പടച്ചോനുമായി കൂട്ടുകൂടിയ നോമ്പുകാലം
text_fieldsനോമ്പിനെക്കുറിച്ചും നോമ്പുകാരെ കുറിച്ചും കൂടുതലായി അറിയുന്നത് ഹൈസ്കൂൾ വിദ്യാഭ്യാസകാലത്താണ്. ഓണത്തിന് സദ്യ തയാറാക്കുന്നതുപോലെ ബിരിയാണിയുണ്ടാക്കി സുഹൃത്തുക്കളെ ക്ഷണിക്കുന്നത് മാത്രമായിരുന്നു അതുവരെ പെരുന്നാൾ.
പാലക്കാട് പുതുനഗരത്തുള്ള മുസ്ലിം ഹൈസ്കൂളായ എം.എച്ച്.എസിൽ ആയിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. ഭൂരിഭാഗം സുഹൃത്തുക്കളും മുസ്ലിംകൾ. കോളജിലും മറിച്ചായിരുന്നില്ല. അന്നുമുതൽ ഇന്നുവരെയുമുള്ള ആത്മാർഥ സുഹൃത്തുക്കളും അവർ തന്നെ. നോമ്പെടുക്കുന്ന ഈ കൂട്ടുകാരോടുള്ള സാഹോദര്യമാണ് എന്നെ അതിലേക്ക് നയിച്ചത്. കൂട്ടുകാർ പകൽ മുഴുവൻ വെള്ളവും ഭക്ഷണവും ഇല്ലാതെ ഇരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ കഴിയില്ല എന്ന ചിന്തയിൽ നോമ്പെടുത്തു തുടങ്ങിയതാണ്.
പകലിലെ അന്നപാനീയങ്ങളും വൈകാരികാസ്വാദനങ്ങളും ഉപേക്ഷിച്ചു രാത്രികാലങ്ങളിൽ പ്രാർഥനയിലും ആരാധനയിലും മുഴുകി ഒരു മാസം മുഴുവനായും വ്രതം അനുഷ്ഠിക്കുന്നവരായിരുന്നു അവർ. അന്ന് കൂടുതൽ അടുപ്പമുണ്ടായിരുന്ന റസിയയുടെയും ആയിഷയുടെയും വീട്ടിലെ മുടങ്ങാത്ത പെരുന്നാൾ ബിരിയാണിയാണ് പ്രധാന ഓർമ. അവരുടെ ഉമ്മമാർ ആവി പറക്കെ വാത്സല്യത്തോടെ വിളമ്പിത്തന്ന ബിരിയാണി രുചി നാവിലുണ്ട്.
വർഷങ്ങളൊരുപാട് പിന്നിട്ടു. പക്ഷേ ആയിഷ, റസിയ, ഷാജിത, നസീമ, സുജാന, സബീന, നസി, റസീന തുടങ്ങി അന്നുണ്ടായിരുന്ന കൂട്ടുകാരുമായുള്ള ബന്ധവും നോമ്പെടുക്കലും ഇന്നും അണുവിട വ്യത്യാസമില്ലാതെ തുടരുന്നു.
ഓരോ മതവിശ്വാസികൾക്കും പ്രത്യേകമായി ആരാധന നിർണയിക്കപ്പെട്ടിട്ടുണ്ടെങ്കിലും മനുഷ്യനും സ്രഷ്ടാവും തമ്മിലുള്ള ആത്മബന്ധത്തിൽനിന്നാണ് ആരാധന അനുഷ്ഠിക്കപ്പെടേണ്ടത് എന്നാണ് വിശ്വാസം. അതിനാൽതന്നെ അമുസ്ലിമായ എനിക്ക് ഖുർആനും നോമ്പും അന്യമായില്ല. സ്വന്തം മതത്തിന്റെ ചിന്തകൾക്കും പ്രസ്താവനകൾക്കും ആരാധന സമ്പ്രദായങ്ങൾക്കുമുള്ളിൽ നിന്നുതന്നെ മറ്റു മതങ്ങളേയും അവരുടെ വിശ്വാസങ്ങളെയും ബഹുമാനിക്കണം.
പട്ടിണി മനസ്സിലാക്കാനും ഭൗതിക കാര്യങ്ങളിൽ മിതത്വവും ലാളിത്യവും നിയന്ത്രണവും കൈക്കൊള്ളാനും വ്രതാനുഷ്ഠാനം പ്രാപ്തരാക്കുന്നു. അതാണ് വ്രതങ്ങളും വിശ്വാസങ്ങളും മാനവകുലത്തിന് നൽകുന്ന പാഠവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.