അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും..
text_fieldsഎല്ലാവരും തിരക്കിെൻറ ലോകത്താണ്. സ്വന്തം കാര്യം നോക്കാനുള്ള ഒാട്ടം. കുടുംബത്തെ കരപറ്റിക്കാനുള്ള പ്രയത്നം. അതിനിടയിൽ മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പലർക്കും സമയം കിട്ടാറില്ല. എന്നാൽ സ്വന്തം തിരക്കുകൾ മറന്നും സമയം കണ്ടെത്തി, മറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷിക്കുകയും കാരുണ്യത്തോടെ പെരുമാറുകയും അന്യരുടെ ആവശ്യങ്ങൾ ചോദിച്ചറിയുകയും ചെയ്യുന്ന ചിലരുണ്ട്. അത്തരം ആളുകളെ കുറിച്ച് നമുക്കോരോർത്തർക്കും ഒാർമകൾ പങ്കുവെക്കാനുണ്ടാകാം. അത്തരമൊരാളായിരുന്നു ഞങ്ങളുടെ സ്ഥാപനത്തിെൻറ ഡയറക്ടർ അന്തരിച്ച ശൈഖ് ഖലീഫ ബിൻ മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫ. നോമ്പുകാലത്ത് അദ്ദേഹം സ്ഥാപത്തിൽ വരുേമ്പാൾ കൈയിൽ അനേകം സാധനങ്ങൾ ഉണ്ടാകാം.
അതെല്ലാം വിവിധ ഭക്ഷണ സാധനങ്ങൾ ആയിരിക്കും. അതെല്ലാം സ്ഥാപനത്തിലെ ജീവനക്കാർക്കും അവരുടെ കുടുംബത്തിനും ഉള്ളതാണ്. പുഞ്ചിരിയോടെ അത് അദ്ദേഹം വിതരണം ചെയ്യും. സുഖവിവരങ്ങൾ അന്വേഷിക്കും. ചിലപ്പോൾ ആ പുഞ്ചിരിക്ക് ആകർഷണീയത കൂടുതലാണന്നും തോന്നിയിട്ടുണ്ട്. നൻമയുള്ളവർക്ക് മറ്റുള്ളവരുടെ മനസുകളെ കൂടുതൽ കുളിർപ്പിക്കാൻ കഴിയും എന്നതായിരിക്കും അതിലെ സത്യം. മറ്റൊരു കാര്യത്തിലും എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. പകൽ വ്രതം നോക്കുേമ്പാഴും സ്വന്തം വിശപ്പിനെ കുറിച്ച് വേവലാതിപ്പെടാതെ, മറ്റുള്ളവരുടെ വിശപ്പകറ്റണം എന്ന് താൽപ്പര്യപ്പെടുന്നതിലെ ആ ചിന്താഗതിയെ കുറിച്ച്. അത് മനുഷ്യ നൻമയാണ്. ദൈവത്തിന് ഇഷ്ടപ്പെട്ട മാർഗമാണന്ന് ഞാൻ വിശ്വസിക്കുന്നു. ആ മഹാൻ ഇന്ന് ജീവിപ്പിരിപ്പില്ലെങ്കിലും അദ്ദേഹത്തിനെ കുറിച്ചുള്ള നൻമ കലർന്ന ഒാർമകൾ ധാരാളമാണ്.
നോമ്പിനെ കുട്ടിക്കാലത്ത് നോമ്പിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ അവസരം ലഭിച്ചിട്ടില്ല. പ്രവാസിയായശേഷമാണ് അതിെൻറ നൻമ കലർന്ന അനുഭവങ്ങൾ മനസിലാക്കാൻ കഴിഞ്ഞത്. ഞങ്ങളുടെ സാംസ്കാരിക സംഘടനയായ ‘സംസ്കാര’യുടെ നേതൃത്വത്തിൽ എല്ലാ വർഷവും നോമ്പ് തുറ നടത്താറുണ്ട്. ഇതിൽ പുറമേ നിന്നും ധാരാളം മുസ്ലീം സഹോദരങ്ങൾ പങ്കെടുക്കാറുണ്ട്. വ്രതവിശുദ്ധിയോടുകൂടി വരുന്ന സഹോദരങ്ങൾക്ക് ആദ്യം നോമ്പ് തുറക്കാൻ സൗകര്യം ഒരുക്കുകയും അതിന് ശേഷം നമസ്കാരത്തിനുശേഷം മറ്റുള്ളവർ കൂടിചേർന്ന് സൗഹൃദം പങ്കുവെച്ച് ഭക്ഷണം കഴിക്കുന്നു. അതിനെല്ലാം അഗാധമായ മനുഷ്യ സ്നേഹം ഉണ്ടെന്നതാണ് എെൻറ കാഴ്ചപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.