വേർപാടിൻ നോവേറ്റുനീറുന്നൊരു റമദാൻ
text_fieldsഎെൻറ നോമ്പോർമകളുടെ താളുകൾ മറിക്കുമ്പോൾ, കടലും കടന്നങ്ങു ദൂരെ പൂരങ്ങളുടെ നാടായ തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം പഞ്ചായത്തിലെത്തണം. അവിടെ മന്ദലാംകുന്ന് എന്ന കുഞ്ഞു ഗ്രാമത്തിലേക്ക് ചെന്നുകയറിയാൽ തറവാട്ടുവളപ്പിലെ വേപ്പ് മരങ്ങളും മൂവാണ്ടൻമാവും ആഞ്ഞിലിയും നെല്ലിയും ഒരുക്കിയ തണലിൽ ചെന്നിരുന്ന് പതിയെ ഓർമകളുടെ ചെപ്പ് തുറക്കണം. ആഴ്ചകൾക്കു മുേമ്പതന്നെ ഒരുക്കങ്ങളും ആരവങ്ങളുമായി വീടാകെയൊരു ബഹളമാക്കി വന്നുചേരുന്ന പോയകാല റമദാൻ മാസങ്ങൾക്ക് മധുരമേറെയാണ്. ഉമ്മാെൻറ സഹായികളായി വരാറുള്ള ഇത്താത്തമാരോടൊപ്പം ചേർന്ന് വീടും പരിസരവും വൃത്തിയാക്കലും വീടിനകത്തെ ബെഡ്ഷീറ്റും പുതപ്പും ജനാലയിലെ കർട്ടനും തുടങ്ങി അടുക്കളയിലെ കൊച്ചു പലക വരെ കഴുകി ഉണക്കി പുത്തൻ ഉണർവോടെ നോമ്പിനെ സ്വീകരിക്കാൻ തയാറാവും.
നോമ്പിെൻറ തലേന്നാൾ ലിസ്റ്റ് പ്രകാരം മുത്തലിക്കയും പപ്പയും ചേർന്ന് ചാവക്കാട് അങ്ങാടിയിൽനിന്ന് കൊണ്ടുവന്ന വീട്ടുസാധനങ്ങൾ അനിയത്തിമാരോടൊപ്പം ഓരോരോ പാത്രങ്ങളിലാക്കി വൃത്തിയോടെ അടുക്കി വെക്കാൻ നല്ല ആവേശമാണ്. അപ്പോഴേക്കും ഉമ്മയും ഉമ്മയെ സഹായിക്കാൻ വരുന്ന താത്താമാരും മറ്റു പണികളുടെ തിരക്കിലാവും. ഒടുവിൽ പുലർച്ച അത്താഴത്തിനുള്ള ചോറും കറിയും വരെ തയാറാക്കിയിട്ടേ താത്തമാർ പോകാറുള്ളൂ.
ഒന്നാം നോമ്പിെൻറ തലേ രാത്രി ഉറങ്ങാനേ കഴിയില്ല. മനസ്സ് നിറയെ അത്താഴവും ഉമ്മയുടെ വിളിയൊച്ചയും പപ്പയുടെ ചിട്ടവട്ടങ്ങളും വന്നുനിറയും. ഒടുവിലെപ്പോഴോ ഉറക്കംതൂങ്ങിയ കണ്ണുമായി അടുക്കളയിൽ വന്നിരുന്ന് അത്താഴവും കഴിച്ച് കൂടെ നിയ്യത്ത് പോലെ നിർബന്ധമായ ചെറുപഴവും കഴിച്ച് വീണ്ടും പുതപ്പിനുള്ളിലേക്ക് ഊർന്നിറങ്ങും. രാവിലെ ഉമ്മയുടെ ഒച്ച കേട്ടുണർന്നാൽ പിന്നെ നോമ്പുതുറയെക്കുറിച്ചാവും ചർച്ച. ഇടക്ക് നമസ്കാരവും ഖുർആൻ പാരായണവും ഓർമിപ്പിച്ചുകൊണ്ട് പപ്പ കടന്നുവരും.
