ഗോപാലേട്ടെൻറ കടയിലെ റോബസ്റ്റ പഴം
text_fieldsവറുതിയുടെ കാലം. നോമ്പിനുവേണ്ടി സഹിച്ച വിശപ്പും ദാഹവും നോമ്പല്ലാതിരുന്ന മാസങ്ങളിൽ അനുഭവിച്ചിരുന്ന കാലം. അതുകൊണ്ടുതന്നെ റമദാൻ എല്ലാം കൊണ്ടും അനുഗൃഹീതമായിരുന്നു. നോമ്പ് മുറിക്കുന്ന സമയത്തെ കുട്ടി നോമ്പുകാരൻ എന്ന പരിഗണന എല്ലാവരിൽ നിന്നും ലഭിച്ചിരുന്നു. ഇഫ്താർ മുതൽ ഇടയത്താഴം വരെ വയറുനിറയെ ഭക്ഷണം.
രാവിലെയായാൽ കൂട്ടുകാരോട് ചോദ്യമാണ്; നീ എത്ര നോമ്പെടുത്തു? അന്ന് നോമ്പെടുക്കാൻ മത്സരമായിരുന്നു. തൈക്കാവിലെ മൈക്കിലൂടെ ഖുർആൻ ഓതാനും ബാങ്ക് വിളിക്കുവാനും പരസ്പരം മത്സരമായിരുന്നു. ഉസ്താദ് പറയുന്ന ആളിനേ മൈക്കിലൂടെ ബാങ്ക് വിളിക്കാൻ പറ്റുമായിരുന്നുള്ളൂ. ഉസ്താദിെൻറ ശ്രദ്ധ പിടിച്ച്പറ്റിയിരുന്ന സമയങ്ങളിൽ എനിക്കും അതിനവസരം ലഭിച്ചിട്ടുണ്ടായിരുന്നു.
തൊട്ടടുത്ത തൈക്കാവിൽ (പള്ളി) ബാങ്ക് കൊടുക്കുന്നതിനായി മുഅദ്ദിൻ മൈക്ക് ടെസ്റ്റ് ചെയ്യുന്ന സൗണ്ട് കേൾക്കുമ്പോൾ ബാങ്ക് വിളിയെന്ന് തെറ്റിദ്ധരിച്ച് നോമ്പ് തുറന്നിരുന്ന കാലം. രാത്രിയിൽ വാപ്പയുടെ കൈ പിടിച്ച് തൊട്ടടുത്ത തൈകാപ്പള്ളിയിൽ ഇഷായും തറാവീഹും നമസ്കരിക്കുവാൻ പോകുമ്പോൾ വാപ്പയുടെ ഉപദേശം; 'മോൻ എല്ലാം റകഹത്തും നമസ്കരിക്കണം കേട്ടോ'. സമ്മതിച്ചുകൊണ്ട് തലയാട്ടി നടക്കുമ്പോൾ മനസ്സിൽ മുഴുവനും മൗലൂദിനുശേഷമുള്ള ഒജീനത്തെ (ഭക്ഷണം) കുറിച്ചുള്ള ചിന്തയായിരുന്നു. അന്നൊക്കെ രാത്രി പന്ത്രണ്ടു മണിവരെ നീളുന്ന തറാവീഹ് നമസ്കാരവും അതിനു ശേഷം മൗലൂദുമായിരുന്നു പതിവ്. മൗലൂദിെൻറ സമയമാകുമ്പോഴക്കും പള്ളി ഞങ്ങൾ കുട്ടികളെക്കൊണ്ട് നിറയുമായിരുന്നു. പള്ളിക്കകത്തു നമസ്കാരം നടക്കുമ്പോൾ ഞങ്ങൾ തൊട്ടടുത്ത മദ്റസാഹാളിലാണ് ഉണ്ടാവുക. ഒരുകൂട്ടർ കളിക്കുകയും മറ്റൊരു കൂട്ടർ ഉറങ്ങുകയോ ഉറക്കംനടിച്ചു കിടക്കുകയോ ആയിരുന്നു.
