മഷിപ്പാടുകളിൽ രക്തക്കറ പുരളുമ്പോൾ; ‘രക്തക്കറ പുരണ്ട മഷിപ്പാടുകൾ’ പ്രകാശനം ഇന്ന്
text_fieldsപത്തനംതിട്ട ചിറ്റാറിന്റെ മണ്ണിൽനിന്ന് പ്രവാസത്തിലേക്ക് എത്തിയ ബിജിക്ക് കൂട്ട് ഏകാന്തതയും ഓർമകളും മാത്രമായിരുന്നു. കാലം മുന്നോട്ടും വിധി പിന്നോട്ടും നീങ്ങിയപ്പോൾ മനസ്സു മാത്രം നിഴലുപോലെ കൂടെയുണ്ടായി.
പഠിച്ചതല്ല കിട്ടിയതെങ്കിലും കിട്ടിയതിൽ ഒതുങ്ങി. അവിടെനിന്ന് വീണ്ടും ഒരു പുതിയ യാത്രക്ക് തുടക്കം കുറിച്ചപ്പോഴാണ് എഴുത്ത് സംഭവിച്ചത്. പുതിയ എഴുത്തിനെ സമൂഹ മാധ്യമങ്ങൾ ഇരു കൈയും നീട്ടി സ്വീകരിച്ചു. അവിടെ അദ്ദേഹത്തിന്റെ രചനകൾ വിജയം കൈവരിച്ചു.
ബാബ ആമി എന്ന ബിജി തോമസിന്റെ ഏറ്റവും പുതിയ കൃതിയാണ് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘രക്തക്കറ പുരണ്ട മഷിപ്പാടുകൾ’. അതിനുമുമ്പ് രണ്ട് കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ‘മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടം’ ആദ്യത്തെ ചെറുകഥ സമാഹാരമായിരുന്നു. രണ്ടാമതായി ‘അവൾ സുധർമ’ എന്ന നോവലും വെളിച്ചം കണ്ടു.
സമൂഹവും അതിന്റെ ചുറ്റുപാടും അതുപോലെത്തന്നെ സ്നേഹവും കഷ്ടപ്പാടുകളും പ്രണയവും നഷ്ടവുമെല്ലാം ‘രക്തക്കറ പുരണ്ട മഷിപ്പാടുകളിൽ’ പ്രമേയമായി വരുന്നു.
മനുഷ്യനെ പറഞ്ഞു പേടിപ്പിക്കുന്ന ചില സത്യങ്ങളും കൊറോണയുടെ ശേഷമുള്ള മനുഷ്യൻ, മരണശേഷം എന്ത്? എന്നിങ്ങനെ കുറെ ചോദ്യങ്ങളും രക്തക്കറയിലെ മഷിപ്പാടുകൾ ഉയർത്തുന്നു. മനുഷ്യന് പുറമെ ഭൂമിയിലുള്ള സകല ജന്തുക്കളും കഥപറയുന്നു പുസ്തകം.
എഴുത്തിന്റെ വഴിയിൽ നിരവധി അംഗീകാരങ്ങൾ ബിജി തോമസിന് ലഭിച്ചിട്ടുണ്ട്.
ബഹ്റൈൻ കെ.എം.സി.സി, പ്രവാസി വെൽഫെയർ, മുഹറഖ് മലയാളി സമാജം, പത്തനംതിട്ട പ്രവാസി അസോസിയേഷൻ എന്നിങ്ങനെ വിവിധ സംഘടനകളുടെ അംഗീകാരങ്ങൾ ലഭിച്ചു.
നവഭാവന ചാരിറ്റബ്ൾ സൊസൈറ്റി അംഗീകാരം, ഭാരതീയം കാക്കനാടൻ പുരസ്കാരം, സുവർണ തൂലിക പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
‘രക്തക്കറ പുരണ്ട മഷിപ്പാടുകൾ’ ഇന്ന് രാത്രി എട്ടിന് കേരളീയ സമാജത്തിൽ നടക്കുന്ന ബി.കെ.എസ്- ഡി.സി പുസ്തകോത്സവത്തിൽ നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് പ്രകാശനം ചെയ്യും.
തയാറാക്കിയത്-സുനിൽ കുമാർ (ഇന്ത്യൻ സ്കൂൾ ബഹ്റൈൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.