റമദാൻ അവസാന പത്തിലേക്ക്
text_fieldsറമദാനിലെ അവസാന പത്തിലെ ആദ്യ തറാവീഹിന് ഒത്തുകൂടിയവർ
വിശുദ്ധ റമദാൻ അവസാനത്തെ പത്തിലേക്ക് കടന്നതോടെ ലോകത്തെങ്ങുമുള്ള പള്ളികൾ പോലെ ബഹ്റൈനിലെ പള്ളികളും കൂടുതൽ സജീവമാവുകയാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ആരാധനകൾക്കും സൽക്കർമങ്ങൾക്കും കൂടുതൽ ദൈവിക പ്രതിഫലം ലഭിക്കുന്ന സന്ദർഭങ്ങളാണ് ഇനിയുള്ളത്.
റമദാനിലെ അവസാനത്തെ പത്ത് ദിനരാത്രങ്ങൾ ഏറെ ശ്രേഷ്ഠവും പവിത്രവുമാണ്. ഇനിയുള്ള എല്ലാ രാത്രികളിലും പല പള്ളികളിലും ‘ഖിയാമുല്ലൈൽ’ (നിശാനമസ്കാരം) സംഘടിപ്പിക്കും. ശ്രുതിമധുരവും ഭക്തിസാന്ദ്രവുമായ ഖുർആൻ പാരായണമാണ് ഈ നമസ്കാരത്തിന്റെ പ്രത്യേകത.
ഈ നമസ്കാരത്തിന് നേതൃത്വം നൽകുന്നത് രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ഖുർആൻ പണ്ഡിതരും പാരായണക്കാരുമാണ്. ”റമദാനിലെ അവസാനത്തെ പത്തായിക്കഴിഞ്ഞാല് നബി തിരുമേനി മുണ്ട് മുറുക്കിയുടുക്കും. രാവിനെ സജീവമാക്കും. കുടുംബത്തെ വിളിച്ചുണര്‍ത്തും.” (ബുഖാരി). പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് അദ്ദേഹത്തിന്റെ പത്നി ആയിഷ പറയുന്ന വാക്കുകളാണിത്.
പല പള്ളികളിലും രാത്രി ഭജനമിരിക്കാനുള്ള (ഇഅ്തികാഫ്) സൗകര്യവുമുണ്ട്. ഇവർക്ക് അത്താഴത്തിനുള്ള ഭക്ഷണസൗകര്യമൊരുക്കുന്ന പള്ളികളുമുണ്ട്. ഈ ദിവസങ്ങളിലെ ഏറെ പ്രതിഫലാർഹമായ ഒരു പ്രധാന ആരാധനയാണ് ഇഅ്തികാഫ് (ദൈവപ്രീതി കാംക്ഷിച്ചു കൊണ്ട് പള്ളിയിൽ ഭജനമിരിക്കൽ).
സ്വദേശികളും വിദേശികളുമായ സ്ത്രീകളും കുട്ടികളുമുൾപ്പെടെ രാത്രികളിൽ പള്ളിയിൽ ഇങ്ങനെ ഭജനമിരിക്കാൻ എത്തുന്നവർ നിരവധിയാണ്. ഇവർ നമസ്കാരവും, ഖുർആൻ പാരായണവും, പ്രാർഥനയുമായി പ്രഭാത നമസ്കാരം വരെ പള്ളിയിൽ കഴിച്ചുകൂട്ടും.
ജോലികളും മറ്റെല്ലാ ഇടപാടുകളും നിർത്തിവെച്ച് അവസാനത്തെ പത്ത് മുഴുവനായും പള്ളിയിൽ ഭജനമിരിക്കുന്നവരും ഉണ്ട്. ഇവർ പെരുന്നാൾ മാസപ്പിറവി കണ്ടതിനുശേഷമാണ് വീടുകളിലേക്ക് മടങ്ങുക. രാത്രിയിലുള്ള ഖിയാമുല്ലൈനിനു (നിശാനമസ്ക്കാരം) ഇടയിലും ശേഷവും പണ്ഡിതന്മാരുടെ പ്രത്യേകമായ ഉദ്ബോധനങ്ങളും പഠനക്ലാസുകളും ഖുർആനും ഹദീസും അടിസ്ഥാനമാക്കിയുള്ള വിവിധ വിജ്ഞാന മത്സരങ്ങളും ഉണ്ടാവും. യുവാക്കളുടെ സംഘങ്ങളാണ് മിക്കയിടങ്ങളിലും ഇതിന്റെ ഒരുക്കങ്ങൾക്ക് മുന്നിൽ ഉണ്ടാവുക. കുട്ടികളും വലിയ ആവേശത്തോടെ ഒത്താശക്കാരായി ചുറുചുറുക്കോടെ അവരുടെ കൂടെയുണ്ടാവും.
