ദൈവവുമായി കൂടുതൽ അടുക്കാനുള്ള അവസരം
text_fieldsപുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ നോമ്പ് ഈ വർഷത്തെ അവസാന നാളുകളിലൂടെ കടന്നുപോകുന്നു. ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലാണ് ഇത്തവണ നോമ്പ് എത്തിയത്. മനുഷ്യജീവിതത്തിൽ പ്രതിസന്ധി ഉണ്ടാകുന്നത് ദൈവവുമായി കൂടുതൽ അടുക്കാനുള്ള സമയമായി നമ്മൾ കാണണം. ഈ സമയത്ത് പ്രാർഥനക്കും പുണ്യകർമങ്ങൾ ചെയ്യുന്നതിനും കൂടുതൽ സമയം വിനിയോഗിക്കണം. മുൻകാലങ്ങളിൽ ഈ സമയം വിശ്വാസികൾ പ്രാർഥനക്കുവേണ്ടി പള്ളികളിലാണ് കൂടുതൽ സമയം വിനിയോഗിച്ചിരുന്നതെങ്കിൽ ഇത്തവണ വിശ്വാസികൾക്ക് അതിന് അവസരം ലഭിച്ചില്ല. എങ്കിലും, നമ്മൾ വസിക്കുന്ന സ്ഥലങ്ങൾ ആരാധനാലയമാക്കാനുള്ള അവസരമായി ഇതിനെ കാണണം. അതോടൊപ്പം സഹജീവികളെയും പരിഗണിക്കാൻ സമയം കണ്ടെത്തണം.
റമദാൻ നോമ്പ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം മനുഷ്യനെ ദുഷ്പ്രവൃത്തികളിൽനിന്ന് അകറ്റിനിർത്തി സൽപ്രവൃത്തികളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നു. വ്രതം മനുഷ്യന് ശാരീരികവും മാനസികവുമായ ആരോഗ്യം പ്രദാനം ചെയ്യുന്നു. ലോകാരോഗ്യ സംഘടനയും നമ്മുടെ ആരോഗ്യ വിദഗ്ധരും എപ്പോഴും ഓർമിപ്പിക്കുന്നത് സാമൂഹിക അകലം പാലിക്കണം എന്നാണ്. സാമൂഹിക അകലം എന്നുള്ളത് മാനസിക അകലം ആകരുത്. മറ്റുള്ളവരുടെ വിശപ്പിെൻറ വിളികേൾക്കാൻ നമ്മുടെ ഇന്ദ്രിയങ്ങൾ എപ്പോഴും തയാറാക്കണം. അയൽപക്കത്ത് തീ പുകയാത്ത അടുപ്പുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഇല്ലാത്തവെൻറ വിശപ്പിെൻറ വില മനസ്സിലാക്കാൻ കഴിയണം എന്നതാണ് നോമ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. വിശപ്പിെൻറ വില മനസ്സിലാക്കിയവന് സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായം ചെയ്യാനുള്ള മനഃസ്ഥിതി ഉണ്ടാകും എന്നതാണ് സത്യം. ഇൗ കോവിഡ് കാലം നമ്മെ പഠിപ്പിച്ചതും അതാണ്.
ഒരുമാസത്തെ വ്രതംകൊണ്ട് ഉദ്ദേശിക്കുന്നത് തുടർന്നുള്ള 11 മാസത്തെ ജീവിതത്തിനുള്ള പരിശീലനവും പ്രചോദനവും എന്നതാണ്. നമ്മുടെ നാട്ടിൽ എല്ലാ നോമ്പുകാലത്തും കുടുംബമായും സുഹൃത്തുക്കളുമായും ബന്ധുജനങ്ങളുമായും ഒന്നിച്ചുള്ള നോമ്പുതുറ ആയിരുന്നെങ്കിൽ, പ്രവാസലോകത്ത് എത്തിച്ചേർന്നപ്പോൾ അത് സാമൂഹിക നോമ്പുതുറ എന്ന രീതിയിലേക്ക് മാറി. വിവിധ ഭാഷകൾ സംസാരിക്കുന്ന ആളുകൾ പ്രഭാതം മുതൽ പ്രദോഷം വരെ നോമ്പ് നോൽക്കുകയും അതിന് ശേഷം ഒന്നിച്ചിരുന്നു നോമ്പ് തുറക്കുകയും ചെയ്യുന്ന ഒരു ശീലം നമ്മൾ ആർജിച്ചിരുന്നു. അതിന് പ്രവാസലോകത്തെ സാമൂഹിക സാംസ്കാരിക സംഘടനകളും വ്യവസായ സ്ഥാപനങ്ങളും മതസംഘടനകളും നേതൃത്വം നൽകിയിരുന്നു. എന്നാൽ, ഈ വർഷം അതിന് അവസരമില്ല. എങ്കിലും, നമ്മുടെ സഹോദരങ്ങൾക്ക് ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചുകൊടുക്കുന്നതിന് സംഘടനകൾ പ്രാധാന്യം നൽകുന്നു. ലോകം പുതിയ ഒരു സംസ്കാരം ജീവിതത്തിൽ പകർത്തിയ നോമ്പുകാലമാണ് നമ്മുടെ മുന്നിലുള്ളത്. ഈ പ്രതിസന്ധി കാലം ഉടനെ കഴിഞ്ഞുപോകാൻ നമുക്ക് പ്രാർഥിക്കാം. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം ഹൃദയങ്ങൾ തമ്മിൽ അടുക്കാനും അങ്ങനെ പുതിയ ഒരു ജീവിതസാഹചര്യം ഉണ്ടാകാനും ഈ നോമ്പും അത് കഴിഞ്ഞുവരുന്ന ചെറിയ പെരുന്നാളും ഇടയായിത്തീരട്ടെ എന്ന പ്രാർഥനകളോടെ കാത്തിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.