമർദം മൂലം ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നതിനാൽ ജനം ജാഗ്രത പുലർത്തണമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം. ബുധനും വ്യാഴവും മിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട് . ശനിയാഴ്ച പുലർച്ചെവരെ അസ്ഥിര കാലാവസ്ഥ തുടരും. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരുകയാണെന്നും ആവശ്യമായ അറിയിപ്പുകൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ലഭ്യമാക്കും എന്നും അധികൃതർ പറയുന്നു. ഓൺലൈനായി വരുന്ന അഭ്യൂഹങ്ങളെ വിശ്വസിക്കാതെ, വിശ്വസനീയ ഉറവിടങ്ങളിൽനിന്ന് കാലാവസ്ഥ വാർത്തകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ഔദ്യോഗിക വാർത്തകൾക്കും കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ, ആളുകൾക്ക് ഒന്നുകിൽ ബഹ്റൈൻ വെതർ ആപ് ഡൗൺലോഡ് ചെയ്യാം.
bahrainweather.gov.bh എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയും വിവരങ്ങൾ ലഭിക്കും. അല്ലെങ്കിൽ Instagram @mtt_weather-, X @WeatherBahrain-ലും മന്ത്രാലയത്തെ ഫോളോ ചെയ്യുക. 17235235 ,17236236 എന്നീ നമ്പറിൽ വിളിച്ചും കൂടുതൽ വിവരങ്ങൾ അറിയാം.
മഴവെള്ളം കെട്ടിക്കിടന്നുള്ള നാശനഷ്ടങ്ങൾ കുറക്കുന്നതിനുമുള്ള തയാറെടുപ്പ് നടത്തിയതായി നാല് ഗവർണറേറ്റുകളും അറിയിച്ചു. ഹിദ്ദ്, ഗുദൈബിയ, ഹൂറ, ഹമദ് ടൗൺ, മൽക്കിയ, സിത്ര, സനദ്, ലൗസി, സിഞ്ച്, ഇസ ടൗൺ, ബുരി എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ മഴയിൽ ഏറ്റവും കൂടുതൽ നാശമുണ്ടായത്. മഴവെള്ളം ഒഴുക്കിക്കളയുന്നതിനും ഗതാഗത നിയന്ത്രണ സേവനങ്ങൾ, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും ആവശ്യമായ കാര്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ടാങ്കറുകൾ, വാട്ടർ പമ്പുകൾ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കാൻ എമർജൻസി റെയിൻ ടീമുകളെ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
മുന്നറിയിപ്പുമായി ട്രാഫിക് ഡയറക്ടറേറ്റ്
മനാമ: മഴയുടെ പശ്ചാത്തലത്തിൽ ഡ്രൈവർമാർ ശ്രദ്ധ പുലർത്തണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് നിർദേശിച്ചു. വെള്ളം കെട്ടി നിൽക്കുന്ന റൂട്ടുകൾ ഒഴിവാക്കി സമാന്തരപാത കണ്ടെത്താൻ ശ്രമിക്കണം. മറ്റ് ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടാതിരിക്കാൻ ലോ ബീം ഹെഡ് ലൈറ്റുകൾ ഉപയോഗിക്കുക, മറ്റ് വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുക, സ്പീഡ് ലിമിറ്റ് പാലിക്കുക, ലെയിൻ ട്രാഫിക് കർശനമായി പാലിക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.