ഓർമകളിലെ റമദാനും ബാല്യവും
text_fieldsഓരോ റമദാൻ മാസവും പിറവിയെടുക്കുമ്പോഴും മനസ്സിൽ പുതുക്കിയെടുക്കുന്നത് കുട്ടിക്കാലത്തെ നോമ്പോർമകളും കൂടിയാണ്. അന്നത്തെ അര നോമ്പുകാരൻ ആയ അഞ്ചു വയസ്സുകാരനും അവെൻറ നോമ്പുള്ള ദിവസങ്ങളിലെ രാജകീയ പരിഗണനയുമൊക്കെ വൈവിധ്യമാർന്ന രുചിയോടെയും മണത്തോടെയും മനസ്സിൽ തെളിഞ്ഞുവരും. ഒപ്പം ഉമ്മാെൻറ ഉറവ വറ്റാത്ത സ്നേഹപരിലാളനകളും.
അൽപം മുതിർന്നപ്പോൾ അരനോമ്പ് ഒരു നോമ്പായി. അതും ചിലപ്പോഴൊക്കെ അവശനായി മുറിക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ 'കുറച്ചു നേരം കൂടി, ഇതാ ബാങ്ക് കൊടുത്തു' എന്നുപറഞ്ഞ് ഉമ്മ നീട്ടാൻ പ്രോത്സാഹിപ്പിക്കും.അന്നൊക്കെ ഞങ്ങൾ ആൺകുട്ടികൾക്ക് സക്കാത്തിന് നടക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു. കൂട്ടുകാരോടൊത്ത് ഒന്നു രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലൊക്കെ പോകും. ചിലർ 'ഇരുപത്തിയേഴിനു വാ മക്കേള' എന്നു പറഞ്ഞ് സ്നേഹത്തോടെ തിരിച്ചയക്കും. ചിലർ ഒരു രൂപയുടെയോ രണ്ടു രൂപയുടെയോ നാണയത്തുട്ട്, മറ്റു ചിലർ (വലിയ വീടുള്ളവർ) അഞ്ചിെൻറയോ പത്തിെൻറയോ നോട്ട്.
ഞങ്ങൾ കുട്ടികളുടെ കൈയിൽ ഇഷ്ടംപോലെ പോക്കറ്റ് മണി ഉണ്ടാകുന്ന മാസം കൂടിയായിരുന്നു റമദാൻ. അത് പെരുന്നാളോടു കൂടി പടക്കം പൊട്ടിച്ചും മറ്റും തീർത്തിട്ടുണ്ടാവും.
പലപ്പോഴും വീട്ടിൽ പറയാതെയാകും സക്കാത്തുനടത്തം. വീട്ടിൽ അറിഞ്ഞാലും തറവാട്ടിൽ അറിയാതിരിക്കാൻ ശ്രദ്ധിക്കും. പ്രത്യേകിച്ച് ഞങ്ങൾ കുട്ടികൾ ഉപ്പമാരെക്കാളും ഉപ്പാപ്പയെക്കാളും ഭയപ്പെട്ടിരുന്ന പൂക്കാക്ക (ഉമ്മാെൻറ ആങ്ങള) അറിഞ്ഞാൽ പിന്നെ ശകാരവർഷം ആയിരുന്നു. തറവാട്ടിൽ ഞങ്ങൾ കുട്ടികൾ എന്തെങ്കിലും കുരുത്തക്കേടുകൾ ഒപ്പിച്ചാൽ ഞങ്ങളുടെ ഉമ്മമാർ ഉപ്പയെ കൊണ്ടല്ല ഭയപ്പെടുത്തുക; ഏക അമ്മാവനായ നാസർ എന്ന 'പൂക്കാക്ക'യെ ഓർമിപ്പിച്ചുകൊണ്ടായിരിക്കും. 'നാസറിങ്ങു വരട്ടെ, നല്ല കോളായിരിക്കും എല്ലാത്തിനും' എന്നാണ് പറയുക.
ഉപ്പ അന്നൊക്കെ അഞ്ചു രൂപയുടെ പുതിയ നോട്ട് (ഞങ്ങളുടെ ഭാഷയിൽ കൊള്ളിനോട്ട്) ബാങ്കിൽനിന്ന് വാങ്ങിക്കൊണ്ടുവന്ന് ഞങ്ങൾക്കും കുടുംബത്തിലെ മറ്റു കുട്ടികൾക്കും തരുമായിരുന്നു. കിട്ടിയ സകാത്ത് പൈസകളൊക്കെ പടക്കം പൊട്ടിച്ചും മറ്റും തീർത്താലും അവസാനം ബാക്കിയുണ്ടാവാറുള്ളത് ഉപ്പ തന്ന നോട്ട് മാത്രമാണ്. ഒരു മടക്കുപോലും വരുത്താതെ ഡയറിയിലോ നോട്ട് ബുക്കിലോ െവച്ചിട്ടുണ്ടാകും.
അന്ന് സകാത്തിന് അങ്ങോട്ടു പോകാതെ ഇങ്ങോട്ട് കൊണ്ടുത്തരുന്ന ഏക വ്യക്തി 'വള്ളിൽ നബീസ്ത' എന്ന അയൽവാസി ആയിരുന്നു. കുട്ടികളെ എല്ലാവരെയും അടുത്ത് വിളിച്ചു കോന്തലയിൽ നിന്നും ഓരോ രൂപയുടെ നാണയങ്ങൾ എടുത്ത് ഞങ്ങൾക്ക് തരും. അവർ ഇന്ന് ജീവിച്ചിരിപ്പില്ല.
പ്രവാസലോകത്ത് ഉമ്മയെയും ഉമ്മാെൻറ കൈപുണ്യത്തിൽ രുചിയോടെ ഉണ്ടാക്കുന്ന മലബാർ വിഭവങ്ങളായ ഉന്നക്കായ, തരി, ഇറച്ചിപ്പത്തൽ, കല്ലുമ്മക്കായ നിറച്ചത്, കുഞ്ഞിപ്പത്തൽ, അരികിൽ ഞൊറിവുകളിട്ട പുഴുങ്ങപ്പത്തൽ തുടങ്ങിയ കൊതിയൂറുന്ന വിഭവങ്ങൾ മിസ് ചെയ്യുന്നു.ഇത്തവണ പല കാരണത്താൽ നീണ്ടുപോയ പ്രവാസം നഷ്ടപ്പെടുത്തിയത് തുടർച്ചയായി നാട്ടിലെ മൂന്നു റമദാനും സ്നേഹനിധിയായ ഉമ്മാമയെയുമാണ്. ഇനി നാട്ടിൽ പോയാൽ ബാല്യകാല കഥകൾ ഓർമിപ്പിച്ചുതരാൻ ഉമ്മാമ ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.