പങ്കുവെക്കലിെൻറ നോമ്പനുഭവങ്ങൾ
text_fieldsഞാൻ ജനിച്ചു വളർന്നത് ആലപ്പുഴ ജില്ലയിലെ എരിക്കാവ് എന്ന ചെറിയ ഗ്രാമത്തിലാണ്. എെൻറ വീടിനു സമീപം മുസ്ലിം കുടുംബങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പകാലത്ത് എനിക്ക് റമദാൻ നോമ്പിനെ കുറിച്ച് നേരിട്ട് വലിയ അറിവുകൾ ഇല്ലായിരുന്നു. എെൻറ അച്ഛൻ സ്കൂൾ ടീച്ചർ ആയിരുന്നു. അച്ഛൻ പഠിപ്പിച്ചിരുന്ന സ്കൂൾ മുസ്ലിം കുടുംബങ്ങൾ ധാരാളമുള്ള സ്ഥലത്ത് ആയിരുന്നു. അങ്ങനെ അച്ഛനിൽനിന്നാണ് കുട്ടിക്കാലത്ത് റമദാൻ നോമ്പിനെ കുറിച്ച് അറിയുന്നത്.
എെൻറ സ്കൂൾ പഠനകാലം ക്രിസ്ത്യൻ കോൺവെൻറ് സ്കൂളിൽ ആയതുകൊണ്ടും റമദാൻ നോമ്പിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചിരുന്നില്ല. നോമ്പിനെക്കുറിച്ച് കൂടുതൽ അറിയുന്നതും മനസ്സിലാക്കിയതും എെൻറ വിവാഹശേഷമാണ്. വിവാഹം കഴിഞ്ഞ് എത്തിച്ചേർന്ന പല്ലന ഗ്രാമം മുസ്ലിംകളും ഹിന്ദുക്കളും ധാരാളമുള്ള പ്രദേശമാണ്. റമദാൻ മാസം തുടങ്ങാറാകുമ്പോൾ തന്നെ അതിെൻറ കാര്യങ്ങൾ അയലത്തുള്ള മുസ്ലിം കുടുംബങ്ങളിൽനിന്ന് അറിയുമായിരുന്നു. നോമ്പ് പിടിക്കുന്നതിെൻറ പ്രാധാന്യവും നോമ്പ് വിഭവങ്ങൾ തയാറാക്കുന്നതും മറ്റും ഹസീനാത്തയും ഖദീജാത്തയും പറഞ്ഞുതന്നിരുന്നു.
നോമ്പ് തുടങ്ങിക്കഴിഞ്ഞാൽ പലദിവസങ്ങളിലും വൈകുന്നേരം നോമ്പുതുറ വിഭവങ്ങൾ വീട്ടിൽ കിട്ടാറുണ്ടായിരുന്നു. പെരുന്നാളിെൻറ ദിവസം രാവിലെ പെരുന്നാൾ വിഭവങ്ങളും എത്തിയിരുന്നു. സ്നേഹത്തോടുകൂടി അവർ അതൊക്കെ കൊണ്ടുവന്നത് എനിക്ക് ഒരു പുതിയ അനുഭവം തന്നെയായിരുന്നു. പരസ്പര സഹകരണത്തിെൻറയും പങ്കുവെക്കലിെൻറയും സ്നേഹം അതിൽ കാണാമായിരുന്നു. ഞാൻ ആദ്യമായി ഇഫ്താറിൽ പങ്കെടുത്തത് ഭർത്താവിെൻറ കൂട്ടുകാരെൻറ വീട്ടിലായിരുന്നു.
ബഹ്റൈഹനിൽ വന്നതിനുശേഷം ധാരാളം ഇഫ്താറിൽ പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്. ഞങ്ങളുടെ ഫ്ലാറ്റിലെ കുടുംബങ്ങളിൽനിന്ന് ഇഫ്താർ വിഭവങ്ങൾ കിട്ടിയിട്ടുണ്ട്. അതിൽ എെൻറ മനസ്സിൽ കൂടുതൽ സ്പർശിച്ചത് തൊട്ടടുത്ത ഈജിപ്ഷ്യൻ കുടുംബം തന്ന നോമ്പുതുറ -പെരുന്നാൾ വിഭവങ്ങൾ ആണ്.
ഈ വർഷം കോവിഡ്-19 എന്ന മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്ന അസാധാരണമായ ഒരവസ്ഥയിൽകൂടിയാണ് റമദാൻ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ മുൻകാലങ്ങളിലെപ്പോലെ സമൂഹ നോമ്പുതുറയും പള്ളികളിലെ നമസ്കാരവും ഇല്ലാത്ത ഒരു അവസ്ഥയാണ്. ലോകത്തെ മുഴുവൻ ആളുകളുടെയും ജീവിതചര്യ മാറ്റിമറിച്ച കോവിഡ്-19 എന്ന മഹാമാരിയെ നമ്മൾ അതിജീവിക്കും. അതിനുവേണ്ടിയുള്ളതാകട്ടെ ഈ വർഷത്തെ റമദാൻ നോമ്പ് പ്രാർഥനകൾ. ഉള്ളവനും ഇല്ലാത്തവനും ദൈവത്തിെൻറ മുന്നിൽ ഒന്നാണെന്നും ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കാനും പഠിപ്പിക്കുന്ന റമദാനിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.