വിശ്വാസികളുടെ പ്രാർഥനകൾക്ക് പടച്ചവൻ ഉത്തരം നൽകാൻ സാധ്യത ഏറെയുള്ള നിമിഷങ്ങളാണ് ഇനി വരാനിരിക്കുന്നത്. ചെയ്തുപോയ തെറ്റുകൾ തിരിച്ചറിയുകയും ഇനിയുള്ള ജീവിതത്തിൽ അത്തരം ചെളിക്കുണ്ടിൽ വീണുപോവുകയില്ല എന്ന് മനസ്സിൽ ഉറപ്പിക്കുകയും ചെയ്യുന്നു ഓരോ വിശ്വാസിയും. അവരുടെ പ്രാർഥനകളിൽ ലോകത്തെങ്ങുമുള്ള പീഡിതരും മർദിതരും ഇടംപിടിക്കും. പ്രാർഥനയിലൂടെ അവൻ ഒരു വിശ്വപൗരനായി മാറുകയാണ്. ലോകത്തെങ്ങുമുള്ള അവശരുടെയും അശരണരുടെയും വേദനകളിലും പ്രയാസങ്ങളിലും പങ്ക് ചേരുകയും അവരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നവനാണ് ഓരോ വിശ്വാസിയും.
ഈ ദിവസങ്ങൾ ഇത്രയും പ്രാധാന്യവും വിശിഷ്ടവുമാവുന്നത് വിശുദ്ധ ഖുർആനിന്റെ അവതരണാരംഭം സംഭവിച്ചത് ഈ ദിവസങ്ങളിൽ ആണെന്നുള്ളതാണ്. അവസാനത്തെ ഒറ്റയായ രാവുകളിൽ ഏതോ ഒന്നിലാണ് ആ മഹാസംഭവം നടന്നത് എന്നാണ് പ്രവാചകാധ്യാപനം. ആയിരം മാസങ്ങളേക്കാൾ പുണ്യം നിറഞ്ഞ രാവെന്നാണ് വിശുദ്ധ ഖുർആൻ അതിനെ വിശേഷിപ്പിച്ചത്.
‘ഇതി(ഖുര്‍ആനി)നെ നാം വിധിനിര്‍ണയ രാവില്‍ ഇറക്കിയിരിക്കുന്നു. വിധിനിര്‍ണയ രാവ് എന്തെന്ന് നിനക്കെന്തറിയാം? വിധിനിര്‍ണയ രാവ് ആയിരം മാസത്തിലേറെ ശ്രേഷ്ഠമാകുന്നു. അതില്‍ മലക്കുകളും റൂഹും (ജിബ്രീൽ) അവരുടെ നാഥന്റെ അനുമതിയോടെ സമസ്ത സംഗതികളുടെയും വിധിയും കൊണ്ടിറങ്ങിവരുന്നു.
ആ രാവ് തികഞ്ഞ സമാധാനമാകുന്നു; പ്രഭാതം വരെ ‘(ഖുർആൻ 97). ജിബ്രീൽ മാലാഖ ദൈവത്തിന്റെ ദിവ്യ വെളിപാടുകളുമായി ഹിറാ ഗുഹയിൽ ധ്യാന നിമഗ്നനായ പ്രവാചകന്റെ സന്നിധിയിലേക്ക് ആദ്യമായി എത്തുന്നത് ഈ രാവിലായിരുന്നു. ഇതുകൊണ്ടാണ് ഈ രാവിനെ അനുഗ്രഹീത രാവ് എന്ന് വിശേഷിപ്പിക്കുന്നത്.
പെരുന്നാൾ പിറ കണ്ടാൽ വിശ്വാസികൾ നൽകുന്ന ഫിത്ർ സകാത്തിന്റെ വിഭവ ശേഖരണവും പള്ളികളിൽനിന്ന് ഈ സന്ദർഭത്തിൽ നടക്കും. മണ്ണിലും വിണ്ണിലും മാലാഖമാർ നിറയുന്ന, മനുഷ്യർ മാലാഖമാരുടെ വിശുദ്ധി കൈവരിക്കുകയും ചെയ്യുന്ന പുണ്യദിനങ്ങൾ പ്രയോജനപ്പെടുത്താനുള്ള തിരക്കിലായിരിക്കും ഇനി മുതൽ ദൈവഭക്തർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.