മഴ ദുരിതാശ്വാസ നടപടികൾ പ്രശംസനീയം -പ്രധാനമന്ത്രി
text_fieldsമനാമ: രാജ്യത്ത് മഴക്കെടുതി നേരിടാൻ സ്വീകരിച്ച മുൻകരുതൽ നടപടികൾ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വിലയിരുത്തി. വിവിധ സ്ഥലങ്ങളിൽ മഴവെള്ളം ഒഴുകിപ്പോകാൻ സ്ഥാപിച്ചിട്ടുള്ള ഡ്രെയ്നേജ് ശൃംഖലയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള മറ്റു സംവിധാനങ്ങളും അദ്ദേഹം സന്ദർശിച്ചു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സമഗ്ര വികസനത്തിന്റെ ഭാഗമായി വിവിധ മേഖലകളുടെ വികസനം ടീം ബഹ്റൈന്റെ ഏറ്റവും ഉയർന്ന പരിഗണന വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.
മഴവെള്ളം ഒഴുകിപ്പോകാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതികൾക്ക് മേൽനോട്ടം വഹിച്ചവർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പദ്ധതികളുടെ നിലവാരവും കാലദൈർഘ്യവും ഉറപ്പാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തമാക്കാനും അദ്ദേഹം നിർദേശം നൽകി.
അൽ ലോസി പ്രദേശത്ത് സന്ദർശനം നടത്തിയ പ്രധാനമന്ത്രി, മഴക്കെടുതി നേരിടുന്നതിനുള്ള എമർജൻസി ടീമിനെയും ബന്ധപ്പെട്ട അതോറിറ്റികളെയും അഭിനന്ദിച്ചു. മഴക്കാലം ആരംഭിച്ചപ്പോൾതന്നെ വേണ്ട പരിഹാര നടപടികൾ സ്വീകരിച്ചതായും വിലയിരുത്തി. നിരവധി മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.