പാലയൂരിലെ നോമ്പുകാലം
text_fieldsനോമ്പുകാലത്തെ പൊതുവെ പഴമക്കാർ മൂന്നായാണ് തിരിച്ചിട്ടുള്ളത്; കുട്ടികളുടെ പത്ത്, വാല്യേക്കാരെ പത്ത്, മുതിർന്നവരുടെ പത്ത് എന്നിങ്ങനെയാണ് സാധാരണയായി നാട്ടിൻപുറങ്ങളിൽ പറയാറുള്ളത്.
അക്കാലത്ത് 27ാം രാവിന്റെ നോമ്പായിരുന്നു ഞാനുൾപ്പെടെയുള്ള കുട്ടികൾ പ്രധാനമായും നോറ്റിരുന്ന ഒരു നോമ്പ്. ബന്ധുക്കളിൽനിന്ന് കിട്ടുന്ന സകാത് കാശാണ് പിന്നീടുള്ള രണ്ട് മാസത്തെ പോക്കറ്റ് മണിയായി ഉപയോഗിച്ചുപോന്നിരുന്നത്.
നോമ്പുകാലത്തെ പ്രധാന ജോലികൾ വാല്യേക്കാരായ (ചെറുപ്പക്കാരായ ആളുകളെ ഞങ്ങളുടെ നാട്ടിൽ പറയുന്ന പേര്) ആളുകളുടെ സേവനപ്രവർത്തനങ്ങളിൽ ഒപ്പംകൂടി അവരുടെ സഹായിയായി മേനിനടിച്ചുനടക്കലാണ്.
അന്നത്തെ പ്രധാന ആകർഷണവും അതായിരുന്നു. സേവനസന്നദ്ധരായ ആളുകളെയാണ് നാട്ടിൽ എവിടെയും കാണാൻ സാധിക്കുക. പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്തും സാമ്പത്തികമായി ഇല്ലാത്തവരെ ഉള്ളവർ സഹായിക്കാൻവേണ്ട സകാത് കമ്മിറ്റികൾ ഉണ്ടാക്കിയും വലിയവർ തിരക്കുപിടിച്ചുനടക്കുന്ന കാഴ്ചകളാണ് എവിടെയും. ശരിക്കും എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്ന അനുഗ്രഹിക്കപ്പെട്ട മാസമായിരുന്നു റമദാൻ മാസം.
ഇതുകണ്ട് വളർന്നതിനാലാവും വലുതായാൽ ഒരു നോമ്പുകാലത്ത് എനിക്കും ഇത്തരം പ്രവൃത്തികൾ ചെയ്യാൻ കഴിയണം എന്ന ഒരാഗ്രഹം മനസ്സിന്റെയുള്ളിൽ തളിർത്തത്. കാലം വഴിമാറി കൗമാരത്തിൽനിന്ന് യൗവ്വനത്തിലെത്തിയ ഒരു നോമ്പുകാലം. എന്റെ ആഗ്രഹസാഫല്യത്തിനായി മനസ്സ് വെമ്പൽകൊള്ളുന്നത് കൂട്ടുകാരായ ഹാഷിഫ്, അൻസാരി, ലത്തീഫ് എന്നിവരോട് പങ്കുവെച്ചു. അങ്ങനെ അവരുടെകൂടി സഹായത്തോടെ അന്നത്തെ നോമ്പുകാലം പാലയൂർക്കാരുടെ മറക്കാനാവാത്ത നോമ്പുകാലമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. പാലയൂരിൽ ആദ്യമായി 300ൽപരം ആളുകളെ ഉൾപ്പെടുത്തി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചതും പൗരപ്രമുഖരുടെ സഹകരണത്തോടെ നാട്ടിലെ ഒട്ടുമിക്ക ആളുകൾക്കും അരി വിതരണം ചെയ്യാൻ കഴിഞ്ഞതും ഇന്നും ഓർമയിൽ നിറഞ്ഞുനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.