മൗലൂദിെൻറ ശബ്ദം കേട്ടാൽ ഞങ്ങൾ പള്ളിക്കകത്തു ഹാജരാകും. ഒരു കൂട്ടർ അതിന് മുന്നേ തന്നെ അവസാനത്തെ റകഹത് വിത്ർ നമസ്കാരത്തിന് ഹാജരാകും. ഇതെല്ലാം വീക്ഷിക്കുന്ന ഒരാളുണ്ടായിരുന്നു എന്ന് മനസ്സിലാക്കിയിരുന്നത് മൗലൂദിനു ശേഷമുള്ള ഭക്ഷണം വിളമ്പുമ്പോഴായിരുന്നു. എല്ലാ റകഹത്തും നമസ്കരിച്ചവർക്ക് കൂടുതലും അല്ലാത്തവർക്ക് കുറവും വിളമ്പും.
അന്നെനിക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചായിരുന്നു ഇഫ്താറും ശേഷം പള്ളിയിലെത്തിയാലുള്ള വികൃതികളും. അവെൻറ വാപ്പ ദിവസവും തറാവീഹിന് നമസ്കരിക്കുവാൻ പോകാറുണ്ടായിരുന്നത് അവരുടെ വീടിന് തൊട്ടടുത്ത പള്ളിയിലായിരുന്നു. ഞങ്ങൾ പോകുന്നത് എെൻറ വീടിനടുത്തുള്ള പള്ളിയിലും. ഒരുദിവസം ഞങ്ങൾ രാത്രിയിൽ പള്ളിയിൽ കയറാതെ കറങ്ങിനടന്നു. അന്ന് തൈക്കാവിലെ മൈക്ക് കേടായിരുന്നതുകൊണ്ട് മൗലൂദിെൻറ ശബ്ദം ഞങ്ങൾ കേട്ടിരുന്നില്ല. താമസിച്ച് എത്തിയതുകൊണ്ട് ഭക്ഷണവും കിട്ടിയില്ല.
അന്ന് അവെൻറ വീട്ടിലായിരുന്നു ഞാൻ ഉറങ്ങാൻ പോയിരുന്നത്. ഭക്ഷണം ഇല്ലാതെ വീട്ടിൽ എങ്ങനെ ചെല്ലും. ഞങ്ങൾ പരസ്പരം ചോദിച്ചു. അവസാനം ഒരു വഴി കണ്ടെത്തി. അടുത്തുള്ള ഗോപാലേട്ടെൻറ കടയിൽ നിന്നും ഈരണ്ട് റോബസ്റ്റ പഴം വാങ്ങി അവെൻറ വീട്ടിലെത്തി. അവെൻറ വാപ്പ പള്ളിയിൽനിന്ന് നമസ്കാരവും മൗലൂദും കഴിഞ്ഞ് വന്നിട്ട് രാത്രിയിലെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഞങ്ങൾ പഴം അവെൻറ ഉമ്മയെ ഏൽപിച്ചു. അപ്പോൾ വാപ്പയുടെ ചോദ്യം; 'ഈ പഴം നിങ്ങൾക്ക് എവിടുന്ന് കിട്ടി?' ഞങ്ങൾ പറഞ്ഞു; എെൻറ വീടിനത്തുള്ള പള്ളിയിൽ നിന്നാണെന്ന്. അവെൻറ വാപ്പ പതിവിന് വിപരീതമായി അന്ന് എന്റടുത്തുള്ള പള്ളിയിലാണ് നമസ്കരിക്കാൻ പോയിരുന്നതെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. അന്നവിടെ അവൽ നനച്ചതായിരുന്നു ഒജീനം. കള്ളം കണ്ടു പിടിച്ചതിലുള്ള ചമ്മലോടെയാണ് അന്ന് ഉറങ്ങാൻ കിടന്നത്.
വായനക്കാർക്ക് എഴുതാം
'റമദാൻ നൊസ്റ്റാൾജിയ'യിലേക്ക് വായനക്കാർക്കും എഴുതാം. റമദാൻ ഓർമ്മകളും അനുഭവങ്ങളും bahrain@gulfmadhyamam.net എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.