വറുതിക്കാലത്തെ നോമ്പോർമകൾ
text_fieldsവൈകീട്ട് നാലു മുതൽ ആറു വരെ സർക്കാറിെൻറയും സന്നദ്ധ സംഘടനകളുടെയും മൂന്നു വാഹനങ്ങളെങ്കിലും സൗജന്യ ബിരിയാണി വിതരണം നടത്താത്ത റോഡുകൾ ബഹ്റൈൻ പ്രവാസി ഏരിയകളിൽ ഇല്ല. ഈ പവിഴദ്വീപിൽ ജാതി-മതഭേദെമന്യേ ഒരാൾ പോലും ഈ പ്രതിസന്ധി കാലത്ത് ഭക്ഷണം ലഭിക്കാത്തവരായി ഉണ്ടാകില്ലെന്ന് നിസ്സംശയം പറയാം. എന്നു മാത്രമല്ല ഒത്തിരി ഭക്ഷണം വേസ്റ്റ് ആകുന്നുണ്ടെന്നും ദുഃഖത്തോടെ പറയേണ്ടി വരും.അതേസമയം, ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും ലോകത്തിെൻറ മറ്റു പല രാജ്യങ്ങളിലും പച്ചവെള്ളംകൊണ്ടുമാത്രം നോമ്പുതുറക്കുന്ന വാർത്തകളും ഫോട്ടോകളും കാണുമ്പോൾ ഹൃദയത്തിൽ കരുണയുള്ളവർക്ക് സങ്കടം അണപൊട്ടും.ഈ രണ്ട് കാഴ്ചകളും കണ്ടപ്പോഴാണ് എഴുപതുകളിലെ നോമ്പുകാലം ഓർമയിൽ തെളിയുന്നത്. ശരിക്കും ഇന്ന് ഉത്തരേന്ത്യൻ സാധുക്കളുടെ അവസ്ഥയായിരുന്നു അന്ന് കേരളത്തിലെ മിക്കവാറും കുടുംബങ്ങളിൽ. റമദാനിലെ കൂടുതൽ ദിവസങ്ങളിലും ഉമ്മയുടെ വീട്ടിലാകും. കൃഷിയുള്ള ഉമ്മയുടെ തറവാട്ടിൽ നിന്നായിരുന്നു അത്യാവശ്യം അരിയൊക്കെ ലഭിച്ചിരുന്നത്. അരിക്കലം കാലിയാകുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിെൻറ കഥയിലെ പാത്തുമ്മയെപ്പോലെ ഉമ്മ ഞങ്ങളെയും ആടിനെയും ഒക്കെ കൂട്ടി രണ്ട് കി.മീ ദൂരമുള്ള വല്യുമ്മയുടെ വീട്ടിലേക്ക് പോകും.
ഉമ്മ തറവാട്ടിലെ മൂത്ത മകൾ ആയതു കൊണ്ടും ഞങ്ങൾ ആദ്യത്തെ പേരക്കുട്ടികൾ ആയതു കൊണ്ടും വല്യുമ്മാക്കും മാമാമാർക്കും എേളമ്മമാർക്കും അമ്മായിമാർക്കും ഞങ്ങളെ ഏറെ പ്രിയമായിരുന്നു. ഞങ്ങളും ആടും അവിടത്തെ പശുക്കളും ഒക്കെ കൂടി പിന്നെ അവിടെ ഒരു ബഹളമായിരിക്കും.അക്കാലത്ത് വല്യുമ്മയുടെ വീട്ടിൽ പോക്ക് ഞങ്ങൾക്ക് പെരുന്നാൾ വരുന്ന പോലെ സന്തോഷകരമായിരുന്നു. അവിടെനിന്ന് സ്കൂളിൽ പോകാനും എളുപ്പമാണ്. പോരാത്തതിന് ഇളയ മാമ എെൻറ കൂട്ടുകാരനുമായിരുന്നു. പിന്നെ അവിടെ ഇടക്ക് റാത്തീബും മൗലൂദുമൊക്കെ ഉള്ളതുകൊണ്ട് നല്ല ശാപ്പാടും ലഭിക്കും.സ്കൂളിൽനിന്ന് വരുന്ന വഴി ഉപ്പാപ്പാടെ കുടുംബ ജാറത്തിൽ കേറി (ഇന്നത്തെ മന്നം ജാറപ്പടി) അവിടെ ഭക്തർ ഇടുന്ന പൈസ എടുത്ത് മിഠായി വാങ്ങുന്നത് ഞങ്ങളുടെ സ്ഥിരം പതിവാണ്. ചില ദിവസങ്ങളിൽ അഞ്ചു പൈസ. ഏറിയാൽ 15 പൈസ വരെ ലഭിക്കും. പ്രായശ്ചിത്തമായി സന്ധ്യാസമയത്ത് ഉപ്പാപ്പാടെ പേരിൽ ഒരു യാസീൻ ഓതിയാൽ മതിയെന്നാണ് വെപ്പ്.
