യുവാവിന്റെ ആത്മഹത്യ; കൊള്ളപ്പലിശക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ
text_fieldsമനാമ: ബഹ്റൈനിൽ യുവാവ് ആത്മഹത്യ ചെയ്തതിന് കാരണക്കാരായ കൊള്ളപ്പലിശക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ അധികൃതർക്ക് പരാതി നൽകി. സനദിലെ ഒരു കടയിൽ ജോലി ചെയ്തിരുന്ന മലപ്പുറം പള്ളിക്കൽ ചേലപ്പുറത്ത് വീട്ടിൽ പി.സി. രാജീവൻ (40) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നീതി തേടി ഭാര്യ പി.എം. സിംജിഷ രംഗത്തെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 26ന് വൈകീട്ടാണ് രാജീവനെ ഹമലയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരണശേഷം ഇദ്ദേഹത്തിന്റെ സഹോദരീഭർത്താവ് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കൊള്ളപ്പലിശക്കാരുടെ ക്രൂരതയിലേക്ക് വിരൽചൂണ്ടുന്ന വാട്സ്ആപ് സന്ദേശങ്ങൾ കണ്ടെത്തിയത്.
ഹമദ് ടൗണിലെ കാർപെന്ററി വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയിൽനിന്ന് രാജീവൻ അമിത പലിശക്ക് പണം വാങ്ങിയിരുന്നുവെന്നും അയാളുടെ ഭീഷണിയും മാനസിക സമ്മർദവും സഹിക്കാനാകാതെ ജീവനൊടുക്കുകയായിരുന്നു എന്നുമാണ് പരാതിയിൽ പറയുന്നത്.
പലിശക്കാരനും ബന്ധുവിനും ഇതുസംബന്ധിച്ച് വാട്സ്ആപ്പിൽ ശബ്ദസന്ദേശമയച്ച ശേഷമായിരുന്നു മരണം. കൂടുതൽ പണം തന്നില്ലെങ്കിൽ തന്നെ കൊല്ലുമെന്ന് പലിശക്കാരൻ ഭീഷണിപ്പെടുത്തിയതായി രാജീവന്റെ ശബ്ദസന്ദേശത്തിലുണ്ട്. കൊള്ളപ്പലിശക്കാരന്റെ നിർദേശപ്രകാരം രാജീവൻ വിവിധ അക്കൗണ്ടുകളിലേക്ക് പണമയച്ചതിന്റെ രേഖകളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഭാര്യ, നാലും ഒമ്പതും വയസ്സുള്ള രണ്ടു മക്കൾ, 76 വയസ്സുള്ള പിതാവ്, 67 വയസ്സുള്ള മാതാവ് എന്നിവരാണ് രാജീവനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.