കദീശുമ്മയുടെ പെരുന്നാൾ കുപ്പായം
text_fieldsറമദാൻ കാലം ജീവിതത്തിൽ മറക്കാൻ പറ്റാത്ത കുറെ നല്ല ഓർമകളുടെ കാലമാണ്. അത് ഇവിടെ പ്രവാസത്തിലായാലും നാട്ടിലായാലും. നോമ്പുകാലത്തിെൻറ ഏറ്റവും മധുരമുള്ള ഓർമകൾ എെൻറ ബാല്യകാലത്തിലേതാണ്. കുട്ടിക്കാലത്ത് നോമ്പ് മാസം തുടങ്ങിയാൽ ഞങ്ങൾ കുട്ടികൾ പെരുന്നാളാകാനാണ് കാത്തിരിക്കുക. കാരണം പെരുന്നാളിെൻറ അന്ന് അടുത്തടുത്തുള്ള മുസ്ലിം സഹോദരന്മാരുടെ വീടുകളിൽനിന്ന് ഞങ്ങൾ കുട്ടികൾക്ക് പെരുന്നാൾ പൈസ തരും. ഇത് ഞങ്ങളുടെ പ്രദേശത്തുള്ള ഒരു സ്നേഹത്തിെൻറ കൊടുക്കൽ വാങ്ങലാണ്. നോമ്പിന് സകാത് കൊടുക്കുന്നതുപോലെ പെരുന്നാളിെൻറ അന്ന് ഇതരമതത്തിൽപെട്ട സഹോദരങ്ങൾക്ക് ഇങ്ങനെ ഉടുതുണിയും പൈസയുമൊക്കെ സമ്മാനങ്ങളായി കൊടുത്തിരുന്നു.
വീട്ടിൽ നല്ല അരി വറുത്തിടിച്ച് തേങ്ങയൊക്കെ ചേർത്ത് വലിയ അരിയുണ്ട ഉണ്ടാക്കും അമ്മ. അത് വീതംവെച്ച് അടുത്ത വീടുകളിൽ പെരുന്നാളുകാർക്ക് പങ്കുവെക്കും. പരസ്പരസ്നേഹത്തിെൻറ ചില നിറമുള്ള ഓർമകളാണ് അതൊക്കെ. പെരുന്നാൾദിനം പുലർച്ചതന്നെ കുളിയൊക്കെ കഴിഞ്ഞ് ഉള്ളതിൽവെച്ച് ഏറ്റവും നിറമുള്ള കുപ്പായവും അണിഞ്ഞ് ഞങ്ങൾ കുട്ടികൾ ഒരു പോക്കുണ്ട്, പെരുന്നാൾ പൈസക്ക്. ആദ്യം പോകുക തൊട്ടടുത്ത കദീശുമ്മയുടെ അടുത്താണ്. എല്ലാവർക്കും ചില്ലറ പൈസയൊക്കെ കൊടുക്കുമ്പോൾ എനിക്ക് നല്ല പെടപെടക്കുന്ന നോട്ടാണ് തരുക. ആ നോട്ടുകൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്തറിെൻറ മണമാണ്. പൈസയും തന്ന്, പള്ളനിറച്ച് ബിരിയാണിയും തിന്നിട്ടേ അവിടുന്ന് വിടുകയുള്ളൂ. അന്നത്തെ കാലത്ത് ഒരു ബിരിയാണി തിന്നണമെങ്കിൽ ഇങ്ങനെ വല്ല വിശേഷവും വേണമായിരുന്നു. കദീശുമ്മക്ക് എന്നെ അത്രമേൽ ഇഷ്ടമായിരുന്നു.
ഞങ്ങൾ അന്ന് സാമ്പത്തികമായി വലിയ വിഷമത്തിലാണെന്ന് കദീശുമ്മക്ക് അറിയാമായിരുന്നു. വലുതായപ്പോഴും എനിക്ക് കുപ്പായത്തുണിയായും പുസ്തകം വാങ്ങാനുള്ള പൈസയായും ആ ഉമ്മ എന്നെ സഹായിച്ചുകൊണ്ടേയിരുന്നു. കാലങ്ങൾ കഴിഞ്ഞ് ഒരു തുന്നൽക്കാരൻ ആയപ്പോൾ കദീശുമ്മക്ക് കുപ്പായങ്ങളും നമസ്കാരക്കുപ്പായവും തുന്നിയതും ഞാൻ തന്നെയായിരുന്നു എന്നതും യാദൃച്ഛികം. പിന്നീട് അന്നംതേടി പ്രവാസത്തിലേക്ക് ചേക്കേറിയപ്പോഴും ഓരോ അവധിക്ക് നാട്ടിൽ എത്തുമ്പോഴും ആദ്യം കദീശുമ്മയെ കണ്ടതിനുശേഷം മാത്രമേ ഞാൻ എെൻറ വീട്ടിൽ കയറാറുള്ളൂ. കാലം എത്ര കഴിഞ്ഞാലും അന്ന് കദീശുമ്മ കെെവെള്ളയിൽ വെച്ചുതന്ന ആ ഒരുരൂപ നോട്ടും അതിെൻറ മണവും ഇന്നും എന്നിൽ തങ്ങിനിൽക്കുന്നുണ്ട്. കദീശുമ്മ ഇന്നില്ല. ഈ പുണ്യമാസത്തിൽ ഇങ്ങനെ ഒരു കുറിപ്പെഴുതുമ്പോൾ ആ സ്നേഹനിധിയായ ഉമ്മാനെയല്ലാതെ വേറെ ആരെ ഓർക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.