റമദാൻ: പള്ളികളില്‍ ജുമുഅയും തറാവീഹും ആരംഭിക്കാന്‍ അനുമതി
text_fieldsമനാമ: റമദാനില്‍ പള്ളികളില്‍ ജുമുഅയും തറാവീഹും ആരംഭിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ അനുമതി നല്കി. ഇതിെൻറ അടിസ്ഥാനത്തില്‍ കോവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി ആരാധനകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോവിഡ് പ്രതിരോധ വാക്സിന് രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും കോവിഡ് മുക്തി നേടിയവര്‍ക്കും മാത്രമാണ് പ്രാർഥനയിൽ പെങ്കടുക്കാൻ കഴിയുക.
ജുമുഅ തുടങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് മാത്രമേ പള്ളികള്‍ തുറക്കൂ. ജുമുഅ കഴിഞ്ഞ് 20 മിനിറ്റിനുള്ളില്‍ അടക്കും. ഖുതുബ 10 മിനിറ്റില്‍ കൂടരുത്. ഖുതുബ പരിഭാഷകളോ മറ്റു കൂടിച്ചേരലുകളോ പാടില്ല. ഇശാ ബാങ്ക് വിളിച്ച് അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ നമസ്കാരം ആരംഭിക്കണം. ഇശാ നമസ്കാരം കഴിഞ്ഞയുടന്‍ തറാവീഹ് ആരംഭിക്കണം. രണ്ടും കൂടി 40 മിനിറ്റില്‍ കവിയരുത്. ആരാധനകളിൽ പെങ്കടുക്കുന്നവർ ബിവെയര്‍ ആപ് വഴി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നേരത്തേ അഞ്ചുനേരത്തെ നമസ്കാരം നിബന്ധനകള്‍ പാലിച്ച് നിര്‍വഹിക്കുന്നതിന് അനുമതി നല്‍കിയിരുന്നു.
കോവിഡ് നിബന്ധനകള്‍ പാലിച്ച് അഞ്ചുനേരത്തെ നമസ്കാരങ്ങള്‍ക്ക് പള്ളിയില്‍ മറ്റുള്ളവര്‍ക്ക് വരുന്നതിന് തടസ്സമില്ല. പള്ളികളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വളൻറിയര്‍മാരുടെ സഹായം തേടാം. പ്രായമായവരും രോഗങ്ങളുള്ളവരും വീട്ടില്‍ തന്നെ കഴിയണം. പള്ളിയില്‍ ഇഫ്താര്‍ സംഘടിപ്പിക്കാനോ ഇഅ്തികാഫ് ഇരിക്കാനോ അനുവാദമില്ല. പഠന ക്ലാസുകളും പ്രസംഗങ്ങളും അനുവദിക്കില്ല. ബാത്റൂം, വുദു എടുക്കുന്ന സ്ഥലം എന്നിവ അടച്ചിടുന്നത് തുടരും. പള്ളിക്ക് പുറത്ത് നമസ്കാരത്തിനോ അല്ലാതെയോ ടെൻറുകള്‍ കെട്ടരുത്.
സ്ത്രീകള്‍, 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവർ ജുമുഅ, ഇശാ, തറാവീഹ് എന്നീ നമസ്കാരങ്ങള്‍ക്ക് വരാന്‍ പാടില്ല. ഇശാ, തറാവീഹ് നമസ്കാരങ്ങള്ക്കായി മുഅദ്ദിനോ ഇമാമോ അറിയിപ്പുകള് നടത്താന്‍ പാടില്ല. സ്ത്രീകളുടെ നമസ്കാര സ്ഥലങ്ങള്‍, പള്ളിയോട് ചേര്‍ന്ന മജ്ലിസുകള് എന്നിവ പുരുഷന്മാര്ക്കായി നമസ്കാരത്തിന് ഒരുക്കേണ്ടതാണ്. ജുമുഅ നടത്തുന്ന പള്ളികളുടെ ലിസ്റ്റ് സുന്നി, ജഅ്ഫരി ഒൗഖാഫുകള് പുറത്തുവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.