ഇഫ്താറിന് ഇന്നത്തെപ്പോലെ പൊരിക്കടികൾ ആയിരുന്നില്ല. കാരക്കയും നാരങ്ങാവെള്ളവുംകൊണ്ട് നോമ്പുതുറക്കും. മഗ്രിബ് നമസ്കാരശേഷം റവ കാച്ചിയതും തേങ്ങാപ്പാലിൽ കുതിർത്ത പത്തിരിയും മീൻ കറിയും ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളായിരുന്നു. ഇഫ്താർ കഴിഞ്ഞ് പള്ളിയിൽ പോയി ഇശാ നമസ്കാരവും തറാവീഹും നമസ്കരിച്ച് വരുന്ന പപ്പക്ക് ഇളംചൂടോടെ ഉമ്മ ജീരകക്കഞ്ഞി വിളമ്പുന്നുണ്ടാവും. അവസാനത്തെ പത്തിലേക്ക് കടക്കുമ്പോൾ പെരുന്നാൾ ഒരുക്കങ്ങളും സകാത് കൊടുക്കലുമായി തിരക്കേറിവരും. പെരുന്നാൾ അടുത്താൽ വളക്കച്ചവടക്കാരുടെ വരവായി വീട്ടിൽ. പെരുന്നാൾ വസ്ത്രത്തിന് ചേരുന്ന കുപ്പിവളയും മുത്തുമാലയും തിരഞ്ഞെടുത്ത് അലമാരയിലെ വസ്ത്രങ്ങൾക്കിടയിൽ സൂക്ഷിച്ചുവെക്കും.
നോമ്പുമാസത്തിലെ പുണ്യങ്ങളാൽ സമ്പന്നമായ ഇരുപത്തിയേഴാം രാവിന് ഒരുക്കങ്ങൾ ഇരട്ടിയാണ്. അന്ന് ഞങ്ങൾ മക്കൾ നാലുപേർക്കും പപ്പ ചില്ലറ പൈസ നാലായി വീതിച്ചുതരും. വീട്ടിൽ വരുന്ന കുട്ടികൾക്ക് സകാത് കൊടുക്കുന്ന ജോലി ഞങ്ങളുടേതാണ്. നിധിപോലെ സൂക്ഷിക്കുന്ന ഈ പോയകാല ഓർമകളെ പകർത്തുമ്പോൾ ചുണ്ടുകൾ വിതുമ്പുന്നുണ്ട്, നെഞ്ചിനുള്ളിൽ വേർപാടിെൻറ വിങ്ങലും ഗദ്ഗദവുമായി എെൻറ തറവാടും പൊള്ളുന്നുണ്ട്. മുറ്റത്തെ വേപ്പുമരവും മാവും ആഞ്ഞിലിയും വാപ്പയുടെ കാലൊച്ച കാതോർക്കുന്നത് എനിക്ക് കാണാം. ഉമ്മറപ്പടിയിൽ അന്നം തേടിയെത്തുന്ന കിളിക്കൂട്ടവും പ്രിയപ്പെെട്ടാരു സാമീപ്യം തിരയുന്നതും അറിയുന്നുണ്ട്. വാപ്പ പോയ വഴിയേ വന്നെത്തിയ ആദ്യത്തെ റമദാൻ ദിനങ്ങൾ ഓരോന്നും വിരഹ വേദനയാൽ നീറുന്നു.
മഹാമാരി കാലത്തു വന്നുചേർന്ന ഈ പുണ്യമാസവും കൊട്ടിയടക്കപ്പെട്ട പടച്ചോെൻറ ഭവനങ്ങളിലേക്ക് നോക്കി നെടുവീർപ്പുകൾ പൊഴിക്കുന്നുണ്ട്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.