ഇന്നത്തെ പോലെ സഹായ മനഃസ്ഥിതി ഉള്ള സമ്പന്നന്മാരൊന്നും അന്ന് നാട്ടിൽ ഉണ്ടായിരുന്നില്ല. അവർക്ക് പള്ളിയിലെയും നാട്ടിലെയും സ്ഥാനമാനങ്ങൾ മാത്രം മതിയായിരുന്നു. അക്കാലത്ത് പാവങ്ങൾക്ക് ആകെയുള്ള സഹായം പള്ളിയിലെ സാധുക്കഞ്ഞി വിതരണം മാത്രമായിരുന്നു.മിക്കവാറും ദിവസങ്ങളിൽ ഇരുനാഴി അരി ഇട്ടു വെച്ച് രണ്ടു നേരം എട്ട് പാത്രങ്ങളിൽ പങ്ക് വെച്ച് കഞ്ഞിവെള്ളം മാത്രം കുടിച്ച് നോമ്പ് പിടിക്കുന്ന ‘ഉമ്മ’ഇന്നും ഓർമകളിലെ നോവാണ്. മൂത്ത മകൻ ഞാനായതു കൊണ്ട് വെള്ളം കോരാനും മറ്റും ഉമ്മയെ സഹായിക്കുന്ന ജോലിയും എനിക്കായിരുന്നു. മുളക് ചമ്മന്തിയെക്കാൾ രുചിയുള്ള കറി വേറെയില്ലെന്നു വിശ്വസിച്ചിരുന്ന കാലം. വൈകീട്ട് പള്ളിയിൽനിന്ന് ലഭിക്കുന്ന ജീരകക്കഞ്ഞിയായിരുന്നു മിക്കവാറും കുടുംബങ്ങളുടെ ആശ്രയം.
കപ്പയും കാച്ചിലും താളും കെ.എസ് മൂത്താപ്പാടെ വീട്ടിൽനിന്ന് ഒഴിവാക്കുന്ന കായത്തൊണ്ടുകൊണ്ട് ഉണ്ടാക്കുന്ന ഉലർത്തും കൂടാതെ, ഇറച്ചിവെട്ടുകാരൻ മജീദിക്ക സൗജന്യമായി തരുന്ന പണ്ടവും കുടലുംകൊണ്ട് വെക്കുന്ന കറിയും ഒക്കെയാണ് അന്നത്തെ സ്പെഷൽ വിഭവങ്ങൾ. പക്ഷേ അന്നത്തെ ആ ഭക്ഷണത്തിെൻറ രുചി ഇന്ന് ഒരു മന്തിക്കും ബിരിയാണിക്കും ഇല്ലെന്നതും വലിയൊരു സത്യമാണ്. വല്യുമ്മ (ഉപ്പയുടെ ഉമ്മ) യായിരുന്നു, ഉമ്മാക്ക് സഹായി. കാച്ചിലും ചേമ്പും കപ്പയുമൊക്കെ കൃഷി ചെയ്യുന്നതും പറിച്ചെടുത്ത് അരിഞ്ഞു കൊടുക്കുന്നതും വല്യുമ്മയാണ്.അത്താഴം കഴിക്കാതെ, വിശപ്പും ദാഹവും സഹിക്കാൻ കഴിയാതെ, തുപ്പാനും മുഖം കഴുകാനുമെന്ന പേരിൽ (അന്ന് മുസ്ലിം കുട്ടികൾക്കുള്ള പ്രത്യേക ആനുകൂല്യമാണത്) ടീച്ചറോട് ചോദിച്ച് കുമാര വിലാസം സ്കൂളിലെ കിണറ്റിൽ നിന്നും ആരും കാണാതെ വെള്ളം കോരിക്കുടിച്ച വറുതിയുടെ ആ ബാല്യകാല നോമ്പോർമകൾ മരിക്കുന്നതു വരെ മറക്കാൻ കഴിയില്ല.
പഴയ കാലത്തെ ഇല്ലായ്മക്കഥകൾ എന്തിനാ നാട്ടുകാരെ അറിയിക്കുന്നതെന്ന് പലരും ചിന്തിച്ചേക്കാം. ആ നാളുകളുടെ നിറം മങ്ങാത്ത ഓർമകളാണ് ഹൃദയത്തിൽ കാരുണ്യവും ദയയും നിറക്കുന്നതും അഹങ്കാരത്തെ പടിക്ക് പുറത്ത് നിർത്താൻ സഹായിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.